നിറങ്ങൾ

മകൻ ,
നിറങ്ങളെക്കുറിച്ച്‌
ചോദിച്ചപ്പോഴാണു
ഞാനമ്പരന്നു പോയത്‌..!
ആകാശത്തുള്ള നിറങ്ങൾ
പരസ്പരപൂരിതമെന്നും ,
ഭൂമിയിലെ നിറങ്ങൾ
അകന്നു നിൽക്കുന്നതെന്ത്‌ കൊണ്ട്‌
ചോദ്യം ഉത്തരമില്ലാത്തൊരു
വികലാംഗനായിത്തീരുന്നൂ
നാവിൻ തുമ്പിൽ..
പച്ചയും ചുവപ്പും കാവിയും ,
ഇവയെയകറ്റിനിറുത്തുന്നതേത്‌
കാന്തികശക്തി..?
മകനേ ,
അറിയില്ലതിനുത്തരമീയച്ഛനു
നിറഭാവങ്ങൾ മാറിമറിയും
കാലങ്ങൾ സാക്ഷി…
ഇരുളിൻ മറനീക്കിവരും
സൂര്യനും സാക്ഷി…
ഇനിവരും കാലങ്ങളിലുണ്ടതിനുത്തരം
ചേതനയറ്റുതീരുന്ന നിൻ നയനങ്ങളിൽ
പതിയുകയില്ലതിൻ വർണ്ണങ്ങൾ…
നാവിലെ രസമുകുളങ്ങളും ,
ഗന്ധമറിയും നിന്നവയവും തഥൈവ..
മാറിപ്പോകുക നിറങ്ങളെവിട്ട്‌
ദൂരേയ്ക്ക്‌ നീളുമീ ‘യിടവഴിയവസാനം
തെളിയുന്നുണ്ടൊരു നിറം..!!!
ബ്ലോഗർ എന്ന നിലയിൽ പ്രശസ്തനാണ് മയ്യേരിച്ചിറ സ്വദേശിയായ ഹമീദ്, ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും സാഹിത്യസംബന്ധിയായ രംഗത്ത് സജ്ജീവസാന്നിദ്ധ്യം. ഇപ്പോൾ സൗദി അറേബ്യയായിൽ ജിദ്ദയിൽ ജോലി ചെയ്യുന്നു