നീയും ഞാനും

1969

നീ ഞാനും ഞാന്‍ നീയുമായിരുന്ന മാത്രകള്‍
മാണിക്യമായ് നീ ഉള്ള നാളുകള്‍ മറ്റെല്ലാം എനിക്കു വെള്ളാരം കല്ലുകള്‍ മാത്രം

എന്‍റെ സ്വപ്നങ്ങള്‍ കിനാകണ്ട
കാലങ്ങള്‍ കുതിച്ചു പാഞ്ഞു തളര്‍ന്നു വീണ്ടും
നിലാവിന്‍റെ ധവളിമയില്‍ നിന്‍ മുഖ കാന്തി ദര്‍ശിച്ച രാത്രികളും

നിന്‍റെ നിഴലിനു തണലിട്ടു വെയിലേറ്റു ഞാന്‍ ചുവന്ന പകലുകള്‍ നിന്നില്‍ ചിലന്തി വല കെട്ടിയിരിക്കാം ഗൗളികള്‍ പാര്‍ത്തു തുടങ്ങിയിരിക്കാം

 

നാം കൈപിടിച്ചു ചേര്‍ന്നു നടന്ന
ഇടങ്ങളില്‍ ചുടു നിശ്വാസങ്ങള്‍
തങ്ങി നില്‍പുണ്ടാകാം സഖീ
ഇനിയില്ലെന്നാകിലും പോകണം ആ വഴികളില്‍ അനുഭവിച്ചീടണം നിന്‍ ദിവ്യമാം നിര്‍വൃതി

കരിമഷിയാല്‍ സങ്കലനം ചേര്‍ത്തെഴുതിയ പേരുകള്‍ തമ്മില്‍ കൊഞ്ഞനം കുത്തുന്നുണ്ടാകാം
പ്രണയം കോറിയിട്ട ചുമരുകളില്‍

നമുക്കായ് എത്ര മഴ പെയ്തു
തോര്‍ന്നു, നീര്‍ച്ചാലുകളില്‍ നമ്മള്‍ ഒഴുക്കിയ കടലാസു തോണികള്‍ കുതിര്‍ന്നു കീറി കരക്കടിഞ്ഞിട്ടുണ്ടാകാം

നിന്‍റെ മുടിക്കെട്ടിലേക്കു ഞാനെറിഞ്ഞ ഉന്നം തെറ്റിയ റോക്കറ്റുകള്‍
ചെമ്മണ്ണു പുല്‍കി കിടക്കുക്കുകയാകാം നാം കയറി പോന്ന പടവുകളില്‍

ഞാന്‍ ഇല്ല ഇന്നു
നിന്‍ ഹൃത്തില്‍ എങ്കിലും സഖീ അറിയുക നീ ക്ഷണികമാം ഈ തിരിനാളം അണയുന്ന നേരവും വെന്തെരിയണം നിനക്കായ്, കരി പിടിച്ച ഓര്‍മ്മകളില്‍ ജ്വലിച്ചീടണം എനിക്കു നീ മാത്രമായ്

 

BEd വിദ്യാർത്ഥിയായ അഷിഖ് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളവന്നൂർ ഇങ്ങേങ്ങൽപടി സ്വദേശിയാണ്.