പ്രവാസികളെ ചിലത് ഓർമ്മപ്പെടുത്താതെ വയ്യ… നാട്ടുകാരെയും…

ഗൾഫിലെ അസ്തിരതയും മറ്റു പ്രതിസന്ധികളും നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവാസികളെ ചിലത് ഓർമ്മപ്പെടുത്താതെ വയ്യ.
“നമ്മുടെ നാട്ടിലെ മത സംഘടനകൾക്ക് തൻപോരിമ നടിക്കാനും തമ്മിൽ തല്ലാനും പ്രവാസിയുടെ പണം കൂടാതെ വയ്യ..
ആരാധനാലയങ്ങളുണ്ടാക്കാനും അവ മോഡി പിടിപ്പിക്കുവാനും അതിൽ നാട്ടിലെ അൽപന്മാർക്ക് ഹുങ്ക് കാണിക്കാനും പ്രവാസിയുടെ പണം അത്യാവശ്യമാണ്..
അതിനൊക്കെ പുറമെ സ്വന്തം കുടുംബത്തിന്റെ കാട്ടിക്കൂട്ടലുകൾ വേറെ!
സ്വന്തം നാടും വീടും വിട്ട് പ്രതികൂല കാലാവസ്ഥയിലും അന്യനാട്ടിൽ വിയർപ്പൊഴുക്കുന്ന മിക്കവരുടെ മനസ്സിലും ഒരു ദിവസമെങ്കിലും നേരത്തെ ഇതെല്ലാം ഒഴിവാക്കി സ്വന്തം നാട്ടിലെത്തി ഒതുങ്ങിക്കൂടാനുള്ള ആഗ്രഹം കാണാതിരിക്കില്ല..
എന്നാൽ ഇങ്ങനെയൊരു തോന്നൽ ഇവരുടെ സമ്പാദ്യം ഊറ്റിക്കുടിക്കുന്നവർക്ക് കാണില്ല..
നിർഭാഗ്യവശാൽ സ്വന്തം കുടുംബക്കാർക്കു പോലും..
നാട്ടിൽ പള്ളിയുണ്ടാക്കാൻ പണം കൊടുക്കുന്നത് പുണ്യവും ആവശ്യവുമാണ്..
എന്നാൽ അത് ആവശ്യത്തിൽ കവിഞ്ഞ് സൗകര്യങ്ങളൊരുക്കി ധൂർത്തടിക്കുന്നതിനും സംഘടനകൾ തമ്മിലും തറവാട്ടു കാരു തമ്മിലും കിടമത്സരങ്ങൾക്കും പലപ്പോഴും ബലിയാടാകുന്നവർ പ്രവാസികൾ തന്നെ!
കുടുംബത്തോടും നാടിനോടുമുള്ള പ്രവാസിയുടെ ഇഷ്ടം ചൂഷണം ചെയ്യപ്പെടുകയാണി വിടെ..
നാട്ടിൽ ശീതീകരിച്ച പള്ളി പണിയാൻ പണം നൽകിയ പ്രവാസികളിൽ പലരും മരഭൂമിയിൽ വിയർത്തൊലിക്കുകയാണെന്ന സത്യം വിസ്മരിക്കപ്പെടുന്നു..
ഇതിൽ പലർക്കും സ്വന്തമായി ഇരിക്കക്കൂരയില്ലാത്തവരാണെന്നതാണ് സങ്കടം..
നല്ല കാര്യത്തിനല്ലേന്ന് വിചാരിച്ച് പണം കൊടുക്കുന്നവരും നിവൃത്തികേടുകൊണ്ട് നൽകുന്നവരും എതിർപ്പ് പ്രകടിപ്പിക്കാത്തതും ചോദ്യം ചെയ്യപ്പെടാത്തതും ഇത്തരം ചൂഷണങ്ങൾക്ക് വളമാകുന്നു..
വീട്ടിൽ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നവരാണ് മിക്ക ആളുകളുമെങ്കിലും പ്രവാസികളുടെ പണം കൊണ്ട് ആരാധനാലയങ്ങളിൽ ഭക്ഷണം പാകം ചെയ്ത് ആളുകളെ നിർബന്ധപൂർവ്വം വിളിച്ചു കൂട്ടി തന്റെ വിളമ്പിലിന്റെ മാഹാത്മ്യം കാണിക്കാനും നാട്ടിലെ ചില അൽപന്മാർക്ക് മടിയില്ല..
ഇതൊക്കെ തുറന്നു പറയുമ്പോൾ ചിലർക്ക് നമ്മോട് അനിഷ്ടം തോന്നുമെങ്കിലും ഇനിയും പറയാതെ വയ്യ
എന്തൊക്കെ പറഞ്ഞാലും മറ്റുള്ളവന്റെ ചെലവിൽ ആളാകുന്നവർക്ക് നാട്ടിൽ പഞ്ഞമില്ല..
ഇതൊന്നും കേട്ടാലും അവർക്കൊരു ഇളക്കവുമുണ്ടാവില്ല..
സ്വർഗവും നരകവുമൊക്കെ പറഞ്ഞ് അവരിലെ മതമേലധികാരി കളത് ന്യായീകരിക്കും..
ആവശ്യവും അത്യാവശ്യവും അനാവശ്യവും തിരിച്ചറിയാതെ പണം കൊടുക്കുന്നവർക്കും ഇത്തരക്കാരെ വളർത്തുന്നതിൽ നല്ല പങ്കുണ്ട്..
ഇതെല്ലാം ചോദ്യം ചെയ്യപ്പെടണം..
അതിന് ആർജ്ജവമുള്ളവർ പ്രവാസികൾക്കിടയിൽ നിന്ന് മുന്നോട്ടു വരാത്തിടത്തോളം ഈ ചൂഷണം അനുസ്യൂതം വളരുക തന്നെ ചെയ്യും..

വളവന്നൂർ മുണ്ടംചിറ സ്വദേശിയായ സിദ്ദീഖ് ചെറുകവിതകളിലൂടെയും കുറിപ്പുകളിലൂടെയും സോഷ്യൽ മീഡിയകളിൽ സജീവമാണ്. സിദ്ദീഖിന്റെ ഫോട്ടോകൾ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം തുറന്നു കാണിക്കുന്നു.