ആദർശ്ശങ്ങൾ ശരിയും തെറ്റും

2784

ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത് കഴിഞ്ഞ ഡിസംമ്പർ 28 – 2011 നു മാധ്യമം തൃശ്ശൂർ എഡിഷനിൽ വന്ന ഒരു വാർത്തയാണു. വാർത്തയുടെ രത്നചുരുക്കം ഇതാണു മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി എന്നാൽ,പെൺകുട്ടിയുടെ വിദ്യാഭ്യാസം കഴിയുന്നത് വരേക്കും വിവാഹം കഴിക്കാതെ പെൺകുട്ടിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്ന മഹാൻ ഒരുസുപ്രഭാതത്തിൽ മറ്റൊരുവളെ വിവാഹത്തിനൊരുങ്ങിയെന്നാണു പത്രവിവരണം.

നമ്മുടെ നാട്ടിൽ കുറച്ച് കാലങ്ങളായി തുടരുന്ന ഒരു കീഴ് വഴക്കമാണ്, വിവാഹാലോചനകൾ തുടങ്ങി പെൺക്കുട്ടിയും, ചെറുക്കനും കണ്ടിഷ്ടപ്പെട്ട് തുടങ്ങുന്നതിൻറെ പിറ്റേന്ന് മുതൽ പരസ്പരം പരിചയപ്പെടുകയെന്ന ഓമന പേരിൽ ടെലഫോൺ സംഭാഷണങ്ങൾ ആരംഭിക്കുകയായി, വെറും ഒരു പരിചയപ്പെടലെന്ന് മാതാപിതാക്കൾ കരുതുന്ന ഈ ഫോൺ സല്ലാപങ്ങൾ പലപ്പോഴും രാവിൻറെ ഏകാന്തതയിൽ മണിക്കൂറുകളോളം നീളുന്നത് പല മാതാപിതാക്കളും ഉറക്കത്തിന്റെ അഗാധതയിൽ അറിയുന്നില്ല, അല്ലെങ്കിൽ അറിഞ്ഞും അറിഞ്ഞില്ല എന്ന് നടിക്കുന്നു,ഇവരുടെ സങ്കൽപ്പത്തിൽ വിവാഹം ഉറപ്പിച്ച കുട്ടികളുടെ സംഭാഷണത്തിൽ ഒരു കട്ടുറുമ്പാകേണ്ടയെന്ന സദുദ്ദേശമായിരിക്കാം. എന്നാൽ, ഇവർ മറന്ന് പോകുന്ന ഒരു പ്രധാന കാര്യമുണ്ട് ആധുനിക കാലഘട്ടത്തിൽ പരസ്പരം നൽകുന്ന പല വാക്കുകളും ലംഘിക്കപ്പെടുന്നു, അതിനു ന്യായീകരണങ്ങൾ പലതും നിരത്തി വാക്ക് പറഞ്ഞുറപ്പിച്ച പലബന്ധങ്ങളും ഇല്ലാതാവുന്നത് നാം പലരും കണ്ട് കൊണ്ടിരിക്കുന്നു.

പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരാകാൻ സന്നദ്ധരാകുന്നവർ ഫോണിലൂടെ അല്പം പരിചയപ്പെട്ടാൽ ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്നും, പുതുയുഗത്തിൽ വിവാഹിതരാകാൻ പോകുന്നവർ പരസ്പരം അറിഞ്ഞതിനു ശേഷം വിവാഹം കഴിക്കുന്നതാണു ഉത്തമമെന്നും, അതിനെതിരു നിൽക്കുന്നവർ പിന്തിരിപ്പന്മാരെന്നും പറയുന്നവർ ധാരാളം കാണുന്നുണ്ട്. അത് കേട്ട് തലകുലുക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ധാരാളം. എന്നാൽ, ഇതിനെ അനുകൂലിക്കുന്നവർ ഇത്തരം ടെലിഫോൺ സംഭാഷണങ്ങൾ കഴിഞ്ഞു ഒരു സുപ്രഭാതത്തിൽ വിവാഹിതനാകാൻ ഉദ്ദേശിച്ച യുവാവോ/യുവതിയോ കൊടുത്ത വാക്കിൽ നിന്ന് പിന്മാറുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്യുന്നു. അപ്പോൾ ഇത്രയും കാലം രാവിന്റെ ഏകാന്തതയിൽ അവർ പരസ്പരം പങ്ക് വെച്ച സ്വകാര്യ സംഭാഷണങ്ങൾ യവനികക്ക് പുറത്ത് വരികയും, അവയിൽ ചിലത് യുവതിക്ക് പ്രതികൂലമായി പ്രയോഗിക്കാൻ കൂടി ചില വിരുതന്മാർ തയ്യാറാവുകയും ചെയ്യുന്നു. ഇത്തരം ഫോൺ സംഭാഷണങ്ങൾക്ക് ഇരയായി വിവാഹം ഉപേക്ഷിക്കപ്പെട്ട നിരവധിസംഭവങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ട്.

ഒരുദാഹരണം പറയാം. ഞാൻ അറിയുന്ന ഒരു വ്യക്തിയുടെ മകൾക്ക് വിവാഹം പരസ്പരം കണ്ടുറപ്പിച്ചതിൻറെ പിറ്റേന്ന് ചെറുക്കൻ പെൺക്കുട്ടിക്ക് ഒരു മോബൈൽ ഫോൺ സമ്മാനമായി കൊടുത്തയക്കുന്നു, നിഷ്ക്കളങ്കരായ മാതാപിതാക്കൾ അത് മകൾക്ക് ഭാവി വരൻ നൽകുന്ന ഒരു ഉപഹാരമായി മാത്രം കരുതി മകളെ ഏല്പിക്കുന്നു. പെൺക്കുട്ടി കോളേജ് വിദ്യാർത്ഥിനി.. ഭാവി വരനോ പ്രവാസ ജീവിതം നയിക്കുന്നവൻ ,പരസ്പരം മനസ്സിലാക്കൽ സംഭാഷണങ്ങളിൽനിന്ന് ആരംഭിക്കുന്ന സല്ലാപങ്ങൾ രാവുകളിൽ തുടരുന്നു, പഠിക്കുന്ന പെൺക്കുട്ടിയല്ലേ എന്ന് കരുതി മകളുടെ മുറിയിലെ അണക്കാത്ത വെളിച്ചം കണ്ട് സംശയിച്ചില്ല, സല്ലാപങ്ങൾതുടരുന്നു വെളുക്കുവോളം, പെൺക്കുട്ടി രാവിലെ ഉറക്കച്ചടവോടെ കോളേജിൽ പോയി കൊണ്ടിരുന്നു, പഠന നിലവാരം താഴ്ന്നത് മാതാപിതാക്കൾ കണ്ടില്ല, ഫോൺ വിളികൾതുടർന്നു, പരസ്പരം വാചകമടികൾ വർദ്ധിച്ചു,ഒരു നാൾ ഭാവി വരൻറെ വീട്ടിൽ നിന്ന് ഒരു ഫോൺ പെൺക്കുട്ടിയുടെ പിതാവിനു, അഞ്ച് ലക്ഷം രൂപ പണമായി ഉടനെ നൽകണമെന്ന്. നേരത്തെ ഒറ്റ നയാ പൈസ പോലും സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ കൂട്ടരിൽ നിന്ന് ഇത് കേട്ട പെൺക്കുട്ടിയുടെ പിതാവ് ഞെട്ടി, വിവാഹം വേണ്ടെന്ന് വെക്കപ്പെട്ടു. ഏകദേശം നാലു മാസ ക്കാലത്തോളം പെൺക്കുട്ടിയും, ഭാവി വരനും രാവുകളിൽ നടത്തിയ സംഭാഷണങ്ങൾ ഒരു പക്ഷേ, കേവലം ഒരു പൊങ്ങച്ചത്തിൻറെ പേരിൽ വായുവിൽ ലയിച്ച് പോയതെങ്കിൽ ഇത്തരം പരിചയപ്പെടലുകൊണ്ട് എന്ത് നേട്ടമാണു അവർക്കും, അവരുടെ കുടുംബത്തിനും , സമൂഹത്തിനും ഒരു നന്മയായി ചൂണ്ടിക്കാണിക്കാനുള്ളത്?

മറ്റൊരു ദുരന്തമിങ്ങനെ… ഒമ്പത് മാസങ്ങൾക്ക് മുൻപ് വിവാഹം ഉറപ്പിച്ചു , ഭാവി വരൻ ഗൾഫിൽ നിന്ന് ഫോൺ ചെയ്തുകൊണ്ടിരുന്നു. പരസ്പരം പിരിയില്ലെന്ന് വാഗ്ദാനങ്ങൾ,ശരിക്കും വിവാഹിതരായ പ്രതീതി നാടെങ്ങും,പെൺക്കുട്ടി പഠിക്കുന്നതിനാൽ മാതാവ് ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോയപ്പോൾ മകളുടെ സുരക്ഷക്കായി സഹോദരൻറേ വീട്ടിലാക്കി, ഭാവി വരൻ പെൺക്കുട്ടിക്ക് ഫോൺ ചെയ്തപ്പോൾ പെൺക്കുട്ടി മറ്റൊരു വീട്ടിൽ, പെൺക്കുട്ടികൾഏറ്റവും സുരക്ഷിതരായിരിക്കണമെന്ന മാതാപിതാക്കളുടെ മോഹം ഒരു വശത്ത്, വിവാഹം ഉറപ്പിച്ച പെൺക്കുട്ടിയെ തനിച്ചാക്കി മാതാവ് വിദേശത്ത് പോയതിൽകെറുവിച്ച് ഭാവി വരൻ പെൺക്കുട്ടിയോട് മാതാവിൻറെ ഈ ചെയ്തിയെ വിമർശ്ശിക്കുന്നു. പെൺക്കുട്ടി മാതാവിനെ അറിയിക്കുന്നതോടെ ഒമ്പത് മാസക്കാലം നടത്തിയ ഫോൺസംഭാഷണങ്ങൾക്ക് വിരാമമായി, കല്ല്യാണ ക്ഷണക്കത്തിൻറെ മാറ്റർ പ്രസ്സിൽ നിന്ന് പിൻവലിക്കപ്പെട്ടു, വിവാഹം മുടങ്ങി പിന്തിരിപ്പനായ ചെറുക്കനെ വേണ്ടെന്ന് പിടി വാശിയിൽ മാതാവ്. മകൾക്ക് അയാളെ പിരിയാൻ വയ്യെന്ന് പെൺക്കുട്ടി … അവസാനം മാതാവിൻറെ വാശി ജയിച്ചു, വിവാഹം വേണ്ടെന്ന് വെച്ചു.

പുരോഗമനം എന്ന് പറയുന്ന ഇത്തരം പൊള്ളയായ കീഴ്വഴക്കങ്ങൾ ഗുണത്തേക്കാളേറെ ദോഷം വരുത്തി വെക്കുന്നു. വിവാഹിതരാകാൻ പോകുന്നവർ തമ്മിൽപരസ്പരം അടുത്തറിയണമെന്ന് പറയുന്ന മനഃശാസ്ത്രജ്ഞന്മാരെ പോലും ഞെട്ടിക്കുന്ന തരത്തിലാണു അവരുടെ പേരിൽ സമൂഹം പറയുന്ന ഈ പരിചയപ്പെടലുകൾ. പഴയ കാലങ്ങളിൽ പെണ്ണും ചെറുക്കനും കണ്ട് ഒന്ന് രണ്ട് വാക്കുകളിൽ അവസാനിച്ചിരുന്ന സംഭാഷണങ്ങളും ഇഷ്ടപ്പെടലുകളും, പിന്നെ,മധുരമായ കുറച്ച് കാത്തിരിപ്പിനു ശേഷം വിവാഹിതരാകുമ്പോൾ ലഭിച്ചിരുന്ന ആഅനുഭൂതി ഇന്നത്തെ പരിചയപ്പെടലുകൾക്ക് ശേഷം ഒരു ദിവസം വിവാഹമെന്ന നിയമകുരുക്കിനു മാത്രം ഒതുങ്ങിപോകുന്ന കാഴ്ചയാണു നാം കാണുന്നത്. ദിനവും സരസ സല്ലാപങ്ങൾ നടത്തിയിരുന്നത് നേരിൽകാണുന്നതോടെ നഷ്ടമാകുന്നു, മണിക്കൂറുകളോളം സംസാരിച്ചിരുന്നവർക്ക് സംസാരിക്കാൻ വിഷയം നഷ്ടമാകുന്നു,രാവുകൾ ചിലപ്പോൾ വെറും ശാരീരിക ബന്ധത്തിൽ മാത്രം ഒതുങ്ങുന്നു. പിന്നെ, ക്രമേണ പഴയ രസം കൊല്ലി സംഭാഷണങ്ങൾനഷ്ടമാകുന്നതോടെ വിരസമാകുന്ന ദിനരാത്രങ്ങൾ. ഇതു ഒരു പക്ഷേ, നല്ലൊരു ദാമ്പത്യത്തിൻറെ അവസാനത്തിലേക്ക് തന്നെ വഴിവെക്കുന്ന ദാരുണ കാഴ്ചകളാണു നമ്മുക്ക് ചുറ്റും.

ഈ ചുറ്റുപാടിലാണു ഞാൻ എൻറെതായ ചില ആശയങ്ങളിലും , ആദര്ശങ്ങളിലും നിഷ്കര്ഷത പാലിക്കണമെന്ന് തോന്നി തുടങ്ങിയതും, നടപ്പാക്കാൻ തുടങ്ങിയതും,മറ്റുള്ളവരിൽ എനിക്ക് അടിച്ചേൽപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ എനിക്കെന്നിൽ പ്രയോഗിക്കാൻ പൂർണ്ണ അവകാശമുള്ളതിനാൽ എൻറെ പ്രായോഗിക ജീവിതത്തിൽ ഞാൻ അത് നടപ്പിലാക്കാൻ തീരുമാനിച്ചു. എൻറെ മകളുടെ വിവാഹാലോചന വന്നപ്പോഴെ എൻറേ നിർദ്ദേശം വരൻ വീട്ടുകാരെ അറിയിക്കുകയും അവർ പരിപൂർണ്ണമായും എൻറെ നിർദ്ദേശങ്ങളെ അംഗീകരിക്കുകയുംചെയ്തു, നാളിത് വരെ ആ നിബന്ധന അനുസരിച്ച് ഭാവി വരൻ പാലിക്കുകയും ചെയ്യുന്നു. എങ്കിലും ചില വിട്ട് വീഴ്ചകൾക്കു ഞാൻ സ്വയം വിധേയനാകുന്നു, അതും എൻറെമതവിശ്വാസങ്ങൾക്ക് മാത്രം വിധേയമായി കൊണ്ട് മാത്രം, എൻറെ മക്കൾ ദീർഘമായ ഒരുകാത്തിരിപ്പിനു വിധേയമാകേണ്ടതില്ലെന്ന് കരുതി തന്നെ, മുസ്ലീം മതാചാരപ്രകാരമുള്ളവിവാഹത്തിൻറെ അതിപ്രധാന ചടങ്ങായ നിക്കാഹ് (ഇണകളെ കൂട്ടി ചേർക്കൽ ) നടത്താൻ നിശ്ചയിച്ചു അത് നടപ്പാക്കുന്നു. നിയമപ്രകാരമുള്ള ഈ കൂട്ടിയിണക്കലിനു ശേഷം എത്ര ഫോൺ വിളികളായാലും യാതൊരു നിയമ തടസ്സങ്ങളില്ലാത്തതും,സുദീർഘങ്ങളായ രാത്രി സംഭാഷണങ്ങൾക്ക് വിരാമമാകുകയും ചെയ്യുമെന്ന് ഞാൻകരുതുന്നു. കാരണം, നിയമങ്ങൾക്ക്വിധേയരാകുന്ന നവദമ്പതികൾ തങ്ങൾ മതപരമായും, സർക്കാർ നിയമങ്ങൾക്കും വിധേയമാണെന്ന സ്വയം ബോധം ഉടലെടുക്കുകയും, തന്നിമിത്തം, വാക്ക് ലംഘനങ്ങൾ നടത്തിയാൽ നിയമം പിടികൂടുമെന്ന ബോധവും ഇവർക്ക് ലഭിക്കും അങ്ങനെ അനാവശ്യമായ വേണ്ടെന്ന് വെക്കലിനെ കുറക്കാനും ഇതുപരിക്കുമെന്നു,ഞാൻ പരിപൂർണ്ണമായും വിശ്വസിക്കുന്നു.

എൻറെ ഈ ചിന്തകളെ പലർക്കും വിമർശ്ശിക്കാം, അനുകൂലിക്കാം, അവരോടെല്ലാം എനിക്ക് ഒരു വാക്കേ പറയാനുള്ളു,ചുരുങ്ങിയത് എൻറെ ജീവിതത്തിലെങ്കിലും എൻറെ ആശയങ്ങളൾക്കും, ആദർശ്ശങ്ങൾക്കും വിധേയമായി എനിക്ക് ജീവിക്കാൻ അവകാശം നൽകുക, അന്യരുടെ ജീവിതത്തിൽകൈകടത്താൻ എനിക്ക് അവകാശമില്ലെങ്കിലും,എൻറെ ഈ പ്രവർത്തനം കണ്ട് നന്മകാണുന്നവർക്ക് എന്നെ പിൻ പറ്റാം… സമൂഹത്തിൽ നോക്കി അനുഭവം ഗുരുവാക്കാം…. അതല്ല മറിച്ച് പ്രവർത്തിക്കാൻ ആണു താല്പര്യമെങ്കിൽഅതുമാകാം… ഒന്നേ എനിക്കു പറയാനുള്ളു… നവദമ്പതികളാകാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കളുടെ ദാമ്പത്യം നീണാൾ വാഴണമെന്ന് മാത്രം… അത് ഒരല്പ സുഖത്തിനായുള്ള ടെലഫോൺ സംഭാഷണങ്ങളിലൂടെ നശിപ്പിക്കരുതേ എന്ന പ്രാർത്ഥന മാത്രം.

കഥയും കവിതയും ഇഷ്ടപ്പെടുന്ന അബ്ദുൽ സലാം വൈലത്തൂർ അൽ മുനവ്വർ ട്രാവൽ സിൽ ജോലി ചെയ്യുന്നു