വേട്ടക്കാരന്‍

1640

മാനവന്‍ ചിത്രം മാഞ്ഞു തുടങ്ങുന്നു
പകലിലും ഇരവിലും അവന്‍ വേട്ടയാടുന്നു
മര്‍ത്യ ഭാവംവിട്ടു പോയ്
വീട്ടകങ്ങള്‍ നാട്ടകങ്ങള്‍ വേട്ടക്കാരാല്‍ നിറയുന്നു
ആദിമ പിതാക്കള്‍ അന്നം തേടി
വിശപ്പു തീര്‍ത്ത വേട്ടകള്‍
മൃഗ രുചി മാത്രമറിഞ്ഞ വേട്ടകള്‍

ഇന്നു വേട്ടക്കാരന്‍റെ കോലം മാറിപ്പോയ് രുചികള്‍ മാറിപ്പോയ്
മൃഗ മാംസം രുചിച്ച ആദിമര്‍ പെണ്‍ മാംസം രുചിപ്പൂ ആധുനികര്‍
മാറി തുടങ്ങീ എല്ലാ രൂപവും ഭാവവും‍

ഇന്നു പിതാ
സഹോദരന്‍ മാതുലന്‍ പിന്നെ
വാദ്ധ്യാരും മോല്ല്യാരും കപ്യാരുമങ്ങനെ വേട്ടക്കാരനു പലതാണു നാമങ്ങള്‍
മാതാ സഹോദരി പുത്രി ശിഷ്യകള്‍ അവന്‍റെ കണ്‍കളില്‍ ഇരകള്‍ തന്‍ വ്യത്യസ്ത വേഷങ്ങള്‍

കഴുകന്‍ കണ്ണാല്‍ ഒപ്പിയും നരികണ്ണാല്‍ ചൂഴ്ന്നും നീല പല്ലാല്‍ കാര്‍ന്നും അവന്‍ വേട്ട തുടരുന്നു
തൊട്ടിലില്‍ കിടക്കും പൈതലും കട്ടിലില്‍ മൃത്യു തേടും വൃദ്ധയും
വേട്ടക്കു മേച്ചില്‍ പുറങ്ങള്‍ മാത്രം

അഹോ കഷ്ടം മാനവാ നീ എത്ര
മാറിപ്പോയ് ഇന്നു കാട്ടാളനായ് നിന്‍ മനം
വിശ്വസ്തത കെട്ടിരിക്കുന്നു നീ ഇന്നു നരാധമന്‍
എന്തിനിങ്ങനെ തുടരുന്നു‍ നിന്‍ ശിഷ്ട കാലം
ജീവിതമാം യാത്രയില്‍ പാന്ഥരായ് വന്നിടും മര്‍ത്യാ തീര്‍ത്തിടാം ആയുസാം വൈതരണി വേട്ടയാടാതെ വേട്ടക്കാരനാവാതെ.

BEd വിദ്യാർത്ഥിയായ അഷിഖ് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളവന്നൂർ ഇങ്ങേങ്ങൽപടി സ്വദേശിയാണ്.