e ജനറേഷന്റെ : അവധിക്കാലം

നാമൊക്കെയായിരുന്നു ഭാഗ്യവാന്മാർ, സ്കൂൾ പൂട്ടിന് ശേഷം രണ്ട് മാസം, അമ്പോ, അത് ഓർക്കുമ്പോ തന്നെ ഒരു കുളിര് വരുന്നു. വീട്ടുകാർക്ക് നമ്മളെ ഒന്ന് കാണണമെങ്കിൽ തന്നെ വല്ല മാവിന്റെ കൊമ്പിലോ, പാടത്തെ ചെളിയിലോ ഫുട്ബോൾ ഗ്രൗണ്ടിലോ വന്ന് തിരയണമായിരുന്നു. വീട്ടിൽ കയറണമെന്ന ചിന്തയെ ഇല്ലാതങ്ങനെ കളിച്ചു ഉല്ലസിച്ചു കൂട്ടുകാരുമൊത്ത് വള്ളി ട്രൗസറുമിട്ട് കറങ്ങി നടക്കും. കളിവീടുണ്ടാക്കിയും കള്ളനും പോലീസും കളിച്ചും സമയം പോകുന്നത് അറിയാറേ ഇല്ല . പറമ്പിലെ ചക്കയും മാങ്ങയും ഞാവൽ പഴവുമെല്ലാം ഞങ്ങൾക്ക് സ്വന്തമായിരുന്നു. അപ്പുറത്തെ വീട്ടിലെ മാവിന് കല്ലെറിയാലാണ് ഏറ്റവും രസം. അത് വീട്ടുകാർ കണ്ടിട്ട് നമ്മെ ഓടിക്കുന്നത് അതിലേറെ രസം. ഉമ്മാന്റെ വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ പോയാൽ ആഹാ ആർത്തുല്ലസിക്കും, തിരിച്ചുവീട്ടിലെത്തണമെങ്കിൽ നേർച്ചക്കാരെ വിളിക്കേണ്ടിവരുമെന്നായിരുന്നു ഉമ്മ പറയാറ്.

ഈ അവധിക്കാലത്ത് ഞാൻ ഓർത്തെടുത്ത എന്റെയ പഴയ നല്ലദിനങ്ങൾ, മനോഹരമായ കുട്ടിക്കാലം, വർഷങ്ങൾ കടന്നുപോയി, കളിക്കൂട്ടുകാരെല്ലാം അവരവരുടെ ജോലിത്തിരിക്കിലായി, കൂടുതൽ പേരും വിദേശത്തേയ്ക്ക് ചേക്കേറി. പണ്ട് കളിവീടുണ്ടാക്കിയിരുന്നവൻ ഇന്ന് സിവിൽ എന്ജിനീരായി, അന്നത്തെ കള്ളനാകട്ടെ പാർട്ടിക്കാരനായി, അന്ന് പുട്ടുകുത്തിയവൻ ഇന്ന് ഹോട്ടൽ നടത്തിക്കൊണ്ടിരിക്കുന്നു, അങ്ങിനെ അങ്ങിനെ മനോഹരമായ ദിനങ്ങൾ കടന്നുപോയികൊണ്ടിരിക്കുന്നു.

ഈ അവധിക്കാലത്ത് നമ്മൾ കുരുന്നുകളിലേക്ക് ഒന്ന് ശ്രദ്ധിച്ചുനോക്കു, എത്രയോ വ്യത്യസ്തമായിരുന്നു അവരുടെ രീതികൾ, കളിവീടുകളില്ല, കള്ളനും പോലീസുമില്ല, മഞ്ചാടിക്കുരു പെറുക്കാൻ അവരില്ല, വയൽ വമ്പിൽ ഓടിനടക്കാൻ അവരില്ല. ഓണമായാലും വിഷുവായാലും പെരുന്നാളിനായാലും വീടുവിട്ട് ആർത്തുല്ലസിക്കാൻ അവരില്ലാത്തയി.

എന്ത് പറ്റി നമ്മുടെ കുരുന്നുകൾക്ക്, ഒന്നും പറ്റിയിട്ടില്ല, അവരും ആർത്തുല്ലസിച്ച് ആഘോഷിക്കുകയാണ്, അവരുടെ യുഗത്തോടൊപ്പം, അവരും രസിച്ചു കളിക്കുന്നുണ്ട് വീടുവിട്ടിറങ്ങാതെ തന്നെ അതും അവരുടെ യുഗത്തോടൊപ്പമാണ്, “ e യുഗം “. എന്ന ടെക്നോളോജിക്കൊപ്പം. എല്ലാ കുരുന്നുകളും എല്ലായിപ്പോഴും ആഘോഷിക്കുകയും കളിക്കുകയും സന്തോഷം കണ്ടുത്തുകയും ചെയ്യുന്നുണ്ട് അത് അവരവരുടെ   യുഗത്തോടൊപ്പവും ടെക്നോളോജിക്കൊപ്പവും ആണെന്ന വെത്യാസം മാത്രമാണുള്ളത്

ഞാനിന്നും നന്ദിപറയുന്നു എന്റെ ബാല്യകാലത്ത് ടീവിയും മൊബൈലും ടാബും ഒന്നും സജീവമല്ലാതിരുന്നതിന്, അവ സജീവമായിരുന്നെങ്കിൽ ഞാനിന്നും ഓർക്കുന്ന ഞങ്ങളുടെ ആ പഴയ നല്ല ദിനങ്ങൾ ഉണ്ടാവുമായിരുന്നില്ല.

പ്രകൃതിയും പൂക്കളും സുഹൃത്ബന്ധങ്ങളും ഇഷ്ടപ്പെടുന്ന റാഫിഖ്, ഐ.ടി.ഐ ഇലക്ട്രോണിക്സ് പഠനം പൂർത്തിയാക്കിയതിന് ശേഷം ഇപ്പോൾ കടുങ്ങാത്തുകുണ്ടിൽ കൂട്ടുകാരുമൊത്ത് ബിസിനസ് ചെയ്യുന്നു. പാറമ്മലങ്ങാടി സ്വദേശിയാണ്.