മഴവിൽ സേനയിലെ വളവന്നൂരുകാരൻ

അബ്ദുൽ റഷീദ് കന്മനം

2787

ദുബൈ : കടുത്ത ചൂട് സഹിച്ച് പതിനഞ്ച് മണിക്കൂറോളം നോമ്പ് നോൽക്കുന്ന പ്രവാസികൾക്ക് റമളാനിൽ മസ്ജിദുകൾ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലുമുള്ള ഇഫ്താർ ടെന്റുകൾ വലിയ ആശ്വാസമാണ്.

രണ്ടായിരത്തോളം പേർക്ക് ഒരേ സമയം ഒരുമിച്ചിരുന്നു നോമ്പ് തുറക്കാനുള്ള അവസരമൊരുക്കി ദുബൈ കെഎംസിസിയുടെ ഇഫ്താർ ടെന്റ് തുടർച്ചയായ ഏഴാം വർഷവും സജീവമാണ്.

ഇഫ്താർ ടെന്റിലേക്ക് എത്തുന്ന വിവിധ രാജ്യങ്ങളിലെ നോമ്പുകാരെ സ്വീകരിക്കാനും അവർക്ക് വേണ്ട വിഭവങ്ങൾ എത്തിച്ചു നൽകാനും സേവന രംഗത്തുള്ള ദുബൈ കെഎംസിസി യുടെ വളണ്ടിയർ വിങ്ങിന്റെ മഴവിൽ സേനയുടെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്.

പ്രവാസ ലോകത്തെ ജോലിത്തിരക്കിനിടയിലും സേവന സന്നദ്ധരായ ഇരുനൂറ് വളണ്ടിയർമാരെ ഏഴ് ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയിലെ ഏഴ് ദിവസം ഏഴ് നിറങ്ങളിലുള്ള യൂണിഫോം ധരിച്ചു വളണ്ടിയർ സേവനം ചെയ്യുന്നവരാണ് ദുബൈ കെഎംസിസി മഴവിൽ സേന.

മഴവിൽ സേനയിലെ വളവന്നൂർ പഞ്ചായത്തിൽ നിന്നുള്ള ഏക പ്രതിനിധി അബൂബക്കർ ഷരീഫ് ആറാമത്തെ വർഷമാണ് ഇഫ്താർ ടെന്റിൽ സേവന രംഗത്തുള്ളത്.

വളണ്ടിയർ വിങ്ങിലെ സ്ഥിരാംഗമായ അബൂബക്കർ ഷരീഫ് ദുബൈ കെഎംസിസി യുടെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.

കന്മനം തുവ്വക്കാട് സ്വദേശിയായ അബൂബക്കർ ഷരീഫ് കെഎംസിസി യുടെ നന്മ നിറഞ്ഞ സേവന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കെഎംസിസിയിലൂടെയാണ് ഹരിത രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്.

നിലവിൽ ദുബൈ കെഎംസിസി തിരൂർ മണ്ഡലം വൈസ്. പ്രസിഡന്റാണ്.

വളവന്നൂർ പഞ്ചായത്തിലെ മുഴുവൻ കെഎംസിസി പ്രവർത്തകർക്കും അഭിമാനമായി മഴവിൽ സേനയിലെ സജീവ സാന്നിധ്യമായ അബൂബക്കർ ഷരീഫ് സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായി മുന്നോട്ട് പോകുന്നു.