ചിതറപ്പെട്ട മുത്തുകൾ

2477

ഒരു വൈമാനികനാണത് പറഞ്ഞത്,
ശാന്തസമുദ്രത്തിന് മുകളിലെവിടെയോ
സടാക്കോയുടെ ആത്മാവും പേറി
ഒരു കുഞ്ഞുമേഘം തങ്ങി നിൽപുണ്ടെന്ന്
സ്വർണ്ണ വർണ്ണമുള്ള കടലാസുപറവകൾ
അതിൽ വന്നിരുന്ന് പാട്ടുപാടാറുണ്ടെന്ന്…

മറ്റൊരു നാവികൻ പറഞ്ഞിരുന്നു,
അറ്റ്‌ലാന്റിക്കിന്രെ തിരകൾക്കിടയിലെവിടെയോ
ആൻഫ്രാങ്കിന്രെ ഓർമ്മകൾക്ക് മേൽ
ഹിമപാളികൾ ഡയറിത്താളുകൾപോലെ
പറന്നു വീഴാറുണ്ടെന്ന്…

മദ്ധ്യ ധരണ്യാഴിയുടെ കരയിൽ
മരുഭൂമിയിൽ ഒരു സഞ്ചാരി
തംബുരു മീട്ടിക്കൊണ്ട് പാടി;
“കുഞ്ഞുങ്ങളായി മരണപ്പെടുന്നവർ ഭാഗ്യവാൻമാർ
എന്തെന്നാൽ അവർ നിഷ്‌കളങ്കവദനത്തോടും
നിഷ്‌കപട ഹൃദയത്തോടും കൂടി മാത്രം സ്മരിക്കപ്പെടുന്നു
അവർ മരണാനന്തരം, ദൈവത്തിന്രെ സ്വർഗ്ഗത്തിൽ
അലങ്കാരങ്ങളായി മാറുന്നു.
ചിതറപ്പെട്ട മുത്തകൾ പോലെ…”

കഷ്ടം! ആരാണീ യുദ്ധങ്ങളോട്
വീണ്ടും വീണ്ടും പറയുന്നത്?
ദൈവത്തിന്രെ സ്വർഗ്ഗത്തിൽ
ഇനിയും അലങ്കാരങ്ങൾക്ക് കുറവുണ്ടെന്ന്…

താനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്രറിൽ അസി. സർജൻ ആയി ജോലി ചെയ്യുന്ന ഡോ. സജീല, മെഡിസിനു പുറമെ സാഹിത്യ രംഗത്തും കഴിവു തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ്.