ഇരുട്ടിൽ നിന്നും മാറാപ്പുംമേന്തി യിനി കൂരിരുട്ടിലോട്ട്…

3015

ഇരുട്ടിൽ നിന്നും വെളിച്ചം തേടിയുള്ള എന്റെ യാത്ര ഇന്ന് അവസാനിക്കുന്നു. ഒരുപാട് സ്വപ്നംങ്ങൾ കൊണ്ട് തീർത്ത എന്റെ ഡയറി ഞാനെന്റെ വിറക്കുന്ന കൈകളിലേക്കെടുത്തു. ഇന്നലെ വരെ പ്രേതീക്ഷകളാൽ തീർത്ത അക്ഷരങ്ങൾ നിറച്ചതിൽ, ഞാനിന് അവസാനത്തെ വരികൾ തുന്നി ചേർക്കുന്ന പണിപുരയിലാണ്.

കാലത്തു അമ്പലത്തിൽ പോയി തൊഴുതു മടങ്ങുമ്പോൾ യീ ദിവസം എന്റെ താനെന്ന് മനസ്സിൽ മന്ത്രിച്ചു .. …

“അമ്മേ ഞാൻ ഇറങ്ങുവാ, നേരം വയ്കുന്നു”

“അച്ഛന്റെ അനുഗ്രഹം വാങ്ങിച്ചോ നീ ” അമ്മ അടുക്കളയിൽ നിന്നും ചോദിക്കുന്നത് കേട്ടു .
“അതൊക്കെ വാങ്ങിച്ചമ്മേ… വേഗം ചോറു പാത്രം താ… ബസ്സ് പോവും ”

എനിക്കും കൂടെ വരാർന്നുല്ലേ ?? ഇതിപ്പോ നീ തനിച്ചു ?….  എല്ലാ കുട്ട്യോളെയും അമ്മയും അച്ഛനും വരുമായിരിക്കും അല്ലെ മോളു?!! ഇതും പറഞ്ഞു അമ്മ നെടുവീർപ്പിട്ടു അതിൽ ഉണ്ടാർന്നു എന്റെ അമ്മയുടെ വാക്കുകൾ

“പിന്നേ… എല്ലാ കുട്ട്യോളെ അമ്മയ്ക്കും അതെല്ലേ പണി”
ഞാൻ ഇത്തിരി അരിശത്തിൽ പറഞ്ഞു (എനിക്കറിയാം അവിടെ വെള്ളം കൊടുക്കാനും ഭക്ഷണം കൊടുക്കാനും കാപ്പിവാങ്ങിച്ചു കൊടുക്കാനു മൊക്കെ ഒരുപാട് കുട്ടിയോളുടെ കൂടെ അവരുടെ രക്ഷിതാക്കൾ കാണും) ഞാനും അറിയാതെ ഒരു നെടുവീർപ്പിട്ടു…

“എന്നാ ശെരിയമ്മേ. നന്നായി പ്രാർത്ഥിക്കണ്ണംട്ടോ”ഞാൻ തിടുക്കത്തിൽ ബസ്റ്റാന്റ്ലേക്ക്റങ്ങി…

കെ.എസ്.ആർ.ടി.സി ബസ്സിന്റെ ജനലരികിലുള്ള യാത്ര എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. കാറ്റിന്റെ തലോടലിൽ ഒരുപാട് ചിന്തയും സ്വപ്നങ്ങളും മിന്നി മറയും എന്നിലേക്ക്‌… അത്കൊണ്ട് തന്നെ ഞാൻ എന്റെ ഇഷ്ട്ട സ്ഥലത്തുതന്നെ സീറ്റ് ഉറപ്പിച്ചു

” ടികെറ്റ്, ടികെറ്റ്… എങ്ങോട്ടാ”
“ഫറൂഖ്” ഞാൻ മറുവടി പറഞ്ഞു

“എക്സാമിന് പോവായിരിക്കും അല്ലെ?” കണ്ടക്ടർ കുശലന്വേഷണം നടത്തി.. അതേ എന്ന മട്ടിൽ ഞാൻ ഒരു പുഞ്ചിരക്ക കൈമാറി.

ബസ്സ് ചലിച്ചുതുടങ്ങി തിരകേടില്ലാത്ത വേഗത്തിലാപോവുന്നെ.. ഞാൻ എന്റെ വാച്ചിലേക്ക് നോക്കി ഇനി 2 മണിക്കൂർ എടുക്കും അവിടെ എതാൻ.
ഞാൻ പതുക്കെ എന്റെ സ്വപ്നങ്ങളെ താലോലിക്കാൻ തുടങ്ങി.

ടാക്സി ജീവനകാരൻ ആയിരുന്നു എന്റെ അച്ഛൻ ഒരു ആക്‌സിഡന്റ് പറ്റി നട്ടെല്ല് തളർന്നു 10 വർഷം മായി കിടപ്പാ… അമ്മ വീട്ടു ജോലി ചെയ്‌താ എന്റെ പഠിത്തവും വീട്ടു ചിലവും മുന്നോട്ടു പോവുന്നെ… അമ്മ ഇന്ന് എന്റെ കൂടെ വന്ന നാളെ ഞങ്ങളെ വീട്ടിൽ പട്ടിണിയാ… വലിയ ജാതിയും തറവാടും ആയതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും കിട്ടാറില്ല!

10ത്തിലും +2 വിലും മൊത്തം A+ വാങ്ങിച്ചപ്പോ പഞ്ചായത്ത്‌ പ്രസിഡന്റ്‌ഉം നാട്ടുകാരും പറഞ്ഞു എൻട്രൻസ്ന്ന് ഒരുകൊല്ലം പഠിക്കാൻ… ആദ്യംമൊക്കെ എല്ലാരും സഹായിച്ചു പിന്നീട് ആരെയും കണ്ടില്ല… അമ്മ ആരോടും പരാതിയും പറഞ്ഞില്ല ഫീസടകാൻ നിവര്ത്തിയില്ലതായപ്പോ വീടും പണയപെടുത്തി… എല്ലാം തിരിച്ചു പിടിക്കണം നിക്ക്……. ഞാൻ സ്വയം എന്നോട് തന്നെ സംസാരിച്ചു കൊണ്ടിരുന്നു.

ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടണം, ഡോക്ടറായി കഴിഞ്ഞു എന്റെ അച്ഛന്റെ ചികിത്സ തുടരണം, നഫീസത്താടെയും ആമീന താത്താടെയും പഴയ സാരികളാ ന്റെ അമ്മ ഉടുക്കാറ്… അതൊക്കെ ഒഴിവാക്കി ഞാൻ വാങ്ങിച്ചു കൊടുത്ത സാരി അണിഞ്ഞു വരുന്ന എന്റെ അമ്മയുടെ ചിരിതൂകിയ മുഖം ഞാൻ മനസ്സിൽ കണ്ടു…

പെട്ടെന്നാണ് മുനറീപ്പില്ലാതെ ഡ്രൈവറുടെ ബ്രൈക് വീണത്. എന്റെ തല കമ്പിയിൽ ആഞ്ഞടിച്ചു… ചെറുതായി ഒന്ന് മുഴച്ചു… എന്താ സംഭവിക്കുന്നത്തെന്ന് മനസിലായില്ല. ആളുകളൊക്കെ ഇറങ്ങി നോക്കുന്നു
“റോട്ടിൽ ചോര അങ്ങിങ്ങായി കാണാം” ബൈക്ക് വന്നു കേറിയതാ യിനി പോലീസ് വരാതെ വണ്ടി പോവില്ല”
ആരോ പറയുന്നത് കേട്ടു …

റോഡ് മൊത്തം ബ്ലോക്ക്‌ എങ്ങനെ ഞാൻ അവിടെ എത്തിപെടും… എന്റെ കണ്ണുകൾ നിറഞ്ഞു.
“എന്താ മോളെ കരയുന്നെ” അടുത്തിരുന്ന ഏട്ടൻ ചോദിച്ചു “എനിക്ക് എക്സാമാ നേരംതെറ്റിയാ എഴുതാൻ കഴിയില്ല (അറിയാതെ ഞാൻ പൊട്ടി കരഞ്ഞു പോയി) “യിനി എത്ര ദൂരണ്ട് അങ്ങോട്ട്‌ ” അയാൾ തിരക്കി “ഒരു അരമണിക്കൂർ കാണും ചേട്ടാ…” കുട്ടി വേഗം ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോ” അയാൾ എന്നെ കണ്ടിട്ടോ എന്തോ 200 രൂപയും നീട്ടി …

ഞാൻ തിടുക്കം പിടിച്ചു ബസ്സിൽ നിന്നിറങ്ങി പക്ഷെ എനിക്ക് നിരാശയായിരുന്നു ഫലം… “യീ ബ്ലോക്കിൽ അങ്ങോട്ട്‌ പോവാൻ കഴിയില്ല” വിളിക്കുന്ന ഓട്ടോറിക്ഷ കാരെല്ലാം എന്നെ നിരാശ പെടുത്തി

എന്റെ കണ്ണ് നിറഞ്ഞൊഴുക്കി “കുട്ടീടെ ബന്ധത്തിൽ പെട്ടവർ ആരേലും ബൈക്ക് ഉള്ളവരിവിടെ ഉണ്ടോ?” അവരു വിചാരിച്ചാൽ എത്താം”അല്ലാതെ യീ ബ്ലോക്കിൽ ഓട്ടോക്ക് പോവാൻ കഴിയില്ല മോളെ” ദയനീയമായി ഒരാൾ പറഞ്ഞു …

ഒരു നിമിഷം ഞാൻ ഒന്ന് ആലോചിച്ചു “റിയാസ് “അവന്റെ വീട് ഇവിടെ അടുതെവിടെയോ ആണ് +2 പഠിക്കുമ്പോൾ വന്നിട്ടുണ്ട് ഒരിക്കൽ, അവന്റെ ഇത്താത്തയുടെ കല്യാണത്തിനു. അവന്റെ ഉമ്മാടെ വീടാണ് ഞങ്ങടെ നാട്ടിൽ അവിടെ നിന്നാണ് അവൻ പഠിച്ചേ ….
“ചേട്ടാ നിങ്ങടെ ഫോൺ ഒന്ന് തരാവോ?” ഞാൻ അയാളോട് ചോദിച്ചു
“അതിനെന്താ… ആർക്കാച്ചാ വിളിച്ചോ ”

“ഹലോ! അശ്വതി അല്ലെ …”
“അതേ, ആരാ ”
“ഞാൻ രേവതിയാ… നീ റിയാസിന്റെ നമ്പർ ഒന്ന് തരോ പെട്ടന്ന് വേണം അത്യാവശ്യണ്ട്”
“ഒരു മിനിറ്റ്.. (അവൾ നമ്പർ തന്നു)

(ഞാൻ അപ്പഴേ റിയാസിന് വിളിച്ചു)

“റിയാസേ രേവതിയാ ”

“പറ രേവതി എന്താ, ഇതേതാ നമ്പർ?”
“ഞാൻ നിങ്ങടെ നാട്ടിലുണ്ട് എന്നെ ഒന്ന് സഹായിക്കണം. എനിക്കിന്ന് എക്സാമാ ഇവിടെ മൊത്തം ബ്ലോക്കാ എന്നെ എങ്ങനെയെങ്കിലും എക്സാം സെൻട്രലിൽ എത്തിക്കണ്ണം… (അപ്പോഴും ഞാൻ കരയുന്നുണ്ടാർന്നു) “നീ യിപ്പോ എവിടെ നിക്ക്നെ ഞാൻ താ വരന്.. യിച്ചു ബേജാറ് ആവല്ലേ ബായ്.. അന്നേ ഞമ്മളെത്തിക്കും”

(അവൻ ഫോൺ കട്ട്‌ചെയ്യുന്നതിന്നു മുന്നേ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്‌ദം എനിക്ക് കേൾക്കാർന്നു). സ്ഥലം കൃത്യമായി അറിയാത്തതുകൊണ്ട് ഞാൻ ഫോൺ ആ ഓട്ടോകാരന്റെ അടുത് കൊടുത്തു “യീ സ്ഥലമൊന്നു പറഞ്ഞു കൊടുക്കാവോ?” അയാൾ ഫോൺ വാങ്ങി സ്ഥലം പറഞ്ഞു കാൾ കട്ടെയ്യ്തു.
“മോളെ…പേടിക്കണ്ട ആളിപ്പോ എത്തും” അയാൾ എന്നെ ആശ്വാസിപ്പിച്ചു

പറഞ്ഞു തീർന്നില്ല റിയാസ് അതാ മുന്നിൽ, “വാ കയറിയിരിക്ക് ” ഞാൻ ഓട്ടോ ഡ്രൈവറോടു നന്ദി പറഞ്ഞു അവന്റെ ബൈക്കിൽ കയറി… “നന്നായി പിടിച്ചോ ഞാൻ സ്പീഡിൽ വിടാൻ പോവാ”. എന്റെ ടെൻഷൻ കണ്ടിട്ടോ എന്തോ അവൻ ഇടക്കിടക്ക് എന്നെ ചിരിപ്പിക്കാൻ കോമഡി പറഞ്ഞു കൊണ്ടേ ഇരുന്നു…..
എനിക്ക് വല്ലാത്ത ആശ്വാസം തോന്നി.

കൃത്യസമയത്തുതന്നെ അവിടെത്തി.

“നന്നായി എക്സാം എഴുതീട്ട് ഫസ്റ്റ് റാങ്ക് വാങ്ങിക്കണംട്ടാ… ന്നിട്ടു എനിക്ക് പറയലോ ഞാൻ കൊണ്ട് വിട്ടതൊണ്ടാന്ന്”
ഒരു ചിരി സമ്മാനിച്ചു അതും പറഞ്ഞു റിയാസ് യാത്ര പറഞ്ഞു പോയി .

എല്ലാം നല്ലപഠി എഴുതി എക്സാം തീർന്ന പാടെ അമ്മക്ക് വിളിക്കാൻ തിടുക്കത്തിൽ കോയിൻബൂത്ത്‌ലേക്ക് ഓടി
“ഹലോ! അമ്മേ.. എക്സാം കഴിഞ്ഞൂട്ടോ നന്നായി എഴുതി”

മറുതലക്കലിന്നു സന്തോഷംകൊണ്ട് നിറഞ്ഞ സ്വരങൾ പ്രതീക്ഷിച്ച ഞാൻ കേട്ടതു പക്ഷെ മറ്റൊന്നായിരുന്നു “നീ പെട്ടന്ന് ഇങ്ങോട്ടു വാ” അതും പറഞ്ഞു അമ്മ ഫോൺ കട്ട്‌ ചെയ്തു

പിന്നെ വീട്ടിൽ എത്തുന്നതുവരെ ആതി ആയിരുന്നു… അച്ഛനൊന്നും പറ്റാല്ലേ ദൈവമെ…. ഞാൻ മനസുരുക്കി പ്രാർതിച്ചുകൊണ്ടിരുന്നു..

ഉമ്മറത്തുനിറയെ ആൾകാർ.. അമ്പലം കമ്മിറ്റികാരും, പാർട്ടികാരും, ജാതി കാരണവരും എല്ലാംമുണ്ട്, എന്റെ ഉള്ളാക്കെ പിടഞ്ഞു, ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോ വീൽ ചെയറിൽ അച്ഛനെയും കൊണ്ടിരുതീട്ടുണ്ട്… പാതി ആശ്വാസം അച്ഛന് ഒന്നും പറ്റീട്ടില്ല!

“നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിൽ ഇല്ലങ്കിൽ പിന്നെ പെണ്ണുങ്ങൾ ഇതെല്ലാ ഇതിനപ്പുറവും ചെയ്യും”
ആരോ ആൾകൂട്ടത്തിൽനിന്നും പിറുപിറുക്കുന്നതു കേട്ടു…. എനിക്കൊന്നും മനസിലായില്ല

എന്നെ കണ്ടതും എല്ലാവരും മുഖത്ത് നോക്കി പരിഹസിക്കുന്നതു കണ്ടു…… തല കുനിച്ചു നിൽക്കുന്ന എന്റെ അച്ഛന്റെ ശിരസ്സാണ് എന്നേ ഏറെ സങ്കട പെടുത്തിയതു

“എന്താ അച്ഛാ” ……. ഞാൻ പൊട്ടി കരഞ്ഞു… അച്ഛൻ ഒന്നും മിണ്ടുന്നില്ല

“നിനക്കൊന്നും അറിയില്ല അല്ലേ….? അഴിഞ്ഞാട്ട കാരി”
…കുടുംബത്തിലേ ഒരു മൂത്ത കാരണവർ എന്റെ നേരെ കൈ ഉയർത്തി
“എനിക്കൊന്നും മനസിലായില്ല ….” എന്താ ഉണ്ടായേ അമ്മേ… അമ്മയെങ്കിലും പറ”
ഞാൻ അമ്മയോട് കെഞ്ചി… അമ്മ കരഞ്ഞു കൊണ്ട് മുറിയടച്ചു…

“ആരാടി ഒരുമ്പട്ടവളെ ആ മുസ്ലിം ചെക്കൻ… മതം മാറി ഓനോട്‌ ഒപ്പം പൊറുക്കാനാനോ നിന്റെ പരിവാടി എങ്കിൽ വെട്ടി നുറുക്കി കളയും”

“ഓന്റെ ബൈക്കിൽ മുട്ടി ഉരുമ്മി ചിരിച്ചു കൊഞ്ചി പോവാൻ മാത്രം എന്ത് ബന്തമാടി… പറയടി… നീ നമ്മുടെ ആൾകാക്ക് മൊത്തം നാണകേടു ഉണ്ടാകാനാനോ….. അതു ഒരു മാപ്പള ചെക്കൻ മ്മ്ഹ്!!”
അതും പറഞ്ഞു അയാൾ എന്റെ നേരക്കു ചീറ്റി വന്നു അയാളുടെ മുഷ്ട്ടി കൈകൾ എന്റെ മുഖതോട്ടു വീണതും ഞാൻ കമഴ്ന്നു അടിച്ചു വീണു…

എനിക്ക് പറയാൻ ഒരവസരവും അവിടെ ഇല്ലാരുന്നു…. അച്ഛന്റെയും അമ്മയുടെയും മനോഭാവമാണ് എന്നെ ഏറെ തളർത്തിയാതു.

വീട്ടിൽ ഒരു നേരം അടുപ്പു കത്തുന്നുണ്ടോ എന്ന് ചോദിക്കാൻ വരാതെ ഇപ്പൊ ജാതി പറഞ്ഞു വീട്ടിൽ കയറി വന്നവരെ നോക്കി ആട്ടി അയക്കണംമെന്നുണ്ട് അച്ഛന്റെയും അമ്മയുടെയും മൗനം പക്ഷെ എന്നെ എല്ലാത്തിന്നും മേലെ തളർത്തി.

എല്ലാവരും പോയി കഴിഞ്ഞു…. എന്റെ മനസ്സ് മരവിച്ചിരിക്കുന്നു…… അപ്പോഴാണ് നിശബ്ദത നിറഞ്ഞ ആ വീട്ടിൽ മുഴങ്ങി ഒരു ഫോൺ

“ഹലോ ഞാൻ റിയാസാ…എങ്ങനെ ഉണ്ടായിരുന്നു നിന്റെ എക്സാം, ഇവിടെ നല്ല തമാശ ഉണ്ടായി പള്ളീത്ത വല്ല്യ ഉസ്താതും മൂത്തപ്പയും വന്നു ഉമ്മാടെ അട്ത് ഭയക്കു” ഞാൻ ഏതോ ചെർമ്മി പെണ്ണിന്റെ കൂടെ കറങ്ങാന്ന്” …..ന്റെ ഉമ്മാനോട് പറഞ്ഞിട്ടാ അന്നേ ഞാൻ വിട്ടേ.. അതോണ്ട് ഞാനും ഉമ്മയും കണക്കിന് കൊടുത്തു ഓർക്കു…ഇ ജ്ജെന്താ ഒന്നും മിണ്ടാതെ?”…

ഞാൻ തിരിച്ചൊന്നും പറയാതെ ഫോൺ താഴെ വെച്ചു. നിശബ്ദതയുടെ വഴിയിലൂടെ.
അമ്മയുടെ കറുത്ത പുള്ളി സാരിയുമായി ഞാൻ അകത്തേക്ക് നീങ്ങി, അപ്പുറത്തെ മുറിയിൽ നിന്നും ഒരു ഏങ്ങൽ കേൾക്കാം…. അതെന്റെ കാതുകളിൽ വന്നു അലയടിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും. അച്ഛനെ നട്ടെല്ല് ഇല്ലാതവനെന്ന് ഞാൻ കാരണം നാട്ടുകാർ വിളിച്ചതോർത്ത്‌
എനിക്ക് വീർപ്പു മുട്ടി! എന്റെ അച്ഛന്റെ ദയനീയ മായ മുഖമായിരുന്നു എന്റെ ഉള്ളിൽ.

എന്റെ കൈകൾ തണുപ്പ് കേറിയിട്ടുണ്ട്, എന്റെ ഹൃദയം പതിവിലും വേഗത്തിൽ മിഡിക്കുന്നത് എനിക്ക് കേൾക്കാം……..

ഞാൻ യാത്രയാവുകയാണ് ഞാനെന്റെ കൈയിലെ സാരിയിലേക്ക് നോക്കി,.. ഓ!എന്റെ അമ്മയുടെ ഏറ്റവും ഇഷ്ട്ടപെട്ട സാരി.

അമ്മ യീ കറുത്ത പുള്ളി സാരിയിൽ എന്നും മനോഹാരിയായിരുന്നു… സ്കോള്ളർ ഷിപ്പ് കിട്ടിയ കാശിനു ഞാൻ വാങ്ങി കൊടുത്തതാ ഇത്… ഇതെന്റെ കഴുത്തിൽ ചുറ്റി പിണരുബോൾ വേദനക്ക് ഇത്തിരി ശമനം കിട്ടും എന്റെ അമ്മയുടെ കഴുത്തിൽ തലചായ്യുന്നതു പോലെ ഒരാശ്വാസം ……

(തെറ്റിദ്ധാരണയിൽ പൊഴിഞ്ഞു പോയ ആയിരം ജീവനുകൾക്ക് വേണ്ടി അവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി, പുതിയ തല മുറകളിലെ കാണാതെ പോവുന്ന നന്മയെ തേടി)

ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും B.Ed ഉം കരസ്ഥമാക്കിയ ശബ്നയുടെ എഴുത്തുകളിൽ ഗ്രാമീണ സാഹിത്യത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു. ചാലി ബസാർ സ്വദേശി സി.പി അബ്ദുൽ ഖാദറിന്റെ മകളാണ്. ഇപ്പോൾ അജ്മാനിൽ താമസിക്കുന്നു.