കർമ്മികളുടെ മന്ത്രോച്ചാരണത്തോടൊപ്പം കുങ്കുമത്തിന്റെയും ചന്ദനത്തിരികളുടെയും കുന്തിരികത്തിന്റെയും രൂക്ഷഗന്ധം വായുവിലൊരു ശോകാന്തരീക്ഷം സൃഷ്ടിച്ചു. കാലിന്റെ തള്ളവിരലുകൾ പരസ്പ്പരം ബന്ധിച്ച്, മൂക്കിൽ പഞ്ഞിയും തിരുകി, താടയ്ക്കൊരു കെട്ടുംകെട്ടി, വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ്… പുതുഗന്ധം വിട്ടുമാറാത്ത പുൽപായയിൽ ഞാൻ കിടയ്ക്കുകയാണു. അൽപസമയം കഴിഞ്ഞാൽ എന്നെ ചിതയിലേക്ക് എടുത്തു വെക്കും. അനിവാര്യമായൊരു പര്യവസാനം…!
എന്റെ ദേഹം അഗ്നി ഏറ്റെടുക്കുന്നതോട് കൂടി ഞാനെന്ന ശരീരവും ജീവിതമെന്ന മിത്തും അതിവിദൂരമായ രണ്ടു കോണുകളിലേക്ക് യാത്രയാകുന്നു… കമണ്ഡലുവിലൂടെ ഒഴുകുന്ന തീർത്ഥത്തിനു പോലും വെന്തുകരിഞ്ഞ മാംസത്തിന്റെ രുചിയും ഗന്ധവും ഉള്ളത് പോലെ എനിക്ക് തോന്നി. മന്ത്രോച്ചാരണത്തിന്റെ പാരമ്യത്തിലാണു കർമ്മികൾ. കുറച്ചപ്പുറത്ത്, ഒന്നിനുപുറകെ മറ്റൊന്നായി വെന്തെരിയുന്ന ചിതകൾ.. എല്ലാപാപങ്ങളും ഏറ്റുവാങ്ങി പതുക്കെ ഒഴുകുകയാണു ഗംഗ..!
അനന്തമായി..! ദശാശ്വമേധഘട്ടിൽ ഇനിയൊരു ആരതി തെളിയുന്നത് കാണാനുള്ള ഭാഗ്യം എനിക്കില്ല. ആ ഒരു വേദനമാത്രമേ ഉള്ളിലൊള്ളു. എങ്കിലും ഈ ജന്മാന്തരങ്ങളിലൂടെ ഞാനനുഭവിച്ചറിഞ്ഞ ആരതിയുടെ കർപ്പൂരഗന്ധം ഇന്നും എന്റെയുള്ളിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വേവലാതി ഒന്നു മാത്രമേയുള്ളു, എത്രയും പെട്ടന്ന് ചിതയിലേക്ക് എടുത്തു വെക്കണേയെന്ന ഒരു അമർഷം മാത്രം. ഓരോ നിമിഷംകഴിയുംതോറും എന്നിലെ ചിന്തകൾക്ക് തീപിടിക്കുകയാണു. ആ ചിന്തകൾ ഉള്ളിൽ കിടന്ന് ഒരു കനലായി എരിയുന്നു. ആ വേദന എനിക്ക് സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണു. എല്ലാ ഓർമ്മകളും മനസ്സിന്റെയുള്ളിലെ ഒരു പിടച്ചിലാണുതാനും. ഒരുപക്ഷേ, മൃതദേഹം അനുഭവിക്കുന്ന ഏറ്റവും വലിയ വേദന, അവന്റെ ചുറ്റുമുള്ള ബന്ധുമിത്രാദികളുടെ നെഞ്ചത്തടിച്ചുള്ള വാവിട്ട കരച്ചിലായിരിക്കാം.
“എന്റെ മകൻ പോയേ… ” “എന്റെ ഭർത്താവ് പോയേ… ” “എന്റെ…………. ”
വല്ലാത്തൊരു വിഷമാന്തരീക്ഷം തന്നെയാണത്. എന്നാൽ, എനിക്ക് അതേക്കുറിച്ചൊന്നും ചിന്തിക്കേണ്ടതില്ല. കാരണം, ജീവിതയാത്രയിൽ എവിടെയോവെച്ച് ഒരു സ്ത്രീക്ക് പറ്റിയ സമയദോഷമെന്നോ, അസംബന്ധമെന്നോ എന്നെക്കുറിച്ച് പറയാം. ആ അസംബന്ധം എവിടെക്കെയോ കിടന്ന് അങ്ങനെ വളർന്നു. പിന്നീടെപ്പൊഴോ മറ്റൊരു സ്ത്രീയുടെ കൈകളിൽ ഞാൻ എത്തിപ്പെടുകയും, കാശിവിശ്വനാഥന്റെ നാട്ടിലൊരു അഭയാർത്ഥിയാകുകയും ചെയ്തു. ഉള്ളിൽ കുറച്ചു സ്നേഹം ബാക്കി നിന്നത് കൊണ്ടോ എന്തോ… ആ സ്ത്രീ എന്നെയൊരു യാചകനാക്കിയതുമില്ല. ഇന്ന്… പെറ്റിട്ടു പോയ തള്ളയുടെ മുഖം ഓർമ്മയിൽ ഇല്ലെങ്കിലും.., തന്നെ ഈ പട്ടണത്തിലെത്തിച്ച ആ വൃദ്ധയുടെ രൂപം ഇന്നും ഓർമ്മയിലുണ്ട്..!
പ്രായത്തിന്റെ ജരാനരകൾ ബാധിച്ച മുഖം… മുഴുവനായി നരച്ചുപോയ തലമുടികൾ… ശോഷിച്ച ശരീരം… പൻപരാഗിന്റെയും തംബാക്കിന്റെയും വളിച്ച ഗന്ധം വാ തുറക്കുമ്പോൾ… ക്ലാവു പിടിച്ച പല്ലുകൾ… എന്നാലും ആ വൃദ്ധയുടെ നയനങ്ങൾക്ക് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. ഇപ്പോൾ എനിക്കെല്ലാം ഓർത്തെടുക്കാൻ സാധിക്കുന്നുണ്ട്. ഒരു കണ്ണാടിയിൽ പ്രതിഫലിക്കുന്നത് പോലെ മൂന്ന് കാലങ്ങളും വളരെ വ്യക്തമായി മുന്നിലേക്ക് തെളിഞ്ഞു വരുന്നു.
****** ******* *****
ബനാറസ്സിന്റെ തെരുവോരങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഒരുപക്ഷെ, അവധൂതന്മാരേയും സന്ന്യാസിമാരേയുമാണു. ഈ നഗരത്തിലെത്തിപ്പെടുന്ന അനാഥരാവാം അതിലധികവും. ഇവിടെ കാഷായവസ്ത്രം തന്നെ ഒരു ജീവിതോപാദിയാണു…! കാശിയുടെയും ബനാറസ്സിന്റെയും വാരണാസിയുടെയും (മൂന്നും ഒന്നുതന്നെ )തെരുവുകൾ അവർക്കൊരു അഭയകേന്ദ്രം കൂടിയാണല്ലോ. കാശിയുടെ ഏത് ഗല്ലികളിലുള്ളവർക്കും ഈ വൃദ്ധയെക്കുറിച്ചറിയാം.ഏത് കാലത്ത്, എപ്പോൾ അവർ ഇവിടെ എത്തിപ്പെട്ടെന്ന് ആർക്കുമറിയില്ല. ഇടയ്ക്കൊരു ദേശാടനം… അത് കഴിഞ്ഞു വീണ്ടും കാശിയിലേക്ക്… ഓരോ വരവിലും വൃദ്ധയോടൊപ്പം ഒരു അനാഥജന്മമുണ്ടാകും ,കാശിവിശ്വനാഥന്റെ മുന്നിൽ സമർപ്പിക്കാൻ…
“നാഥാ.. കാശിനാഥാ.. ! ഇതിനെ നിന്നെയേൽപ്പിക്കുന്നു… അവിടുന്ന് കാത്തുകൊള്ളേണേ… ”
വൃദ്ധയുടെ പ്രാർത്ഥന അതുമാത്രമായിരുന്നു. ഇപ്പോൾ ആ വൃദ്ധയെക്കുറിച്ച് ഞാൻ ചിന്തിക്കാൻ കാരണം എന്തെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. കാരണമുണ്ട്, ഞാൻ മരിക്കുന്നതിനു മുമ്പ്..,ഏകദേശം ഒരാഴ്ച്ച മുമ്പാണു ആ വൃദ്ധ മരിച്ചത്. ദശാശ്വമേധ് ഘട്ടിൽ ആരതിയുടെ അവസാന മന്ത്രജപം തുടങ്ങികഴിഞ്ഞു. ഗംഗയുടെ മുകൾപരപ്പിൽ വർണ്ണങ്ങളുടെ മഴപെയ്തു.. ! അവാച്യമായൊരു അനുഭൂതിയിൽ ഭക്തർ ദേവലോക നിർവൃതിപുൽകി… ഗംഗയുടെ ഇപ്പുറമിരുന്ന് ഞാൻ എല്ലാം കണ്ടു. ആരതിയുടെ തെളിഞ്ഞ വെളിച്ചത്തിൽ ഗംഗയിലൂടെ എന്തോ ഒഴുകിവരുന്നത് പോലെ എനിക്ക് തോന്നി. ശ്രദ്ധയോടെ നോക്കി. എന്റെ കണ്ണുകളിൽ നിന്നും അശ്രു ധാരധാരയായി ഒഴുകി.
“മകനേ..! ഞാൻ പോകുന്നു… പോരുന്നോ എന്റെ കൂടെ..? ”
വൃദ്ധയുടെ ആ ചോദ്യം എന്റെയുള്ളിൽ വല്ലാത്തൊരു ആശയക്കുഴപ്പമുണ്ടാക്കി. അതിലേറെ ഭീതിയും. അന്ന് രാത്രി ഞാൻ പേടിപ്പെടുത്തുന്ന കുറേ സ്വപ്നങ്ങൾ കണ്ടു… അനേകം ബലിതർപ്പണ പീഠങ്ങൾ… ബലിതർപ്പണ പീഠങ്ങളിൽ ചമ്രം പടിഞ്ഞിരിക്കുന്ന പാണ്ഡകൾ… ഓരോ തർപ്പണപീഠത്തിനു മുമ്പിലും നല്ല തിരക്കുണ്ട്. പ്രിയപ്പെട്ടവരുടെ മോക്ഷപ്രാപ്തിക്ക് വേണ്ടി തർപ്പണം ചെയ്യാനും ശ്രാദ്ധമൂട്ടാനും എത്തിയവർ… കമണ്ഡലുവിലൂടെ പാണ്ഡകൾ ഒഴിച്ചുകൊടുക്കുന്ന പുണ്യാഹത്തിലൂടെ ഒഴുകി പോകുന്ന മുജ്ജന്മപാപം..! മന്ത്രധ്വനികളാൽ മുകരിതമായ ഭാവാന്തരീക്ഷം… !!
**** ********** ********
എന്റെ ശരീരം ചിതയിലേക്ക് എടുത്തുവെക്കുകയാണു… എല്ലാഭാരവും വാരണാസിയുടെ അധിപനിലേക്ക്… കാശിനാഥനിലേക്ക്… ഗംഗയിലേക്ക്…
ശുഭം