മറക്കാനാവാത്ത ഒരു പയ്യന്നൂർ ഓർമ്മക്കുറിപ്പ്

ജോലിയാവശ്യാർത്ഥം പയ്യന്നൂരിലെ കൊറ്റിയിൽ താമസിക്കേണ്ടി വന്നു. താമസ സ്ഥലം കിട്ടാതെ വിഷമിച്ചപ്പോൾ ഒടുവിൽ ആ ഒറ്റ റൂമിൽ കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. താഴത്തെ നിലയിൽ ഒരു ഫാമിലി, മുകളിലെ റൂമുകളിൽ ബംഗാളി ആസാമികൾ. ഇരുമ്പ് അംശം കൂടിയതിനാൽ കുടിവെള്ളം മറ്റിടങ്ങളിൽ നിന്ന് ഒപ്പിക്കണം. ശൂദ്രജീവികൾ, പാറ്റകൾ, എലി, പാമ്പ്, പട്ടി, നായ പൂച്ച, ചേരട്ട ഇവയൊക്കെ നിറഞ്ഞ അന്തരീക്ഷം മനം മടുപ്പിക്കുന്നതായിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ ഒരു മണ്ണെണ്ണ സ്റ്റൗവും രണ്ട് പാത്രങ്ങളും ഒപ്പിച്ചെടുത്തു. ഒറ്റ റൂമിലെ മൂലയിലിരുന്നു സ്റ്റൗവ് കത്തിച്ചു നോക്കി. അരിയുടെ വേവ് നോക്കുന്നതിനിടെ തീ അണഞ്ഞു, നഗ്നമായ സത്യം ബോധ്യപ്പെട്ടു. മണ്ണണ്ണ തീർന്നിരിക്കുന്നു. താഴത്തെ നിലയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ ഫാമിലി യോട് അല്പം മണ്ണെണ്ണ ചോദിച്ചു. ഇല്ല എന്നും കിട്ടാൻ ബുദ്ധിമുട്ടാണെന്നും പമ്പിൽ പോയാൽ ഡീസൽ കിട്ടുമെന്നും പറഞ്ഞു. ഒടുവിൽ ഡീസലിൽ പാചകം മുഴുമിപ്പിച്ചു.

രാത്രിയായാൽ തെരുവ് നായ്ക്കളുടെ കടിപിടിയും, പോക്കാച്ചി തവളകളുടെ പേ ക്രോം വിളികളും. ബംഗാളികളുടെ ബീഡിയുടെ പുകയും കുടി ചേരുമ്പോൾ അസഹനീയം.

ആകെയുള്ള ഒരാശ്വാസം താഴത്തെ ഫാമിലിയുമായി പരിചയം സ്ഥാപിച്ചതാണ്. ഉചിതമായ താമസ സ്ഥലം ലഭിക്കാതെ വന്നപ്പോൾ അവരും താത്ക്കാലികമായി വന്നതാണ്. രാത്രി വൈകി എത്തുന്നതിനാലും രാവിലെ ഏഴ് മണിക്ക് മുന്നെ പോരുന്നതിനാലും വേണ്ടത്ര സംസാരത്തിനും കാണലിനും ഇടം കിട്ടാറില്ല.

അന്നും പതിവ് പോലെ രാത്രി എട്ടര മണിയ്ക്ക് റൂമിലെത്തി. അര ഗ്ലാസ് അരി കഴുകി സ്റ്റൗ കത്തിച്ചു. ചോറ് റെഡിയായതും മീൻ കറിയുണ്ടാക്കാൻ തുടങ്ങി. ആദ്യത്തെ മീൻ കറി. സംതൃപ്തമായ മനസ്സോടെ പാചകം പൂർത്തിയാക്കി.. രണ്ട് പാത്രങ്ങളും അടച്ചു വെച്ചു. നിലാവുള്ള രാത്രിയായതിനാൽ വെറുതെ പുറത്തിറങ്ങി.റോഡിലൂടെ നടന്ന് പുഴയ്ക്ക് മുകളിലെ പാലത്തിനരികിലെത്തി.. തണുത്ത കാറ്റ്.. നിലാവിൽ പുതഞ്ഞപുഴ. അപ്പോഴാണ് അത് ശ്രദ്ധിച്ചത് .. പാലത്തിന്റെ കൈവരിയിൽ ചേർന്ന് നിന്ന് രണ്ടാളുകൾ ചൂണ്ടയിടുന്നു. ചൂണ്ട നൂലിന്റെ അറ്റത്തെ ചലനം കണ്ണുകൾക്ക് പ്രതീക്ഷ നൽകി. അതും നോക്കി എത്ര നേരം നിന്നെന്ന് അറിയില്ല… ഒടുവിൽ ചൂണ്ടയിൽ കുരുങ്ങി ഒരു വലിയ മീനിനെ അവർ പിടിച്ചു. കുരുക്കിൽ നിന്ന് പിടയ്ക്കുന്ന മീനിനെ എടുക്കാൻ അവർ പാടുപെടുന്നത് കണ്ട് ഞാനും സഹായിച്ചു. വല്ലാത്ത ഒരാത്മസംതൃപ്തിയോടെ റൂം ലക്ഷ്യമാക്കി നീങ്ങി. പെട്ടിക്കട അടച്ചിരിക്കുന്നു. നല്ല വിശപ്പ് ,കൈ കഴുകി. പത്രം വിരിച്ച് പാത്രങ്ങൾ എടുത്ത് വെച്ചു. ചോറ് വിളമ്പി പ്ലെയിറ്റിൽ ഇട്ടു. മീൻ കറിയുടെ പാത്രം തുറന്നു. നല്ല മണം.കയിൽ കൊണ്ട് ഇളക്കി ,വലിയ ഒന്ന് കയിലിൽ തട്ടി. രണ്ട് ചെറിയ പുതിയാപ്പള കോരയാണല്ലോ കറിയിലുണ്ടായിരുന്നത്. വായിൽ ഊറി വന്ന വെള്ളം ഗൗനിക്കാതെ ബൾബിന്റെ യടുത്ത് പോയി കറി പാത്രം നോക്കി. കഷ്ടം തന്നെ.. ഒരു എലി കറിയിൽ വീണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. വിശപ്പ് അതിന്റെ മൂർദ്ധന്യതയിൽ എത്തിയിരിക്കുന്നു. കടകളെല്ലാം അടച്ചിട്ടുണ്ടാകും.’ ഇന്ന് പട്ടിണി തന്നെ. കറി കളഞ്ഞു. പാത്രം ഉരസി കഴുകി. കുളി കഴിഞ്ഞ് കിടന്നു. വിശപ്പ്. വിശപ്പ്. ഉറക്കം വരുന്നില്ല. ക്ഷമയോടെ ഉറക്കവും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്.

ബംഗാളി, ആസാമി. ക്രിമിനൽ സ് ,ആരാകും ,വാതിൽ തുറക്കണോ? മനസ്സിൽ ഭീതിയുടെ അലകൾ! ” ഇത് ഞാനാന്ന് ,വാതിൽ തുറക്ക്. താഴത്തെ താമസക്കാരനായ ഓട്ടോ ഡ്രൈവർ. വാതിൽ തുറന്നു. അയാളുടെ കയ്യിൽ ഒരു പാത്രം നിറയെ നെയ്ച്ചോർ! കൂടാതെ ചിക്കൻ കറി. വറുത്ത ചെമ്മീനും! ഭക്ഷണം കഴിച്ചതാണെന്നും വേണ്ടാന്ന് പറഞ്ഞ് നോക്കിയെങ്കിലും സമ്മതിച്ചില്ല. ഭക്ഷണം കളയുന്നത് കണ്ട കാര്യം അദ്ദേഹം ചോദിച്ചു.

ജീവിതത്തിൽ ലഭിച്ച ഏറ്റവും രുചികരമായ ഭക്ഷണങ്ങളിൽ ഒന്നായി ഞാനതിനെ ഇപ്പോഴും ഓർക്കുന്നു.