പ്രണയം എന്ന് കേൾക്കുമ്പോൾ ഓക്കാനവും ചർദ്ദിയും വരുന്നവർ താഴെയുള്ള ഈ കഥ ദയവ് ചെയ്ത് വായിക്കരുത്.
ഈ കഥ നിങ്ങളുടേതാകാം,
അല്ലങ്കിൽ ആൾക്കൂട്ടത്തിലെ ആരുടേതെങ്കിലുമാവാം…
അതുമല്ലങ്കിൽ എഴുത്തുകാരന്റെ തൂലിക തുമ്പിൽ വിടർന്ന കാൽപനിക സൗന്ദര്യമാവാം….
അവിചാരിതമായി കിട്ടിയ ഡയറിക്കുറിപ്പുകളിൽ നിന്ന് സ്വാംശീകരിച്ചതാവാം..
ഈ കഥ കടലാസിലേക്ക് പകർത്തുവാൻ സുദൂർ വളവന്നൂരിനെ ഏൽപ്പിക്കപ്പെട്ടതാവാം.. ഈ കോറിയിടപ്പെട്ട, അക്ഷരങ്ങളിലും വാക്കുകളിലും പ്രണയത്തിന്റെ ആസ്വാദനവും ,സ്വത്വബോധത്തിനുള്ളിലെ അടക്കി വെച്ച നിങ്ങളുടെ പ്രണയത്തെ പറ്റിയുംഒരു ചിന്ത ഉടലെടുക്കുന്നുവെങ്കിൽ നിങ്ങളും പ്രണയിക്കുകയാണ്.നിങ്ങളുടെ പ്രണയതാരകം മനസ്സിൽ ഉദിച്ചുയരുകയാണ്.
അവളുടേ പേര് സുമയ്യ എന്നായിരുന്നു. അയാൾ അവളേ അത്യധികം സ്നേഹിക്കുകയും ഉള്ളിൽ ഒളിപ്പിച്ചു വെച്ച പ്രണയത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു. രാവും പകലും ഋതുക്കളും മാറിമറിയുമ്പോഴും അവളേ കുറിച്ചുള്ള ചിന്ത അയാളുടേ മനസ്സിൽ വസന്തം തീർത്ത് കൊണ്ടിരുന്നു.
ഒരു നാൾ അയാൾ പ്രണയത്തോടെ സ്നേഹത്തേ കുറിച്ച് അവളോട് സംസാരിച്ചു.
‘നിന്റെ ഹൃദയം തരുമോ? ‘എന്ന് ചോദിക്കുകയും ചെയ്തു.
അവൾ ലജ്ജാവതിയായി
പഠന തിരക്കുകൾക്കിടയിൽ കണ്ടു മുട്ടുവാനുള്ള അവസരം കുറവായിരുന്നു.
പ്രണയാർദ്രമായ ഇരു ഹൃദയങ്ങളും സ്നേഹ തന്ത്രികളിൽ വീണ മീട്ടി.
എങ്ങനയോ വീണ് കിട്ടിയ ഒരു നിമിഷത്തിൽ അവൾ പറഞ്ഞു.
“ഫോൺ ഉപയോഗിക്കാൻ കഴിയില്ല, വീട്ടിൽ അനുകൂല സാഹചര്യമില്ല.”
ഓഫീസ് ജോലി കഴിഞ്ഞെത്തുന്ന ഉപ്പയെ സഹായിക്കലാണ് രാത്രിയിലെ പരിപാടി. അത് കൊണ്ട് ഒന്നിനും കഴിയില്ല. ഓരോ ദിവസത്തെ ഫയലും കൃത്യമായി എഴുതി സൂക്ഷിക്കാൻ അവളുടെ സഹായം ഉപ്പയ്ക്ക് ആവശ്യമാണ് പോലും.
മറ്റൊരു നാൾ അവളേ കണ്ടുമുട്ടിയ നേരം വേറെ വല്ല വഴിയുമുണ്ടോ എന്ന് ചോദിച്ചു. ഒടുവിൽ ഇമെയിലിൽ ചിന്തകൾ പങ്കുവെയ്ക്കാൻ തീരുമാനിച്ചു. കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ യാതൊരു പ്രശ്നവുമുണ്ടാകില്ല.
വളരെ സ്വസ്ഥമായി
ശാന്തമനസ്സുമായി
അയാളും അവളും
ഈ മെയിലിൽ കത്തെഴുതി
നെടുനീളൻ പ്രണയ ലേഖനങ്ങൾ അവളുടെ ഇൻബോക്സിൽ എത്തേണ്ട നേരം മറുപടികൾ പറന്നു വന്നു.
ഹൃദയ തന്ത്രികളിൽ വിരിയുന്നത് ഇലക്ട്രോണിക് മെയിലുകളായി ഇൻബോക്സിൽ നിറഞ്ഞു .
വീണ്ടും ഋതുക്കൾ മാറി മറിഞ്ഞു.
അയക്കുന്ന
മെയിലുകൾക്ക് മറുപടി ലഭിക്കുന്നില്ല., വീണ്ടും പരിശോധിച്ചു, സെൻറ് മെയിൽ സക്സസ് ഫുളി എന്ന് തന്നെയാണ്..
ഗ്രീഷ്മത്തിലെ ചൂട് അസഹനീയമായി..
ആകാംക്ഷയോടെ മെയിലുകൾ ഓപ്പൺ ചെയ്തു
നൂറ് തവണ റിഫ്രഷ് ചെയ്തു നോക്കി, നിരാശ മാത്രം.
ഒടുവിൽ അവളുടെ കൂട്ടുകാരിയുടെ സഹായം തേടി. എല്ലാവിധ സഹായവും കൂട്ട് കാരി നൽകാമെന്ന് പറഞ്ഞു.
വാമൊഴികളായി അവൾ അയാളുടെ ദൂത് പ്രണയിനിക്ക് എത്തിച്ച് കൊടുക്കാമെന്ന് ഏൽക്കുകയും ചെയ്തു.
ഒരു ഗിഫ്റ്റും അയാൾ അവൾക്ക് കൊടുത്തു വിട്ടു. ഏറെ പ്രതീക്ഷയോടെ…
സംഭവിച്ചെതെന്തെന്ന് മനസ്സിലായില്ല.
മൂന്നാമതൊരാൾ ഇടപെട്ടതോടെ പ്രണയസാഗരം പ്രക്ഷുബ്ധമായി …..
പ്രകൃതിയിൽ അസാധാരണമായ പ്രതിഭാസങ്ങൾ, ഋതുക്കൾ ക്രമം തെറ്റി.
ആകെ പാകപ്പിഴവുകൾ
പ്രണയിനിയുടെ കൂട്ടുകാരി
ഓരോരോ പ്രശ്നങ്ങൾ മുൻനിർത്തി മുന വെച്ച് സംസാരിച്ചു.
സ്നേഹസാഗരത്തിൽ
പ്രണയ വഞ്ചി ആടിയുലഞ്ഞു.. വേലിയേറ്റവും വേലിയിറക്കവും.
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ മനസ്സ് പ്രക്ഷുബ്ധമായി പാഞ്ഞു..
ഒടുവിൽ കാമുകിയുടെ റോസ് നിറത്തിലുള്ള വീടിനടുത്തുള്ള പച്ചപ്പിൽ അവളേ അയാൾകാത്തു നിന്നു. എല്ലാം പങ്കുവെക്കാമെന്ന ആശയോടെ.
സമയം കുത്തിയൊഴുകി, അയാൾ ക്ഷമയോടെ കാത്തിരിപ്പ് തുടർന്നു;
ഒടുവിൽ ദൂരേ നിന്ന് പ്രണയിനി നടന്ന് വരുന്നത് അയാൾ കണ്ടു.
അയാളെ കണ്ട പാടെ പ്രേയസി മുഖം തിരിച്ചു..
പൊടുന്നനെ അവൾ വഴി മാറി സഞ്ചരിച്ചു. അടുത്ത വീട്ടുമുറ്റത്തിലൂടെ എവിടേയ്ക്കോ അവൾ മറഞ്ഞു.
അയാൾ നിരാശനായി
എന്താണ് സംഭവിക്കുന്നത്?
മനസ്സ് പങ്കുവെയ്ക്കാൻ എന്താണ് പോംവഴി ?
അയാൾ ചിന്തയിലാണ്ടു,
അവളേയും കാത്ത് അയാൾ പല തവണ അവിടെ പ്രതീക്ഷയോടെ നിന്നു., നിരാശ മാത്രം ബാക്കിയായി.
ദിവസങ്ങൾ കടന്നു പോയി.
ഒരു നാൾ അവളുടെ കൂട്ടുകാരി അയാളേ തേടി വന്നു. അവളെ വഴിയിൽ വെച്ച് കാണരുതെന്നും പ്രണയം മണത്തറിഞ്ഞ ഉപ്പ അതിൽ നിന്നും വിലക്കിയെന്നും അറിയിച്ചു. വിവാഹാലോചനാ സമയത്ത് സമീപിക്കാവുന്നതാണെന്ന് അവൾ പ്രത്യേകം അറിയിച്ചിട്ടുണ്ട് എന്നും പറഞ്ഞ് കൂട്ടുകാരി പോയി..
അയാൾ ആകെ നിരാശനായി
മസ്തിഷ്കത്തിനുള്ളിൽ ഉൽക്കാവർഷം. പ്രപഞ്ചമാകെ കൂരിരുട്ട് പരക്കുന്നതായി അയാൾക്ക് തോന്നി.
പ്രണയിനി എവിടേക്കാണ് പൊയ് മറയുന്നത്?
കാലചക്രം തിരിഞ്ഞു
രാവും പകലും മാറി വന്നു.
പുഴ മുന്നോട്ട് തന്നെ ഒഴുകി… ശിശിരത്തിൽ ഇലപൊഴിഞ്ഞു. വസന്തത്തിൽ ഭൂമി പച്ചപ്പണിഞ്ഞു.. ചെറുകിളികൾ കലപില കൂട്ടി..
റോസ് നിറത്തിലുള്ള അവളുടെ വീട്ടിൽ പന്തലുയരുന്നത് അയാളറിഞ്ഞു…
ദിവസങ്ങൾ കുറെ കഴിഞ്ഞു
ആയുസ്സിൽ നിന്ന് നാളുകൾ കൊഴിഞ്ഞു വീണ് കൊണ്ടിരിന്നു…
അന്ന് ഒരു ആഘോഷ ദിവസമായിരുന്നു…
ഉദ്യാനത്തിലെ ഒഴിഞ്ഞ സിമന്റ് ബെഞ്ചിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവൾ വന്നത്
വർഷങ്ങൾക്ക് ശേഷമുള്ള സംഗമം
യുഗങ്ങളോളം പരിചയമുള്ളത് പോലെ
മിഴികൾ സംവദിച്ചു
പുഞ്ചിരിയോടെ അവൾ അയാളുടെ സമീപത്തിരുന്നു
അവൾ പറയാൻ തുടങ്ങി… .. അത് ഒരു യഥാർത്ഥ പ്രണയത്തിന്റെ കഥയായിരുന്നു.