തെക്കെ പുളിമരച്ചോട്

1961

പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കാലിച്ചായ മോന്തിക്കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ ‘ദുരന്തം’ ഓര്‍മ്മ വന്നത്.’ദുരന്തം’ കാണുവാന്‍ വേണ്ടി പൂമുഖത്തിന്‍റെ ജനല്‍ തുറന്നു. യുദ്ധ ഭൂമിക്ക് സമാനമായ കാഴ്ചയാണ് അവിടെ കണ്ടത്. പലതരം പക്ഷിക്കൂടുകള്‍ തകര്‍ന്ന് കിടക്കുന്നു.അതിനു ചുറ്റും പക്ഷികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ച് നിര്‍ത്താതെ ചിലച്ചു കൊണ്ടിരിക്കുന്നു.തെങ്ങിന്‍ മുകളില്‍ നിന്ന് അണ്ണാന്‍ കുഞ്ഞുങ്ങളും ശബ്ദമുണ്ടാക്കുന്നു.കാക്കകള്‍ ചുറ്റും വട്ടമിട്ട് പറക്കുന്നു.പക്ഷിക്കുഞ്ഞുങ്ങള്‍ നിലത്ത് കിടക്കുന്നു.’അഞ്ച് തലമുറകള്‍’ ക്കൊപ്പം ജീവിച്ച ആ ‘മുത്തശ്ശി പുളിമരം’ മരം വെട്ടുകാരുടെ അളവിനനുസരിച്ച് കഷ്ണങ്ങളായി.ഇനി എനിക്ക് കാണാന്‍ വയ്യ ഞാന്‍ ജനലടച്ചു. പ്രപഞ്ച നാഥാ! ഓര്‍മ്മ വെച്ച നാള് തൊട്ട് എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ് ആ മരം. എന്‍റെ സാഹിത്യ രചനകളിലെ നിത്യ സാന്നിധ്യമായിരുന്നു ഈ ‘മുത്തശ്ശി’.രാത്രി കാലങ്ങളില്‍ മരത്തില്‍ തങ്ങിയിരുന്ന മിന്നാമിനുങ്ങുകളെ കാണിച്ചായിരുന്നു ഉമ്മയെന്നെ ഉറക്കിയിരുന്നത്.ഞാന്‍ പേടിച്ച് കണ്ണുകളടച്ച് കിടക്കും.പിന്നീട് മിന്നാമിനുങ്ങുകളോടുള്ള പേടി മാറിയതോടെ രാത്രിയില്‍ ആ മനോഹര ദൃശ്യം കണ്ടു കൊണ്ടായി ഉറക്കം.

ആ മുത്തശ്ശി മരത്തിന്‍റെ മടിത്തട്ടില്‍ ഇരിക്കാത്തവരായി ഈ പ്രദേശത്താരുമില്ല. പല്ലെല്ലാം കൊഴിഞ്ഞ് നൂറിന്‍റെ ‘ബാല്യത്തില്‍’ ഇരിക്കുന്ന ആമിന താത്തയും ഇതില്‍ പെടും. ഒരു പ്രദേശത്താകെ പന്തല്‍ വിരിച്ചു നിന്നിരുന്ന ആ മരച്ചുവടായിരുന്നു ഞങ്ങളുടെ കളിസ്ഥലം. വെയിലിന്‍റെ കാഠിന്യമേല്‍ക്കാത്ത ആ തണല്‍ ചുവട്ടില്‍, മരത്തില്‍ ഊഞ്ഞാല്‍ കെട്ടിയാടിയും പട്ടയും ചുള്ളിയും കോട്ടിക്കളിയുമെല്ലാം കളിച്ച ഒരു ബാല്യം ഞങ്ങള്‍ക്കുണ്ടായിരുന്നു.പുതിയ ഇലകള്‍ വിരിഞ്ഞ് പൂത്തു തളിര്‍ത്തു നിന്നിരുന്ന ആ പുളിമരത്തിന് പ്രത്യേക ഭംഗിയായിരുന്നു. വൈകുന്നേരങ്ങളില്‍ സ്ത്രീകളുടെ വെടി പറച്ചിലിനുള്ള കേന്ദ്രം കൂടിയായിരുന്നു ആ മരച്ചുവട്.

കാലം അതിന്‍റെ മാറ്റം ആ മരച്ചുവട്ടിലും പ്രകടമാക്കി തുടങ്ങി. പുതിയ ബാല്യങ്ങളുടെ ഒഴിവു വേളകള്‍ ടി.വിയും കമ്പ്യൂട്ടറും കവര്‍ന്നെടുത്തപ്പോള്‍ ആ പുളിച്ചുവട് ആളനക്കമില്ലാത്ത ഇടമാക്കി മാറ്റി. ആ ‘മുത്തശ്ശിയുടെ’ മടിയില്‍ വളര്‍ന്നവര്‍ അവരുടെ ചുറ്റും മണിമാളികകള്‍ പണിതു. കട്ടയിട്ട മുറ്റങ്ങളിലേക്ക് പൊഴിയുന്ന ഇലകള്‍ മുത്തശ്ശിയുടെ ആയുസ്സ് കുറച്ചു കൊണ്ടേയിരുന്നു. തന്‍റെ ഓരോ ഭാഗങ്ങള്‍ തന്‍റെ മാറില്‍ ബാല്യം കഴിച്ചവര്‍ മുറിച്ചു മാറ്റുമ്പോഴും ആ പുളിമരം തന്‍റെ ശൗര്യം ചോരാത്ത പോലെ വീണ്ടു പുതിയ ഇലയിട്ടു, പുഷ്പിച്ചു, കായ്ച്ചു. പിറു പിറുക്കലുകള്‍ തന്‍റെ അന്ത്യ കൂദാശകളാണെന്നറിഞ്ഞിട്ടും ആ മരം തളര്‍ന്നിരുന്നില്ല.

അവസാനം അത് സംഭവിക്കുക തന്നെ ചെയ്തു. വില്ലേജ് ഓഫീസറുടെ അളവു നൂല്‍ തന്നെ ചുറ്റിയപ്പോള്‍ ആ മുത്തശ്ശി ‍അറിഞ്ഞു ഇനി താന്‍ ആത്മാവു നശിച്ച വെറും ശരീരം, രണ്ടായി പിരിഞ്ഞ് ഇനി രണ്ടിടങ്ങളില്‍ കട്ടിലായ് വാതിലായ് ജീവിക്കും.

പെട്ടെന്നാണ് ആ കാര്യം ഓര്‍മ്മ വന്നത്. ‘മുത്തശ്ശിയുടെ’ ഓര്‍മ്മക്കായ് എന്തെങ്കിലും ചെയ്യണം. അപ്പോഴാണ് കഴിഞ്ഞ വര്‍ഷം പാത്രത്തില്‍ എടുത്തു വെച്ച ‘പുളിങ്കുരു’ ഓര്‍മ്മ വന്നത്. ആ പുളിങ്കുരുകള്‍ പാകി പുതിയ മരങ്ങള്‍ നട്ടു പിടിപ്പിക്കണം. വേഗം പുളിങ്കുരു ഇട്ടു വെച്ച പാത്രം എടുത്തു നോക്കി. ഉറുമ്പുകള്‍ ബാക്കിയാക്കിയ കുറേ പുറം തോടുകള്‍ മാത്രമുണ്ടതില്‍. ഞാന്‍ വളരെ വൈകിയിരുന്നു.

വളവന്നൂര്‍ വരമ്പനാല സ്വദേശിയായ ജവാദ് സോഷ്യല്‍ മീഡിയ എഴുത്തിലൂടെ ശ്രദ്ധേയനാണ്.