കടുങ്ങാത്തുകുണ്ട്: മലപ്പുറം ജില്ലയിലെ മുൻനിര സഹകരണ ബേങ്കുകളിലൊന്നായ വളവന്നൂർ സർവീസ് സഹകരണ ബേങ്കിൽ സെക്രട്ടറി പദവിയിലെ 36 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച സെക്രട്ടറി കെ. പ്രസന്നക്ക് സഹകാരികളും ജീവനക്കാരും നാട്ടുകാരുമടങ്ങിയ പൗരാവലി സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
ബേങ്ക് പ്രസിഡണ്ട് എം. മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സംഗമം കൂറുക്കോളി മുയ്തീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം നസീബ അസീസ്, പഞ്ചായത്തംഗം എം. അബ്ദുറഹ്മാൻ ഹാജി, പി.സി കബീർ ബാബു, എം. ഇബ്രാഹിം ഹാജി, പി.സി ഹമീദ് മാസ്റ്റർ, സി.പി.രാധാകൃഷ്ണൻ, എൻ.സി നവാസ്, പ്രൊഫ. പി. മുയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു. ശോഭന, കൂട്ടിക്കമ്മു എന്നിവർ സഹ പ്രവർത്തകരുടെ ഉപഹാരങ്ങൾ നൽകി. യൂസഫ് കല്ലേരി സ്വാഗതവും പാറയിൽ അലി നന്ദിയും പറഞ്ഞു.