കുടുക്കി കെട്ടി

1971

മമ്മാല്യാക്ക തന്‍റെ മകളായ ഫാത്തിമക്കുട്ടിയേയും കൂട്ടി തിരൂരിലെ ഒരു സ്വര്‍ണ്ണക്കടയിലെത്തി.

‘മോ‍ക്കൊരു കുടുക്കിക്കെട്ടി മാണം ‘ മമ്മാല്യാക്ക ജ്വല്ലറിയിലുള്ള പയ്യനോടു പറഞ്ഞു. ‘ഏത് മോഡലാ കാക്കാക്ക് വേണ്ടത്’

‘മോഡലൊന്നും ഇക്കറീല്ല അതൊക്കെ ഇബക്കെ അറ്യൊള്ളൂ’ മമ്മാല്യാക്ക പയ്യനോടു പറഞ്ഞു.

ആ സമയത്ത്
ഫാത്തിമക്കുട്ടി ഏതോ മായാലോകത്ത് എത്തിയതു പോലെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു. ആദ്യമായാണവള്‍ ഒരു സ്വര്‍ണ്ണക്കടക്കുള്ളിലേക്ക് കയറുന്നത്. അതു കൊണ്ടു തന്നെ വിവിധ വലുപ്പത്തില്‍ പ്ലാസ്റ്റിക്ക് കഴുത്തുകളിലായി അലങ്കരിച്ചു വെച്ച അനേകമനേകം സ്വര്‍ണ്ണാഭരണങ്ങളിലേക്കു നോക്കി അത്ഭുതത്തോടെയവള്‍ നിന്നു.

‘പാത്തുമ്മാ!’ മമ്മാല്യാക്കാന്‍റെ വിളി കേട്ടപ്പോഴാണ് ഫാത്തിമക്കുട്ടിക്ക് പരിസര ബോധമുണ്ടായത്.

‘ഇജ്ജേത് ലോകത്താ, അന്നെ ഇങ്ങട്ട് കൊണ്ടന്നത് കിനാവ് കാണാനല്ല അനക്കൊരു കുടുക്കിക്കെട്ടി മാങ്ങാനാണ്’ മമ്മാല്യാക്ക ദേഷ്യത്തോടെ മകളോടു പറഞ്ഞു.

‘ഇതിലേതാ അനക്ക് മാണ്ടീച്ചാ ഇജ്ജ് നോക്കിട്ത്തോ’ പ്ലാസ്റ്റിക് കഴുത്തുകളില്‍ തൂക്കിയ വിവിധ തരം കുടുക്കിക്കെട്ടികള്‍ ചൂണ്ടി കാട്ടി മമ്മാല്യാക്ക പറഞ്ഞു.

കുറച്ചു സമയത്തെ തിരച്ചിലിനു ശേഷം ഫാത്തിമക്കുട്ടി തനിക്കിഷ്ടപ്പെട്ട കുടുക്കിക്കെട്ടി ബാപ്പാക്ക് കാണിച്ചു കൊടുത്തു.

‘ഇദെത്ര പവന്ണ്ട് ,ഏദേസം ഇദ്ന് എത്ര കായ്യ്യാവും മോനേ?’ മമ്മാല്യാക്ക വില്‍പനക്കാരന്‍ പയ്യനോടു നിഷ്കളങ്കനായി ചോദിച്ചു. പയ്യന്‍ ആഭരണമെടുത്തു തൂക്കി നോക്കി കൊണ്ടു പറഞ്ഞു, ‘പത്തു പവന്‍, രണ്ടായിരം രൂപ’.

‘ഇപ്പാ, ഇത്ര കായ്യ്യാവ്ണത് ഇക്ക് മാണ്ട’ ഫാത്തിമക്കുട്ടി ബാപ്പാനോടു പറഞ്ഞു. ‘ അഅ് ഇജ്ജ് നോക്കണ്ട. ഇജ്ജ്ക്കൊരു മോളാള്ളഅ് അനക്ക് മാണ്ട്യല്ലാതെ പിന്നെ ആര്ക്ക് മാണ്ട്യാ ഞാന്‍റെ കായ് ചെലാബാക്കാ’ മമ്മാല്യാക്ക സ്നേഹം തുളുമ്പുന്ന ശാസനയോടെ പറഞ്ഞു.

അങ്ങനെ ആ കുടുക്കിക്കെട്ടി ഒരുപാടു കാലം ഫാത്തിമക്കുട്ടിയുടെ കഴുത്തില്‍ മിന്നിത്തിളങ്ങി.

ഫാത്തിമക്കുട്ടി മരിച്ചു. ഫാത്തിമക്കുട്ടിക്ക് രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. മകളുടെ പേര് സൈനബ.

ഉമ്മ മരിച്ച സമയത്ത് സൈനബയുടെ കണ്ണുകളില്‍ നിന്ന് ആദ്യമാദ്യം കണ്ണുനീര്‍ സുനാമി പോലെ ഒഴുകി വന്നെങ്കിലും കഴുത്തില്‍ മിന്നുന്ന കുടുക്കിക്കെട്ടി കണ്ടതോടെ അവളുടെ കണ്ണുകള്‍ പഞ്ചായത്ത് ടേപ്പു പോലെ നിന്നു പോയി.

അങ്ങനെ ആ കുടുക്കിക്കെട്ടി സൈനബക്ക് അനന്തരാവകാശമായി കിട്ടി. അവളും കുറേ കാലം ആ ആഭരണം ധരിച്ചു നടന്നു. സൈനബക്ക് ഒരു മകള്‍, പേര് ഫാത്തിമ റോഷ്ന. വല്ല്യുമ്മാന്‍റ പേര് പേരക്കുട്ടിയുടെ ആദ്യ ഭാഗമായി സൈനബ ചേര്‍ത്തു, തുടര്‍ന്നു പോകുന്ന ചങ്ങലക്കണ്ണികളെപ്പോലെ.

‘മമ്മീ, ഈ നെക്ലേസ് നല്ല ഭംഗിയുണ്ട്’ സൈനബയുടെ കഴുത്തില്‍ തിളങ്ങുന്ന കുടുക്കിക്കെട്ടി കൊതിയോടെ നോക്കി കൊണ്ട് റോഷ്ന പറഞ്ഞു.

‘റോഷി മോളേ, മോക്ക്ത് പറ്റ്യാ?’ സൈനബ മകളോടു ചോദിച്ചു.
‘ഇത് കാണാന്‍ നല്ല രസമുണ്ട് മമ്മീ, കിട്ടിയാല്‍ ഇന്ക്കും ഇതിടാമായിരുന്നു’ ഉള്ളില്‍ തികട്ടി കൊണ്ടിരുന്ന ആഗ്രഹം അവള്‍ പുറത്തേക്കൊഴുക്കി.

‘ഇദെന്‍റെ വല്ലിപ്പ ഇന്‍റെ ഇമ്മാക്കു വാങ്ങി കൊടുത്തതാണ്. അന്‍റെ കല്ല്യാണ്ത്ത്ന്‍റെ അന്ന് ഞാനിദ് അനക്ക് തരും, അന്ന് മുതല്‍ അന്‍റതാണീ കുടുക്കിക്കെട്ടി അല്ല നെക്ലേസ് ‘ എന്നു പറഞ്ഞു കൊണ്ട് സൈനബ മകളില്‍ പ്രതീക്ഷയെന്ന അന്ത്യമില്ലാത്ത സ്വപ്നത്തിന് തിരി കൊളുത്തി.

കാലങ്ങള്‍ പെയ്തൊഴിഞ്ഞു.റോഷ്നി വിവാഹിതയായി. നൂറു പവന്‍ വാങ്ങി ഒരു ഗള്‍ഫുകാരന്‍ അവളെ ജീവിത സഖിയാക്കി. ബാധ്യതകളെല്ലാം തീര്‍ന്ന് സ്വസ്ഥയായിരുന്ന സൈനബയേയും തേടി അവനെത്തി,
രംഗ ബോധമില്ലാത്ത കോമാളി.

റോഷ്നിയുടെ ഭര്‍ത്താവ് ഫൈസല്‍ നിതാഖാതില്‍ തൊഴില്‍ നഷ്ടപ്പെട്ട് നിരാശനായി നാട്ടിലെത്തി.

പ്രത്യേകിച്ച് സമ്പാദ്യങ്ങളൊന്നുമില്ലാത്ത ഫൈസലിന്‍റെ ആകെയുള്ള പ്രതീക്ഷ ഭാര്യയുടെ നൂറു പവനിലാണ്. അതു വിറ്റു കിട്ടുന്ന പണം കൊണ്ട് നാട്ടില്‍ ചെറിയ ബിസിനസ്സ് തുടങ്ങാമെന്നയാള്‍ ചിന്തിച്ചു.

റോഷ്നിയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി ജ്വല്ലറിയിലെത്തിയപ്പോഴാണ് ഫൈസല്‍ അറിയുന്നത് അവളെന്നും അഹങ്കാരത്തോടെ പറഞ്ഞിരുന്ന പത്തു പവന്‍റെ ആ നെക്ലേസ് മുക്കു ചേര്‍ത്ത സ്വര്‍ണ്ണമാണെന്ന്

‘റോഷ്നീ! ‘ എന്ന് അലറി വിളിച്ചു കൊണ്ടാണ് ഫൈസല്‍ വീട്ടിലേക്കു വന്നത്. ദേഷ്യം കൊണ്ടും നിരാശ കൊണ്ടും അയാള്‍ അന്തനായിരുന്നു.

ഫൈസലിന്‍റെ ഭാവങ്ങളില്‍ നിന്നും കാര്യങ്ങളുടെ ഏകദേശ രൂപം അവള്‍ക്കു കിട്ടി.
തലമുറകളിലേക്കു നീണ്ട ചതിയുടെ നീരാളിക്കരങ്ങളില്‍ താന്‍ ഞെരിഞ്ഞമരുന്നുവെന്ന് റോഷ്നിക്കു തോന്നി.

റോഷ്നി വീട്ടിലെ കിണറ്റില്‍ ഒരു ജലരേഖയായി അസ്തമിച്ചു. റോഷ്നിയുടെ മരണത്തോടെ
അകം വീണ്ടും ശൂന്യമായ കുടുക്കിക്കെട്ടി തന്നില്‍ എരിഞ്ഞു തീരാന്‍ വരുന്ന പുതിയ തനുവിനെയും കാത്തിരുന്നു

BEd വിദ്യാർത്ഥിയായ അഷിഖ് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളവന്നൂർ ഇങ്ങേങ്ങൽപടി സ്വദേശിയാണ്.