കാൽപ്പാടുകൾ

അനന്തമായി നീണ്ടുകിടയ്ക്കുന്ന കാൽപ്പാടുകളുടെ അവസാനബിന്ദു അന്വേഷിച്ചാണു അയാൾ യാത്ര തുടങ്ങിയത്‌.
കേവലമൊരു തമാശരൂപേണ തുടങ്ങിയ ഈ യാത്ര , ഇന്നയാളെ വല്ലാത്തൊരു വിഷമാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.
നിഗൂഢതകൾ നിറഞ്ഞു , പരന്നു ഒരവസാനമില്ലാതെ കിടയ്ക്കുന്ന ഈ മരുഭൂമിയിലൂടെ നടക്കാൻ തുടങ്ങിയിട്ട്‌ എത്ര ദിവസങ്ങളായിയെന്ന് പോലും അയാൾക്ക്‌ അറിയില്ല.
വിശപ്പും ദാഹവും കലശലായി വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു.
തളരുമ്പേളിരിക്കാൻ ഒരു തണലുപോലുമില്ലാത്ത ഈ മരുഭൂമിയിലൂടെ തനിക്ക്‌ മുമ്പേ നടന്നു പോയത്‌ ആരാണു..?
എന്തിനാണയാൾ ഈ വിജനമായ മരുഭൂമിയിലൂടെ നടന്നു പോയത്‌..?
വിശപ്പിനോടൊപ്പം പലപല ചോദ്യങ്ങളും അയാളെ അലോസരപ്പെടുത്താൻ തുടങ്ങി.
കഴുകന്മാർ വട്ടമിട്ടു പറക്കുന്ന ആകാശത്തിനു താഴെ , വിജനതയിൽ അയാൾ തനിച്ച്‌.
ഘോരവിഷമുള്ള പാമ്പുകളെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌ .അതിൽ ചിലതിന്റെയൊക്കെ വാസസ്ഥലം മരുഭൂമികളാണെന്നും എവിടെയോ അയാൾ വായിച്ചിട്ടുണ്ട്‌.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഭയമെന്ന വികാരം അയാളെ കീഴ്പ്പെടുത്തിയിട്ടില്ല.
ആ ഒരു മനസ്സിന്റെ ദൃഢത ഒന്നുതന്നെയാണു അയാളെ ഈ സാഹസത്തിനു പ്രേരിപ്പിച്ചതും.പക്ഷേ , ഇപ്പോളയാൾക്ക്‌ മനസ്സിന്റെ ഏതോ ഒരു മൂലയിൽ പതുക്കെ ഭയത്തിന്റെ നിഴലുകൾ വീണുതുടങ്ങിയിരിക്കുന്നു.
നടന്നു നടന്നു ആയാളുടെ കാലുകൾ തളരാൻ തുടങ്ങി..
ദാഹം കൊണ്ട്‌ തൊണ്ടയിൽ ഉമിനീർ വറ്റിത്തുടങ്ങി…
കുറച്ചുദൂരം കൂടിയേ അയാൾക്ക്‌ നടക്കാൻ സാധിച്ചതൊള്ളു. ശരീരത്തിന്റെ അനിവാര്യമായ തളർച്ചയിൽ അയാൾ മണൽത്തിട്ടയ്ക്ക്‌ മീതെ ബോധംകെട്ടു വീണു.
അന്നേരം കാറ്റ്‌ ആഞ്ഞു വീശാൻ തുടങ്ങി.മണൽത്തരികൾ അന്തരീക്ഷത്തിൽ പുകയായ്‌ ഉയർന്നു.
കാറ്റിനു ശക്തികൂടാൻ തുടങ്ങി.
ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണു മരുഭൂമിയിൽ പലപ്രതിഭാസങ്ങളും നടക്കുക.
ബോധം പോകുന്നതിനു മുമ്പ്‌ ആയാൾ തനിക്ക്‌ പറ്റിയ അബദ്ധത്തെക്കുറിച്ച്‌ ചിന്തിച്ചു.
ഒരുപക്ഷേ , ഇങ്ങനെയൊരു അവസ്ഥ കാലം തനിക്ക്‌ വേണ്ടി ഒരുക്കിവച്ചതായിരിക്കും.
അയാളുടെ തൊണ്ട വരണ്ടു..
ഒരിറ്റു വെള്ളത്തിനായി അയാളുടെ നാവുകൾ പുറത്തേക്ക്‌ വന്നു..
കണ്ണുകളിൽ നിന്നും കണ്ണുനീർ അപ്രത്യക്ഷമായി..
ശരീരത്തിലൂടെ വിയർപ്പുകണികകൾ ഒലിച്ചിറങ്ങിയതുമില്ല.
കാറ്റിനു തെല്ലുശമനം വന്നപ്പോൾ ആയാൾ ചുറ്റും നോക്കി.അന്നേരമയാൾ ആ കാഴ്ച്ച കണ്ടു..
താൻ എന്ത്‌ അന്വേഷിച്ചാണോ യാത്രപുറപ്പെട്ടത്‌ , അത്‌ തന്റെ മുമ്പിൽ തെളിയുന്നു…!!
അയാൾക്ക്‌ സന്തോഷം അടക്കാൻ കഴിഞ്ഞില്ല.എന്നാൽ , സന്തോഷം കൊണ്ട്‌ അയാളുടെ കണ്ണുകാൾ നിറഞ്ഞില്ല..
കാറ്റ്‌ വീണ്ടും പൂർവ്വാധികം ശക്തിയോടെ ആഞ്ഞുവീശാൻ തുടങ്ങി.
കിടന്നകിടപ്പിൽ അയാൾക്കൊന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല.
മണൽത്തരികൾ അയാളെ പതുക്കെപതുക്കെ വിഴുങ്ങാൻ തുടങ്ങി.
അന്നേരമയാൾ സത്യം മനസ്സിലാക്കാൻ തുടങ്ങി..
ആ കാൽപ്പാടുകൾ തന്റേത്‌ തന്നെയാണെന്നും , അതിനെ തിരിച്ചറിയുന്നതോട്‌ കൂടി ഞാനെന്ന ദേഹം ഇല്ലാതെയാകുകയാണെന്നും..!!!
PHOTO(S)Provincia di Sassari
ബ്ലോഗർ എന്ന നിലയിൽ പ്രശസ്തനാണ് മയ്യേരിച്ചിറ സ്വദേശിയായ ഹമീദ്, ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും സാഹിത്യസംബന്ധിയായ രംഗത്ത് സജ്ജീവസാന്നിദ്ധ്യം. ഇപ്പോൾ സൗദി അറേബ്യയായിൽ ജിദ്ദയിൽ ജോലി ചെയ്യുന്നു