രക്തസാക്ഷി

2888

നിന്‍റെ ചോരയുടെ സുഗന്ധം
മുഖത്തിന്‍ വീര്യം
കണ്ണിലെ നിലാവ്
തലമുറയുടെ ഉണര്‍ത്തു പാട്ടുകള്‍

ആദര്‍ശത്തിന്‍ സുഗന്ധം
നിശ്ചയ ദാര്‍ഢ്യത്തിന്‍ വീര്യം
ശാന്തതയുടെ നിലാവ്
ചുവന്ന വസന്തത്തിന്‍ പിറവികള്‍

നിന്‍റെ പേരുകള്‍
നിന്‍റെ നാടുകള്‍
നീ ഏറ്റ വെയിലുകള്‍
തണലിന്‍റെ വേരുകള്‍

ഗാന്ധി ക്രിസ്തു അലിമാരുടെ
നിണമേറ്റു പൂത്ത തലമുറകള്‍
കയ്യിലേന്തി നിന്‍ പതാക
നെഞ്ചിലേന്തി നിന്‍ വികാരം

ഇന്നും പതാകകളുണ്ട്
പുതപ്പിക്കുന്നുണ്ട് പലരില്‍
കുടിപ്പകയുടെ ദംഷ്ട്രയേറ്റവര്‍
വരമ്പത്തു തീര്‍ന്ന ജന്മങ്ങള്‍

ഇന്നും നിന്‍റെ പേരിട്ടവര്‍
പിറക്കുന്നുണ്ട് പിടയുന്നുണ്ട്
അവരുടെ ചോരയും ഒലിച്ചു
അതിനെന്തിത്ര ദുര്‍ഗന്ധം

അവരുടെ മുഖത്ത് ഭയപ്പാടുകള്‍
നിരാശയേറ്റു തളര്‍ന്ന കണ്ണുകള്‍
തണല്‍ പോയ കുറ്റിക്കു കീഴെ
വിപ്ലവം കിനാകണ്ടവര്‍

ഇന്ന് പൊട്ടി തുടങ്ങിയ കൊടിമരച്ചോടില്‍
ബലിയായ് തീര്‍ന്നത്‍
അമ്മയുടെ മിഴിനീര്‍ തുള്ളികള്‍⁠⁠⁠⁠

BEd വിദ്യാർത്ഥിയായ അഷിഖ് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളവന്നൂർ ഇങ്ങേങ്ങൽപടി സ്വദേശിയാണ്.