എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ

4951

“എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്”
എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു. എഴുത്ത് മങ്ങിത്തുടങ്ങിയ ആ ബുക്കിൽ നല്ലൊരു നാടകത്തിന്റെ ജീവൻ തുടിക്കുന്നതായി ഞങ്ങൾക്ക് തോന്നി. ഈ യുവജനോത്സവത്തിന് അവതരിപ്പിക്കാനുള്ള നാടകം ഇതുതന്നെയെന്ന് ഞങ്ങൾ ആ സ്പോട്ടിൽ ഉറപ്പിച്ചു.

എന്റെ എക്കാലത്തേയും എറ്റവും നല്ല നിറമുള്ള ഓർമ്മകൾ സമ്മാനിച്ച കൽപകഞ്ചേരി ഹൈസ്കൂളിൽ ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം. പേടിയോടെയുള്ള അഞ്ചാം ക്ലാസും നിസ്സംഗതയോടെയുള്ള ആറാം ക്ലാസും വിക്രസങ്ങളൊപ്പിക്കുന്ന ഏഴാം ക്ലാസും ആധിപത്യത്തിനായ് പോരാടുന്ന എട്ടാം ക്ലാസും കഴിഞ്ഞ് മേൽകൈ നേടിയ ഒമ്പതാം ക്ലാസിൽ പാറിപ്പറക്കുന്ന സമയം…

സ്കൂൾ യുവജനോത്സവങ്ങളിൽ മികച്ച നാടകങ്ങൾ രചിച്ച് അഭിനയ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് അക്കാലങ്ങളിൽ എന്നും ഒന്നാം സ്ഥാനം നേടിയിരുന്നത് സാമൂലി മാഷ് എന്ന് എല്ലാവരും വിളിക്കുന്ന സാമുവൽ മാഷായിരുന്നു.നാടക രചനയിലും സംവിധാനത്തിലും ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു മാഷിന്.

സാമൂലി മാഷെ പറ്റി ആ കാലത്ത് പഠിച്ചിരുന്നവർ ഒരിക്കലും മറക്കാൻ സാധ്യതയില്ല… മാഷ് എടുത്ത സാമൂഹ്യ പാഠങ്ങളും….! പാഠങ്ങൾ പഠിച്ച് വരാത്തവർക്കും ക്ലാസിൽ ശ്രദ്ധിക്കാത്തവർക്കും മാഷ് നൽകിയിരുന്ന ചൂരൽ കഷായത്തിന്റെ ചൂട് കൈവെള്ളയിൽകൂടി തലയോട്ടിയിലേക്ക് തുളച്ച് കയറുമായിരുന്നു. മാഷിന്റെ നുള്ളലിൽ ഒറ്റക്കാലിൽ നിന്ന്കറങ്ങി വേദനയുടെ ഏഴാനാകാശം കാണുമായിരുന്നു. ഇങ്ങിനെ കുട്ടികളുടെയെല്ലാം പേടി സ്വപ്നമായിരുന്ന സാമുവൽ മാഷ് യുവജനോത്സവങ്ങൾ വന്നാൽ ആളാകെ മാറുമായിരുന്നു.

പുറമെ പരുക്കനെന്ന് തോന്നിപ്പിക്കുന്ന മാഷിന്റെ ഉള്ളിൽ തുടിക്കുന്ന കലാ ഹൃദയത്തിൽ സ്നേഹം ആവോളം ഉണ്ടായിരുന്നു.അഭിനയ കലകളോടായിരുന്നു മാഷിന് ഏറെ താത്പര്യം. നമ്മുടെ പ്രദേശത്ത് അത്രയൊന്നും ജനകീയമല്ലാതിരുന്ന നാടക കലക്ക് നാട്ടിൽ വേരോട്ടം നൽകിയതിൽ സാമുവൽ മാഷിന്റെ പങ്ക് വളരെ വലുതാണ്.

നല്ല നാടകങ്ങൾ തെരഞ്ഞെടുത്ത് അഭിനയ പ്രതിഭകകളെ കണ്ടെത്തി മാഷ് അവതരിപ്പിക്കുന്ന നാടകങ്ങൾക്ക് ഒന്നാം സ്ഥാനത്തിനൊപ്പം നിറഞ്ഞ കയ്യടികളും കിട്ടുമായിരുന്നു. ചെറിയ രൂപത്തിലൊക്കെ ഒരു തട്ടിക്കൂട്ട് നാടകങ്ങൾ ഞങ്ങളും അവതരിപ്പിക്കുമായിരുന്നെങ്കിലും മാഷിന്റെ നാടകങ്ങൾക്കുമുമ്പിൽ അതൊന്നും ഒന്നുമല്ലാതായി പോകുമായിരുന്നു. ഈ വർഷം ഏതായാലും ഈ നാടകം കൊണ്ട് ആ അവസ്ഥക്ക് മാറ്റം വരണമെന്നും ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നാടകം ഇതാകണമെന്നും പ്രതിജ്ഞ എടുത്ത് ഞങ്ങൾ കഠിന പരിശീലനം തുടങ്ങി.

കള്ളം പറഞ്ഞാൽ അടിക്കുന്ന യന്ത്രമനുഷ്യന്റെ കഥയാണ് നാടകം.അധ്യാപകരും വിദ്യാർത്ഥികളും രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവർത്തകരുമെല്ലാം കഥാപാത്രങ്ങളായി വരുന്ന നാടകം ഒരു തമാശ നാടകമായിട്ടാണ് ഞങ്ങൾ അവതരിപ്പിക്കാൻ പ്ലാനിട്ടത്…. യുവജനോത്സവ ദിനം തൊട്ടടുത്തെത്തി. അന്നൊക്കെ നാടകത്തിന്റെ പരസ്യം സ്കൂളിലേക്ക് കയറിചെല്ലുമ്പോൾ നേരെ കാണുന്ന മതിലിൽ ബഹുവർണ്ണ പോസ്റ്ററായി ഒട്ടിക്കുമായിരുന്നു. കൂടാതെ ബ്ലാക്ക് ബോർഡിലും എഴുതി വെക്കുമായിരുന്നു.യന്ത്ര മനുഷ്യന്റെ പോസ്റ്ററും ഉഷാറായി പതിച്ചു.

നാടക മത്സരത്തിൽ ഞങ്ങളുടെ നാടകം തുടങ്ങി, യന്ത്രമനുഷ്യനായി ബദ്റുവും മറ്റ് കഥാപാത്രങ്ങളായി ഞാനും ഫൈസലും സിദ്ധീക്കും അഷ്റഫും ഷാഫിയും ശംഷുവും തുടങ്ങി എല്ലാവരും തകർത്ത് അഭിനയിക്കുകയാണ്. സാമൂലി മാഷിന്റെ നാടകത്തെ പിറകിലാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ഞങ്ങൾ കഴിവുകളെല്ലാം പുറത്തെടുത്തു. എനിക്ക് ഒരു രാഷ്ട്രീയക്കാരന്റെ റോളായിരുന്നു.ഈ സ്പിരിറ്റിൽ ഞാനും എന്റെ റോൾ നന്നായി കൈകാര്യം ചെയ്തു.

വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരുമടങ്ങുന്ന സദസ്സ് നിറഞ്ഞ കയ്യടികളോടെ പൊട്ടിച്ചിരിച്ച് ഞങ്ങളുടെ നാടകം മതിമറന്നാസ്വദിച്ച് പ്രോത്സാഹിപ്പിച്ചു. എല്ലാവരേയും ആകർഷിപ്പിച്ച്, ആസ്വദിപ്പിച്ച്, അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് നിർത്താതെയുള്ള കരഘോഷത്താൽ നാടകത്തിന് തിരശ്ശീല വീണു. അതുവരെ ഒന്നുമല്ലാതിരുന്ന ഞങ്ങൾക്ക് ഹീറോ പരിവേഷം കിട്ടിയത് വളരെ പെട്ടന്നായിരുന്നു. ഞങ്ങൾ എല്ലാവരുടെയും ഇടയിൽ നിന്ന് ആകാശത്തേക്ക് ഉയർന്നുയർന്ന് പോകുന്നതുപോലെ.

ഇതിനിടയിലാണ് സാമൂലി മാഷ് കയ്യടിച്ചുകൊണ്ട് ഞങ്ങൾക്കിടയിലേക്ക് വന്നത്. ഞങ്ങളൊന്ന് പരിഭ്രമിച്ചെങ്കിലും മാഷ് ഞങ്ങളെ ചേർത്ത്പിടിച്ച് “നിങ്ങൾ തകർത്തു മക്കളെ,നിങ്ങളിലെ അഭിനയ പ്രതിഭകളെ കാണാൻ എന്റെ ചെറിയ കണ്ണുകൾക്ക് കഴിഞ്ഞില്ലല്ലോ” എന്ന് സങ്കടത്തോടെ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ ഉള്ളിൽ കരയുകയായിരുന്നു.

അതാണ് സാമൂലി മാഷ്, നന്നായാൽ നന്നായെന്ന് പറയുവാനും അഭിനന്ദിക്കുവാനും കാണിക്കുന്ന ആ നല്ല മനസ്സ്. അത് എന്റെ ജീവിതത്തിൽ നല്ലൊരു പാഠമായ് മാറുകയായിരുന്നു….

നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ ഫൈസൽ പറവന്നൂർ 'മാതൃഭൂമി' റിപ്പോർട്ടറാണ്.