മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ താനൂര്‍ ബ്ളോക്കിലാണ് വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962 ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ പഞ്ചായത്തിന് 15.28 ച.കി.മീ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പൊന്‍മുണ്ടം, കല്‍പകഞ്ചരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കല്‍പകഞ്ചരി, തിരുനാവായ പഞ്ചായത്തുകളും, തെക്കുഭാഗത്ത് തിരുനാവായ, തലക്കാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറിയമുണ്ടം, പൊന്‍മുണ്ടം, തലക്കാട് പഞ്ചായത്തുകളുമാണ്. 34109 വരുന്ന ജനസംഖ്യയില്‍ 20063 സ്ത്രീകളും, 14046 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ ജനതയുടെ മൊത്തം സാക്ഷരതാനിരക്ക് 88% ആണ്. പഞ്ചായത്തിന്റെ മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 12 പൊതുകിണറുകളും നിരവധി സ്വകാര്യകിണറുകളും പഞ്ചായത്തു നിവാസികള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. ധാരാളം പൊതുകുടിവെള്ള ടാപ്പുകളും ഇവിടെയുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയില്‍ 8 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. 114 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തില്‍ കുന്നിന്‍മണ്ട, കുന്നിന്‍ചെരിവ്, പാറപ്രദേശം, സമതലം എന്നിവ ഉള്‍പ്പെടുന്നു. ചെമ്മണ്ണ്, വെട്ടുകല്‍മണ്ണ്, ചെകിടിമണ്ണ്, മണല്‍കലര്‍ന്ന പശിമരാശിമണ്ണ് എന്നിവയാണ് പഞ്ചായത്തിലെ മണ്ണിന്റെ ഘടന. മുന്‍കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരുന്നത് നെല്‍കൃഷിക്കായിരുന്നു. നെല്ല്, വെറ്റില, തെങ്ങ്, കവുങ്ങ്, പയര്‍, ചീര, ജാതി എന്നിവയാണ് ഇന്നു കൃഷി ചെയ്തുവരുന്നത്. ഇന്ത്യയിലെ വെറ്റിലകൃഷിയുടെ ഒരു പ്രധാനഭാഗം കൃഷി ചെയ്യുന്നത് ഇവിടെയാണ്. 8 പൊതുകുളങ്ങളും, നിരവധി സ്വകാര്യ കുളങ്ങളും ഒട്ടനവധി കൈത്തോടുകളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷികമേഖലയുടെ പുരോഗതിക്ക് സഹായകമായിരിക്കും.
വിദ്യാഭ്യാസം
പഞ്ചായത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന ഓത്തുപള്ളികളാണ് പില്‍ക്കാലത്ത് സ്കൂളുകളായി രൂപാന്തരപ്പെട്ടത്. 1909-ല്‍ വളവന്നൂര്‍ നോര്‍ത്ത് എ.എം.എല്‍.പി.സ്കൂളിന്റെ സ്ഥാപനത്തോടെയാണ് ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തിന് പഞ്ചായത്തില്‍ തുടക്കം കുറിക്കുന്നത്. 2010 ല്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍മേഖലയില്‍ ഒരു ഹയര്‍സെക്കന്ററി സ്കൂളും രണ്ട് യു.പി.സ്കൂളുകളും 11 എല്‍.പി.സ്കൂളുകളും പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ സ്വകാര്യമേഖലയില്‍ ഒരു ഹയര്‍സെക്കന്ററി സ്കൂളും ഒരു പ്രൈമറി സ്കൂളും നിലവിലുണ്ട്. ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസസൌകര്യം ഒരുക്കികൊണ്ട് അന്‍സാര്‍ അറബിക് കോളേജും 2 ഐ.റ്റി.സി യും പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി വളവന്നൂരില്‍ പ്രവര്‍ത്തിക്കുന്നു. വളവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കന്‍മനം സര്‍വ്വീസ് സഹകരണബാങ്ക് എന്നിവ ഈ പഞ്ചായത്തിലെ സഹകരണ സ്ഥാപനങ്ങളാണ്. ദേശസാല്‍കൃത ബാങ്കായ കാനറാബാങ്കിന്റെ ഒരു ശാഖ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.സാമൂഹ്യസാംസ്കാരിക രാഷ്ട്രീയസദസ്സുകള്‍ക്കായി ഒരു ഓഡിറ്റോറിയം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. വൈദ്യുതിബോര്‍ഡിന്റെ ഓഫീസ് വളവന്നൂരില്‍ പ്രവര്‍ത്തിക്കുന്നു. രജിസ്ട്രാര്‍ ഓഫീസ്, കൃഷിഭവന്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയാണ് പഞ്ചായത്തില്‍ നിലകൊള്ളുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഒരു സ്വകാര്യ ഷോപ്പിംഗ് കോംപ്ളക്സാണ് സ്വകാര്യമേഖലയിലെ എടുത്തുപറയാവുന്ന സ്ഥാപനം. കടുങ്ങാത്ത്കുണ്ടില്‍ വില്ലേജ് ഓഫീസും കൃഷിഭവനും സ്ഥിതിചെയ്യുന്നു. പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് കല്‍പകഞ്ചരിയിലാണ്. അഞ്ച് തപാല്‍ഓഫീസുകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങാടി നിലകൊള്ളുന്നു. ടെലിഫോണ്‍ മേഖലയുടെ ഓഫീസ് കടുങ്ങാത്ത്കുണ്ടില്‍ സ്ഥിതിചെയ്യുന്നു.
ഗതാഗതരംഗം
1962 ല്‍ വളവന്നൂര്‍ പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ പുത്തനത്താണി-വട്ടത്താണി മെറ്റല്‍ റോഡ് മാത്രമാണ് ഗതാഗതത്തിനു പറ്റിയതായി ഉണ്ടായിരുന്നത്. 2010 ല്‍ എത്തിനില്‍ക്കുമ്പോള്‍ പുത്തനത്താണി-തിരൂര്‍ റോഡ്, കളത്താണി-ഏഴൂര്‍ റോഡ് എന്നിങ്ങനെ ഒട്ടനവധി ഗതാഗതയോഗ്യമായ റോഡുകള്‍ ഈ പഞ്ചായത്തിലുണ്ട്. പഞ്ചായത്ത് റോഡുകള്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗത സൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. വിദേശയാത്രകള്‍ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. തിരൂര്‍ റെയില്‍വേസ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തിരൂര്‍, പുത്തനത്താണി, വളാഞ്ചരി എന്നിവിടങ്ങളിലെ ബസ് സ്റ്റാന്റുകളിലാണ് പഞ്ചായത്തിന്റെ ബസ് ഗതാഗതം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. തിരൂരിലെ നൂര്‍ലേക്ക് ആണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത ജലഗതാഗതകേന്ദ്രം.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ് കടുങ്ങാത്തുകുണ്ട്, വരമ്പനാല എന്നീ സ്ഥലങ്ങള്‍. കടുങ്ങാത്തുകുണ്ടില്‍ ഒരു മാര്‍ക്കറ്റ് നിലവിലുണ്ട്.
സാംസ്കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. കടുങ്ങാത്തുകുണ്ട്, പാറച്ചല്‍ എന്നിവിടങ്ങളിലെ മുസ്ളീംപള്ളികളും, കന്‍മനം ഭഗവതിക്ഷേത്രവും ഈ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുനടക്കുന്ന ഉത്സവം, പെരുന്നാള്‍, നേര്‍ച്ച എന്നീ വിവിധ ആഘോഷപരിപാടികള്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരികതനിമ വിളിച്ചോതുന്നവയാണ്. സാമൂഹ്യസേവനരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മണ്ണുത്തൊടി കോയ സാഹിബ് ഈ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ സവിശേഷ വ്യക്തിത്വമാണ്. കലാകായിക സാംസ്കാരികരംഗങ്ങളിലായി 12 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. സി.എച്ച്.മുഹമ്മദ് കോയ ലൈബ്രറി & റീഡിംഗ് റൂം, അന്‍സാര്‍ അറബിക് കോളേജ് യൂണിയന്‍ ലൈബ്രറി, തനിമാ ലൈബ്രറി & വായനശാല, ബിസ്മി യൂത്ത് സെന്റര്‍, എസ്.എസ്.എഫ് ലൈബ്രറി എന്നിവ ഈ പഞ്ചായത്തിന്റെ സാംസ്കാരിക പുരോഗതി വിളിച്ചറിയിക്കുന്നു.ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. പി.എച്ച്.സി യുടെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം വളവന്നൂരില്‍ പ്രവര്‍ത്തിക്കുന്നു.