നിലാവുപോലെ…

സമയം അർദ്ധരാത്രിയോടടുത്തുതുടങ്ങിയിരിക്കുന്നു. നല്ല നിലാവുണ്ടായിരുന്നു. വൃക്ഷത്തലപ്പുകളിൽ വീണുടയുന്ന വെള്ളിവെളിച്ചം താഴെ, മണ്ണിനുമീതെ വികൃതമായ നിഴലായി പരന്നു കിടക്കുന്നുണ്ടായിരുന്നു.
അയാൾ കട്ടിലിൽ ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞുംകിടന്നു. തൊട്ടടുത്ത്‌, കട്ടിലിന്റെ ഇടതുപാർശ്ശ്വത്തിൽ ഭാര്യഗാഢനിദ്രയിലാണ്. രാത്രികഴിച്ച മരുന്നിന്റെ ക്ഷീണമായിരിക്കാം അവളെ തളർത്തിയിട്ടിരിക്കുന്നത്‌. സ്തനത്തിൽ ആദ്യമൊരു മുഴയാണ് കണ്ടത്‌. തുടക്കത്തിൽ വേദനയോ പ്രയാസമോ തോന്നിയില്ല. പിന്നെപ്പിന്നെ അതിനു വേദനയും വലുപ്പവും കൂടിവന്നു.
അതായിരുന്നു തുടക്കം. കീമോതൊറോപ്പിയും മരുന്നുകളുമായി വർഷം മൂന്ന്. ജീവിതത്തിലെ നല്ലസായാഹ്നങ്ങളിൽ, ഇരുട്ടുമൂടിയ യാഥർത്ഥ്യങ്ങളുടെ നിഴലുകൾ വീണു തുടങ്ങിയപ്പോൾ ജീവിതത്തെക്കുറിച്ചവൾ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. വലതുവശത്തെ മുലപിഴുതെടുത്തപ്പോഴാണ് അവൾ ആ ആവലാതിപറഞ്ഞത്‌.
” ജോണിച്ചായാ..! ഞാൻ മരിക്കുമോ ? “
” ഒരുമരണത്തിനും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല ” എനിക്കറിയാമായിരുന്നു, ചില ആശ്വാസവാക്കുകൾക്ക്‌ മരണത്തോളം പഴക്കമുണ്ടെന്ന്. ഒരുപക്ഷേ, അതിന്നപ്പുറവും.
മരണം തൊണ്ടക്കുഴിയിലേക്ക്‌ അരിച്ചെത്തുമ്പോൾ, ഒരാശ്വസവും ദാഹത്തിനു ശമനംചെയ്യുന്നില്ല. കാരണം, ശരീരവുമായിട്ടുള്ള ആത്മാവിന്റെ ബന്ധം മരണത്തിനുപോലും പെട്ടെന്നു വിച്ഛേദിക്കാൻ സാധിക്കുന്നില്ല.
തുറന്നിട്ട ജനാല വിടവിലൂടെ അകത്തേയ്ക്ക്‌ പാളിനോക്കുന്ന വെളിച്ചത്തിൽ ഒരിക്കൽക്കൂടി അയാൾ ജെന്നിയുടെമുഖം വ്യക്തമായികണ്ടു.
ആ മുഖത്ത്‌ ചുളിവുകൾ വീണുതുടങ്ങിയിരിക്കുന്നു. കണ്ണുകൾക്കുചുറ്റും കറുത്തനിറം പൂർവ്വാധികം തെളിമയോടെ വ്യക്തമായി കാണാൻ കഴിയുന്നു. നീലനിറമുള്ള ഞെരമ്പുകൾ വെളുത്തശരീരത്തിൽ വേരുകൾപോലെ പിണഞ്ഞുകിടക്കുന്നു.
അടയ്ച്ചിട്ട വാതിലിന്റെ ഓടാമ്പൽ പതുക്കെനീക്കി അയാൾ പുറത്തിറങ്ങി. അവളപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.
വീടിന്റെ പടികളിറങ്ങുമ്പോൾ തനിക്കുമുന്പേ നിഴലതിറങ്ങിപ്പോകുന്നത്‌ അയാൾ കണ്ടു.
അന്നാദ്യമായാൾ നിശയുടെ സംഗീതംകേട്ടു. പലതരത്തിലുള്ള വാദ്യോപകരണങ്ങളുടെ സംഗീതം..!ആകാശത്തിൽനിന്നും മാലാഖമാർ നിലാവിന്റെ രൂപം പ്രാപിച്ചിറങ്ങിവരുന്നു..
ഇടവഴിയുടെ തുടക്കത്തിൽ വച്ചുതന്നെ തെരുവുനായ മുരടനക്കിപാഞ്ഞുപോകുന്നത്‌ കണ്ടു. പള്ളിമതിൽ ചാടിക്കടന്നുവിശാലമായ സെമിത്തേരിയിലേക്ക്‌ പ്രവേശിച്ചു. സെമിത്തേരിയിലെ ശവന്നാറിച്ചെടികളിൽ മിന്നാമിനുങ്ങുകൾ പാറിക്കളിക്കുന്നത്‌ അയാൾക്ക്‌ ദൂരേനിന്നുതന്നെ കാണാൻ കഴിഞ്ഞു.
പള്ളിഗേറ്റിൽ കാവൽക്കാരൻ കസേരയിൽ ഇരിക്കുന്നു. അയാൾ പാതിമയക്കത്തിലാണ്. ചെറു അനക്കങ്ങൾ കേൾക്കുമ്പോൾ ഇടയ്ക്കയാൾ ഞെട്ടിയുണരുന്നത്‌ കാണാം.
അയാൾ സെമിത്തേരിയുടെ പിറകുവശത്തേക്കു നടന്നു. കഷ്ട്ടിച്ചൊരാൾ പൊക്കത്തിൽ പടുത്തുയർത്തിയ മതിൽക്കെട്ട്‌ ചാടിക്കടന്ന് സെമിത്തേരിയിലേക്ക്‌ നടക്കുമ്പോൾ അയാൾ ചിന്തിച്ചത്‌ മരണത്തെക്കുറിച്ചായിരുന്നു. പലപ്പോഴും ഇതുപോലെതന്നെയല്ലേ മരണവും വരുന്നത്‌? അനുവാദം ചോദിക്കാതെ പലതും ചാടിക്കടന്നു…
പള്ളിയുടെ മുകളിൽ പ്രതിഷ്ഠിച്ച ക്രൂശിതരൂപത്തിൽനിന്നുംവരുന്ന പ്രകാശം സെമിത്തേരിയുടെ അങ്ങേയറ്റംവരെ എത്തുന്നുണ്ട്‌.എങ്കിലും, നിലാവിന്റെ നിഴലുകൾ സെമിത്തേരിക്കു നിശയുടെ നിറംകൊടുക്കുന്നുണ്ട്‌.
അയാൾ, സെമിത്തേരിയുടെ ഒരുമൂലയിൽ ഇരുട്ടുനിറഞ്ഞൊരു ഭാഗത്തിരുന്നു.
തെരുവുനായ മുരടനക്കികൊണ്ടു ഒരുശവക്കല്ലറയ്ക്കുമീതെ ഇരിക്കുന്നത്‌ കണ്ടു. നിലാവിന്റെ വെട്ടത്തിൽ നായയുടെ കണ്ണുകൾ വെട്ടിത്തിളങ്ങുന്നു.
അയാൾ ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള യാത്രയുടെ യാമങ്ങളിലായിരുന്നു. തൊണ്ട വല്ലാതെ വരളുന്നു. കണ്ണുകളിലേക്ക്‌ ഇരുട്ട്‌ കുത്തിയൊഴുകുന്നു… ഞരമ്പുകൾ വലിഞ്ഞുമുറുകുന്നു..
” ഞാൻ മരിക്കുമോ, ജെന്നീ? ” അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു. അന്നേരം അയാളൊരു അശരീരികേട്ടു
” ഇല്ല… ഒരുമരണത്തിനും ഞാൻ വിട്ടുകൊടുക്കില്ല…”
വേർത്തിരിച്ചെടുക്കാൻ കഴിയാത്തൊരു ബന്ധം, ആത്മാവ്‌ ശരീരത്തോടു പങ്കുവെക്കുകയായിരുന്നു അപ്പോൾ…!!
ബ്ലോഗർ എന്ന നിലയിൽ പ്രശസ്തനാണ് മയ്യേരിച്ചിറ സ്വദേശിയായ ഹമീദ്, ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും സാഹിത്യസംബന്ധിയായ രംഗത്ത് സജ്ജീവസാന്നിദ്ധ്യം. ഇപ്പോൾ സൗദി അറേബ്യയായിൽ ജിദ്ദയിൽ ജോലി ചെയ്യുന്നു