ചിത്രരചനയിൽ ജന്മസിദ്ധമായി ലഭിച്ച കഴിവുമായി ശ്രദ്ധേയമാവുകയാണ് ബിടെക് വിദ്യാർത്ഥിനിയായ മോനിഷ ചന്ദ്രൻ. വളവന്നൂർ ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ചന്ദ്രന്രെയും സുശീലയുടെയും മകളാണ് മോനിഷ. ചിത്രരചന വിനോദമായി കാണുന്പോൾ തന്നെ അത് ജീവിതോപാധിയായും, തനിക്ക് കിട്ടിയ കഴിവ് സാമൂഹ്യ-ജീവകാരുണ്യ മേഖലകളിൽ പരമാവധി ഉപയോഗപ്പെടുത്തിയും വളവന്നൂരിലെയും പരിസരങ്ങളിലെയും യുവതികൾക്ക് മാതൃകയാവുകയാണ് ചിത്രകലയെ ജീവനുതുല്യം സ്നേഹിക്കുന്ന ഈ പെൺകുട്ടി. ഈ രംഗത്ത് നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

കൂട്ടുകാരുടെ ആത്മാർത്ഥമായ പ്രോത്സാഹനവും വീട്ടുകാരുടെ പിന്തുണയും മാത്രമാണ് മോനിഷയുടെ കൈമുതൽ, ഇതുവരെ ആരുടെ കീഴിലും ചിത്രരചനാവിദ്യ അഭ്യസിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത മോനിഷ സ്വന്തമായി മനസ്സിലാക്കിയതും ജന്മനാ ലഭിച്ചതുമായ കഴിവുകളും സാങ്കേതികത്വവും മാത്രമാണ് ഉപയോഗിക്കുന്നത്.
എന്നാണ് വരച്ചു തുടങ്ങിയത് എന്ന ചോദ്യത്തിന് മോനിഷ തന്നെ പറയുന്നു. “കല്പകഞ്ചേരി സ്കൂളിൽ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് തന്നെ ചിത്രരചനയിൽ സമ്മാനങ്ങൾ ലഭിച്ചിരുന്നതായി ഓർമ്മയുണ്ട്, പിന്നീട് ഇതിൽ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഒരിക്കൽ കോളേജ് ഹോസ്റ്റലിൽ ഒറ്റപ്പെട്ടുപോയ അവസരത്തിൽ സമയം കൊല്ലാനായി വെറുതെ വരച്ചുതുടങ്ങിയ ശേഷമാണ് ചിത്രരചന ഗൌരവത്തിലെടുക്കാൻ തുടങ്ങിയത്. ചിത്രങ്ങൾ കണ്ട സുഹൃത്തക്കൾ നല്ല പ്രോത്സാഹനം നൽകിയത് ആവേശമായി. കോളേജ് ഡേ ക്കുവേണ്ടി ആർട്ട് ഡയറക്ടറായി പ്രവർത്തിക്കാൻ അവസരം ലഭിച്ചത് കൂടുതൽ ഉപകാരപ്രദമാവുകയും ചെയ്തു”

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രകാരൻമാരുടെ കൂട്ടായ്മയായ ഡ്രീം തിങ്കേഴ്സ് നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനവും മോനിഷ കരസ്ഥമാക്കിയുന്നു. പെയിന്രിംഗുകളിലെ വ്യത്യസ്ഥത തന്നയാണ് മോനിഷയെ മറ്റു കലാകാരികളിൽ നിന്നും വേറിട്ടു നിർത്തുന്നത്.
മോനിഷ വരച്ച രാഷ്ട്രീയ-സിനിമാ രംഗങ്ങളിൽ പ്രസിദ്ധരായ ചില വ്യക്തികളുടെ പെയിന്രിംഗുകൾ ഇതിനോടകം ലോകശ്രദ്ധ നേടിയിട്ടുണ്ട്. അനുഷ്ക ഷെട്ടിയുടെ ഒരു ഛായാചിത്രം ചെയത് അവർക്കയച്ചുകൊടുക്കുകയും അനുഷ്ക ഷെട്ടി അത് അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയും ചെയ്തത് മറക്കാനാവാത്ത അനുഭവമായി മോനിഷ പറയുന്നു. ദുൽകർ സൽമാന്റെ സിനിമക്ക് വേണ്ടി അദ്ദേഹത്തിന്റെ കാരകടർ സ്കെച്ച് ചെയ്തതും വളവന്നൂരുകാരിയായ ഈ പെൺകുട്ടി തന്നെയായിരുന്നു.

കൂടാതെ മുനവ്വറലി ശിഹാബ് തങ്ങൾ, വി. അബ്ദുറഹ്മാൻ എം.എൽ.എ, ഡോ. രജിത് കുമാർ തുടങ്ങിയവരുടെ ഛായാചിത്രങ്ങൾ നേരിട്ട് അവർക്ക് കൈമാറാനുള്ള അവസരം ലഭിക്കുകയും ചെയത നിമിഷങ്ങൾ മോനിഷ അഭിമാനത്തോടെ പങ്ക് വെക്കുകയും ചെയ്യുന്നു.
വളവന്നൂർ വാരിയത്ത്പറമ്പ് സ്കൂളിൽ ബാലോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്ര പ്രദർശനം മോനിഷയുടെ കലാവൈഭവം പ്രകടമാക്കുന്നതായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് പണം കണ്ടെത്തുന്നതിനായി കോഴിക്കോട് പോലുള്ള വലിയ നഗരങ്ങളിൽ തന്റെ ചിത്രപ്രദർശനം കൂടുതൽ വിപുലീകരിച്ച് നടത്തുവാനുള്ള ശ്രമത്തിലാണ് മോനിഷ.