മീനിന്റെ കഥ മീനുവിന്റെയും

1612
dr sajeela

അന്നോളം….
സുന്ദരമായ സ്ഫ്ടികക്കൂട്ടിൽ
കുഞ്ഞു മീൻ സന്തുഷ്ടയായിരുന്നു.

അന്നാണവൾ കണ്ടത്….
മുന്നിലെ ടി വി സ്ക്രീനിൽ
വിശാല സമുദ്രം
അനന്തതയിൽ ആയിരം കൂട്ടുകാർ  ആർത്തുല്ലസിക്കുന്നു.

അന്നുമുതൽ….
അവൾക്കു തന്റെ ലോകം ചെറുതായി.
ഒന്നനങ്ങിയാൽ
ചില്ലു കൂട്ടിൽ തട്ടുന്നു.
എന്നും കിട്ടുന്ന ഒരേ തീറ്റക്ക്‌
രുചി ഇല്ലാതെയായി

അന്നൊരു നാൾ….
ജനൽ വഴി വന്ന കണ്ടൻ പൂച്ചയുടെ
കൈയിൽ അവൾ കണ്ടത്
തന്റെ മോചനം.
ഇരയെ കുരുക്കാൻ
വിരുതനായ കണ്ടൻ
തന്റെ കൂർത്ത നഖങ്ങൾ ഒളിപ്പിച്ചു.

മീനുവിനെ കൂട്ടാൻ
സ്കൂൾബസിന് പിന്നിൽ
കണ്ണൻ കാറുമായി കാത്തുനിന്നു
അവൾ കണ്ട സ്വപ്നലോകത്തേക്ക്
സ്നേഹം ചുരത്തുന്ന വാതിലാകാമെന്ന്
ഇന്നലെ അവൻ സത്യം ചെയ്തിരുന്നു.

സ്ഫ്ടികക്കൂട് തകർന്നപ്പോളാണ്
അവളതു തിരിച്ചറിഞ്ഞത്‌
കരയിൽ നിന്നും സ്വപ്നത്തിലേക്ക്
ഇനിയും ഒരു കടൽ ദൂരം ബാക്കിയുണ്ടെന്ന്.

താനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്രറിൽ അസി. സർജൻ ആയി ജോലി ചെയ്യുന്ന ഡോ. സജീല, മെഡിസിനു പുറമെ സാഹിത്യ രംഗത്തും കഴിവു തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ്.