പ്രവാസം ചിലപ്പോഴെങ്കിലും നഷ്ടകച്ചോടം തന്നെയാണു

1333

നോമ്പ്‌ തുറക്കാൻ കഫ്റ്റീരിയയിലേക്ക്‌ വന്നപ്പോഴാണു അവിടത്തെ ജോലിക്കാരൻ പുറത്ത്‌ ഒറ്റക്കിരിക്കുന്നത്‌ കണ്ടത്‌. പേരറിയാത്ത ആ സുഹൃത്തിന്റെ ഇരുത്തത്തിൽ എന്തോ വിഷമം തോന്നി.

നോമ്പിനെ കുറിച്ച്‌ ഒക്കെ ചോദിച്ചശേഷം നാട്ടിൽ പോകണ്ടേയെന്ന എന്റെ ചൊദ്യം അവനെ വല്ലാതെ എടങ്ങേറാക്കിയെന്ന് അവന്റെ കണ്ണുകൾ പറഞ്ഞു.

ചോദിച്ചറിഞ്ഞപ്പോൾ ആകെ സങ്കടമായി. 2 ദിവസം മുമ്പ്‌ അവന്റെ ഉപ്പ മരിച്ചു. പെട്ടന്നുള്ള മരണം അവനെ ശരിക്കും തകർത്തുകളഞ്ഞു.

കാലാവധി കഴിഞ്ഞ പാസ്സ്പോർട്ട്‌ പുതുക്കാൻ കൊടുത്തതാണു. നിങ്ങൾ മയ്യിത്ത്‌ മറവ്‌ ചെയ്തോളു. എനിക്ക്‌ എത്താൻ കഴിയില്ല. ആകെയുള്ള ആൺത്തരി വീട്ടുകാരെ വിളിച്ചു പറഞ്ഞു.

ലീവൊന്നും എടുത്തില്ല. റൂമിൽ ഒറ്റക്കിരുന്നാൽ മനസ്സിനെ പിടിച്ചാൽ കിട്ടൂല. അപ്പോ പിന്നെ ജോലിക്കു വരുന്നത്‌ തന്നെ നല്ല്ലത്‌. അവൻ നെടുവീർപ്പിട്ടു.

നോമ്പ്‌ തുറക്കാൻ ഇനി രണ്ട്‌ മിനുറ്റ്‌ കൂടിയൊള്ളു. ഞാൻ അവനെയും കൂട്ടി കഫ്റ്റീരിയയിലേക്ക്‌ കയറി.