ഇത് അഡ്മിഷനുകളുടെ സമയമാണ്. എഞ്ചിനീയറിംഗ് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംശയങ്ങളുമായി നിരവധി പേര്‍ വിളിക്കുന്നുണ്ട്.
ഏതു കോളേജ് തിരഞ്ഞെടുക്കണം?ഏതു ബ്രാഞ്ചിനാണ് “സ്കോപ്പ്” കൂടുതല്‍? ഇതൊക്കെയാണു മിക്കവരുടെയും ചോദ്യങ്ങള്‍. ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് തോന്നുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
1. നിങ്ങള്‍ ഏതു കോളേജില്‍ പഠിക്കുന്നു എന്നതാണ് ഇന്ന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. തുടര്‍ പഠനത്തിനുള്ള അവസരങ്ങളിലും ജോലി സാധ്യതയിലും എല്ലാം നിങ്ങള്‍ പഠിക്കുന്ന കോളേജ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
2. ബ്രാഞ്ചുകളുടെ “സ്കോപ്പ്” എന്നത് പലരെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു പദമാണു. ഇന്ത്യയിലും പുറത്തും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ളത് കമ്പ്യൂട്ടര്‍/സോഫ്റ്റ്‌വെയര്‍ മേഖലയിലാണ്. എന്നാല്‍ അതിനര്‍ത്ഥം. അത് കഴിഞ്ഞാല്‍ ഇലക്ട്രോണിക്സ്/കമ്മ്യുണിക്കെഷന്‍ മേഖലയിലും. അതിനര്‍ത്ഥം എല്ലാവരും ഈ ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കണം എന്നല്ല! കാരണം ഈ മേഖലയിലെ ഗ്രാജുവേറ്റുകളുടെ എണ്ണവും വളരെ കൂടുതല്‍ ആണ്.
3. നിങ്ങള്‍ ഒരു നല്ല കോളേജില്‍ ആണ് പഠിക്കുന്നതെങ്കില്‍ എല്ലാ ബ്രാഞ്ചും സ്കോപ്പ് ഉള്ളതാണ്. കാരണം എല്ലാ എഞ്ചിനീയറിംഗ് മേഖലയിലും വളരെ നല്ല(“കൂടുതല്‍” അല്ല) തൊഴിലവസരങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നു ലഭിക്കാന്‍ നല്ല കോളേജില്‍ പഠിക്കുക എന്നത് വളരെ പ്രധാനമാണ്. ഐ ഐ ടി/എന്‍ ഐ ടി കളിലെ ഏതൊരു കോഴ്സും സാധാരണ എഞ്ചിനീയറിംഗ് കോളേജുകളിലെ കോഴ്സുകളെ അപേക്ഷിച്ച് വളരെ സാധ്യത കൂടിയവയാണ്.
4. ഐ ഐ ടി കള്‍, ബിറ്റ്സ് പിലാനി എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകള്‍. ഇവയില്‍ തന്നെ പഴയ ഐ ഐ ടി കല്‍ ആണ് ഉന്നത ശ്രേണിയില്‍ വരുന്നവ(മദ്രാസ്, ബോംബെ, ഡല്‍ഹി, കാന്‍പൂര്‍, ഖരഘ്പൂര്‍ etc). അത് കഴിഞ്ഞാല്‍ എന്‍ ഐ ടി കള്‍. പിന്നെയാണ് സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകള്‍. കേരളത്തില്‍ സിഇടി തിരുവനന്തപുരം, ടി കെ എം കൊല്ലം, ജി ഇ സി തൃശൂര്‍ , മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് എറണാകുളം, എന്‍ എസ് എസ് പാലക്കാട് തുടങ്ങിയവ മുന്നില്‍ നില്‍ക്കുന്നു എന്നാണു അറിവ്. ഈ ഒരു ഓര്‍ഡറില്‍ തന്നെയാവണം കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍.
5. ഇക്കാലത്ത് ആളെ പറ്റിക്കാന്‍ ഒരുപാട് “ഫാന്‍സി” കോഴ്സുകള്‍ സ്വകാര്യ മേഖലയില്‍ ഉണ്ട് – പെട്രോളിയം എഞ്ചിനീയറിംഗ്, മേക്കട്രോനിക്സ്, റോബോട്ടിക്സ് എന്നൊക്കെയായിരിക്കും പേര്. സാധാരണ എഞ്ചിനീറിംഗ് കോളേജുകളില്‍ പഠിക്കുന്നവര്‍ ഇപ്പോഴും അടിസ്ഥാന ബ്രാഞ്ചുകള്‍ – CS, EC, EEE, Mech, Cvil – തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം ഇവ കഴിഞ്ഞാലും നിങ്ങള്‍ക്ക് ഇത്തരം സ്പെഷ്യലൈസ്ഡ് മേഖലകളിലേക്ക് പോകാന്‍ എളുപ്പമാണ്. എന്നാല്‍ വളരെ സ്പെഷ്യലൈസ്ഡ് ആയ മേഖല പഠിച്ചാല്‍ പിന്നെ മാറാന്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, ഒരു കാലത്ത് മറൈന്‍/പെട്രോളിയം/ ഓഷ്യന്‍ എഞ്ചിനീറിംഗ് തുടങ്ങിയവക്ക് നല്ല ഡിമാന്‍ഡ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പെട്രോളിയം വില ഇടിഞ്ഞത് കാരണം ഒരുപാട് പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ച ഒരാള്‍ക്ക് തന്റെ മാസ്റ്റേഴ്സ് ഈ പറഞ്ഞവയില്‍ ചെയ്യാം. എന്നാല്‍ നേരെ ബിരുദത്തിനു തന്നെ ഇത്തരം മേഖലകള്‍ തിരഞ്ഞെടുക്കുന്നത് ഏറെ റിസ്കി ആണ് എന്നാണു എന്റെ അഭിപ്രായം.
6. ഒരു പ്ലസ്ടു ക്കാരന്‍ “എനിക്ക് കമ്പ്യൂട്ടര്‍ ആണ് താല്പര്യം, മെക്കാനിക്കല്‍ ഇഷ്ടമല്ല” എന്നൊന്നും പറയുന്നതില്‍ പ്രത്യേകിച്ച് കാര്യമില്ല(എല്ലാവരിലും അല്ല-ഭൂരിഭാഗം പേരിലും). ഞാന്‍ ഒരു VLSI എഞ്ചിനീയര്‍ ആണ്. പ്ലസ്ടു കഴിഞ്ഞ ഉടനെ ഈ ഒരു തിരഞ്ഞെടുപ്പ് ഞാന്‍ നടത്തിയത് VLSI എന്താണ് എന്ന ഒരു ബോധവും ഇല്ലാതെയാണ്(അന്ന് പറഞ്ഞാല്‍ മനസ്സിലാകുകയും ചെയ്യില്ല!). ചിലപ്പോഴും ഏതെങ്കിലും മോശം അധ്യാപകന്റെ മോശം ക്ലാസ് ആയിരിക്കും നിങ്ങള്‍ ഒരു വിഷയം വെറുക്കാന്‍ കാരണം. അത് കൊണ്ട് നല്ല കോളേജിലെ ഒരു ബ്രാഞ്ച് തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക! മാത്രമല്ല- പല മുന്‍ധാരണകളും പലര്‍ക്കുമുണ്ടാകും. ഉദാഹരണത്തിന് കെമിക്കല്‍ എഞ്ചിനീറിംഗ് എന്നാല്‍ മുഴുവന്‍ കെമിസ്ട്രി ആണ് എന്ന ധാരണ. അത് പോലെ
നിങ്ങള്‍ക്ക് ഏതെങ്കിലും സോഫ്റ്റ്വെയര്‍/ഓപ്പറേറ്റിങ്സിസ്റ്റം ഉപയോഗിച്ച് പരിചയമുണ്ട്നെകില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നത് ഉചിതമായ ബ്രാഞ്ച് ആണ് എന്ന ധാരണ.
അവസാന ഉപദേശം: കണക്കില്‍ താല്പര്യമുണ്ട്നെകില്‍, പ്രോബ്ലംസിനോട് മല്ലിടാന്‍ ഇഷ്ടമാണെങ്കില്‍, മാത്രം എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കുക. എനിക്ക് ബയോളജി ഇഷ്ടമല്ല, അത് കൊണ്ട് എഞ്ചിനീയറിംഗ് എടുക്കുന്നു എന്ന് പറഞ്ഞ് ഭാവി കൊഞ്ഞാട്ടയാക്കരുത്. താല്പര്യമുള്ള മേഖലയില്‍ പഠിക്കുക എന്നത് വളരെ പ്രധാനമായ കാര്യമാണ്.
എന്തെങ്കിലും ചോദ്യങ്ങളും വിയോജിപ്പുകളും ഉണ്ടെങ്കില്‍ കമ്മന്റ് ചെയ്യാം
മുൻ കേരള എന്റ്രൻസ് റാങ്ക് ജേതാവാണു ലേഖകൻ.
ഇപ്പോൾ INTEL Bangalore ജോലി ചെയ്യുന്നു