വിലാപം

1876

മഴ മറന്ന ആകാശം അകലെയുണ്ട്
ചിരി മാഞ്ഞു പോയ പുഴകളുണ്ട്
പൂവായ് വിടരാത്ത മൊട്ടുകള്‍
വീണു കിടപ്പുണ്ട്
കൂടു കൂട്ടാനാവാതെ കിളികള്‍ ഗഗനത്തിലുമുണ്ട്

എനിക്കു മഴയുണ്ടായിരുന്നു
പുഴയുടെ ഗാനം ഉള്ളിലൊഴുകിയിരുന്നു
പൂവിന്‍ മണംഅറിഞ്ഞവന്‍ രുചിയറിഞ്ഞ നാക്കുള്ളവന്‍ കിളിക്കൂടു കണ്ടു
വളര്‍ന്നവന്‍ ഞാന്‍

കുടിക്കാനില്ലിറ്റു വെള്ളം
ഇന്നെനിക്കു
മുന്‍പേ പെയ്തു
തോര്‍ന്ന മഴ നീര്‍ച്ചാലുകളുമില്ല
തണലില്ല വെയിലേറ്റു ഇലയറ്റു വീണ ചുവടുകള്‍ കറുത്തു കിടക്കുന്നു
മരക്കുറ്റികള്‍ തേങ്ങലുകള്‍
കേള്‍ക്കുന്നു

 

വിത്തേ മുളച്ചു പൊങ്ങൂ എന്‍ ഉയിരില്‍ വേഗം
എന്‍റെ ചോര പോഷണം ചേര്‍ത്തു വളരൂ ദ്രുതം
കൂടു കൂട്ടൂ എന്‍റെ കണ്ണു ചൂഴ്ന്ന മടകളില്‍ ഇനിയേറെ കാലം

വാരിയെല്ലില്‍ സുമലതകള്‍ പിണഞ്ഞു പടരണം
നാഭിയില്‍ വേരു പിടിക്കണം
എനിക്കു നല്‍കാന്‍
ഉള്ളത്‍ എന്‍റെ ഉയിരും
അസ്ഥിപഞ്ജരങ്ങളും മാത്രം

എനിക്കൊന്നു കൂടെ രുചിക്കണം കായ്കള്‍ വീണ്ടും
ഇനിയും അറിയണം
അനുഭവിച്ചീടണം പൂവിന്‍ സുഗന്ധം
അലിയണം ആ ദിവ്യാനുഭൂതിയില്‍

വിലാപമാണോ പ്രാര്‍ത്ഥനയാണോ
അറിയില്ല എനിക്കെങ്കിലും
കേള്‍ക്കുക ഇരിപ്പിടം നഷ്ടമായൊരീ നരഹൃത്തിലെ ഗദ്ഗദങ്ങള്‍

BEd വിദ്യാർത്ഥിയായ അഷിഖ് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളവന്നൂർ ഇങ്ങേങ്ങൽപടി സ്വദേശിയാണ്.