
ചിത്രകല ആശയങ്ങളുടെ നിശബ്ദതയും കാഴ്ചയുടെ സംഗീതവുമാണെന്നു പറഞ്ഞത് നോബൽ സമ്മാന നേടിയ തുർക്കി സാഹിത്യകാരൻ ഒർഹാൻ പാമുക്കാണ്. തന്റെ അനുഭവങ്ങളെയും ചുറ്റുപാടുകളെയും കാഴ്ചയുടെ പുതുമയാർന്ന താളങ്ങളിൽ അവതരിപ്പിക്കാനുള്ള സമർപ്പണമാണ് പാറകൂടു സ്വദേശിയായ ബിനീഷിനെ വ്യത്യസ്തനാകുന്നത്.
ചെറുപ്പം തൊട്ടേ തന്റെ മേഖല തിരിച്ചറിയാനും തിരഞ്ഞെടുക്കാനും ഭാഗ്യം ലഭിച്ച അപൂർവം വ്യക്തികളിൽ പെടുത്താം ബിനീഷിനെയും. സ്കൂൾ കാലം തൊട്ടു തുടങ്ങിയ ചിത്രകലാ ജീവിതത്തിൽ, പല ആര്ട്ട് സ്കൂളുകളും ഇദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഫൈൻ ആർട്സ് ഡിപ്ലോമ പഠനവും കലാധ്യാപകനായി പ്രവർത്തിച്ച കുറഞ്ഞ കാലയളവും പല ചിത്രകലാ പാരമ്പര്യങ്ങളുമായും നൂതന പ്രവണതകളുമായും അടുത്ത പരിചയപ്പെടാൻ അദ്ദേഹത്തിന് സാധിച്ചു. പക്ഷെ ഒരു സ്വാധീനവും തന്റെ സൃഷ്ടികളിൽ നിഴലിക്കാതിരിക്കാനും സ്വതന്ത്രമായൊരു ശൈലി രൂപപ്പെടുത്താനും ബിനീഷ് കലാസപര്യയുടെ തുടക്കം മുതൽ ശ്രദ്ധിച്ചിട്ടുണ്ട്.

ഒരു പക്ഷെ ബിനീഷിന്റെ ക്യാൻവാസ്സുകളുടെ പുതുമയും ആകർഷണീയതയും നില നിർത്തുന്നത് അതി സൂക്ഷ്മമായ ഘടകങ്ങളെ പോലും പകർത്താനുള്ള സമർപ്പണ ബോധമായിരിക്കും. ഇദ്ദേഹത്തിന്റെ സർഗാവിഷ്കാരത്തിന് വലിയ പ്രചോദനമായി വർത്തിച്ചിട്ടുള്ളത് ചരിത്രശേഷിപ്പുകളും ചരിത്ര സംഭവങ്ങളുമാണ്. ഈ മേഖലയിൽ കൂടുതൽ അറിയാനും അവയെ തന്റെ സൃഷ്ടികളിലേക്കാവാഹിക്കുക എന്നതുമാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്നു ബിനീഷ് പറയുന്നു. കൂടാതെ തന്റെ ചിത്രങ്ങളുടെ മാത്രമായൊരു എക്സിബിഷൻ സംഘടിപ്പിക്കാനും ഉദ്ദേശമുണ്ട്.
ഏതൊരു കലാകാരന്റെയും പ്രചോദനം സമൂഹം നൽകുന്ന അംഗീകാരവും ആദരവുമാണ്. വളവന്നൂരിൽ നിന്നുള്ള ഈ കലാകാരനും സഹൃദയരുടെ പിന്തുണ തേടുകയാണ്.
സ്വന്തമായി കടുങ്ങാത്തുകുണ്ടു കേന്ദ്രമാക്കി ഒരു ഡിസൈൻ സ്ഥാപനം നടത്തുകയാണ് ബിനീഷ് ഇപ്പോൾ. തന്റെ കലാ ജീവിതത്തിൽ ഒരു തുടക്കക്കാരൻ മാത്രമാണെന്ന ബോധ്യമാണ് ഇദ്ദേഹത്തിന് സർഗാത്മകതയുടെ പുതുമയുടെ പുതിയ ലോകങ്ങൾ തേടാൻ പ്രോത്സാഹനമാകുന്നത്.
വളവന്നൂരിലെ ഈ കലാകാരന്റെ സർഗ്ഗ പ്രയാണത്തിൽ നമുക്കും പങ്കുചേരാം–പ്രചോദനമായി, സ്നേഹപൂർവമായ വിയോചിപ്പുകളായി, പ്രതീക്ഷകളായി, അല്ലെങ്കിൽ അവന്റെ ക്യാൻവാസിനൊരു കഥാപാത്രമായി.