കുളത്തിലെ പള്ളിയും നീർഭൂതവും: എന്റെ നാടിൻറെ ഓർമ്മകൾ

മണലാരണ്യത്തിലെ മായാ ലോകത്തിലെ ചൂടില്‍ ഓരോ പ്രവാസിയും ചെവിയോർക്കും സ്വന്തം നാടിന്റെ സ്പന്ദനങ്ങളിലേക്ക്. സന്തോഷമുള്ള ഒരു വാർത്ത കേൾക്കുമ്പോൾ ആഹ്ലാദിക്കുകയും ദുഖങ്ങളില്‍ അതേ പോലെ വിഷമിക്കുകയും ചെയ്യുന്ന പ്രവാസ മനസ്സിന്റെ തേങ്ങലുകള്‍ പലരും കാണാതെ പോവാറുണ്ട്.

എന്റെ ഗൃഹാതുര സ്മരണകളില്‍ എന്നും നിറഞ്ഞിരിക്കുന്ന എന്റെ നാടിനെ കുറിച്ച് എങ്ങിനെ എനിക്ക് എഴുതാതിരിക്കാന്‍ കഴിയും? തന്റെ സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടാലും കുടുംബം രക്ഷപ്പെടട്ടെ എന്ന് ചിന്തിച്ച്‌ സ്വന്തം സ്വപ്നങ്ങളും ആശകളും ഉള്ളില്‍ ചങ്ങലക്കിട്ട്‌ കടല്‍ കടന്ന ഒട്ടേറെ പ്രാവാസികളുള്ള നാട്‌

മൂസഹാജിപ്പടി…

പൊന്മുണ്ടം-ചെറിയമുണ്ടം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഒരു ചെറിയ കവല. പ്രവാസികള്‍ ഒരുപാട് ഉള്ളത് കൊണ്ട് തന്നെ സാമ്പത്തിക പരാധീനതകൾ അധികം ഇല്ലാത്ത, എന്നാല്‍ വ്യക്തി കേന്ദ്രീകിത വികാസങ്ങള്‍ അല്ലാതെ പഞ്ചായത്ത്‌ തലത്തിലുള്ള വികസനങ്ങള്‍ എത്തി നോക്കാത്ത ഒരു കുഞ്ഞു പ്രദേശം.

എന്റെ നാടിനെ കുറിച്ച് ഓർക്കുമ്പോ എനിക്ക് ഓർമ്മ വരുന്നത് പ്രധാനമായും കുളങ്ങള്‍ ആണ്. പള്ളിക്കുളം, വല്യകുളം തുടങ്ങി ഒട്ടനവധി കുളങ്ങള്‍ ആണ് ഞങ്ങളുടെ കുട്ടിക്കാലത്ത് അവിടെ നിറഞ്ഞിരുന്നത്. മൂസഹാജിപ്പടിയുടെ മുഖമായി നിന്നിരുന്ന ഒരു കുളമായിരുന്നു പള്ളിക്കുളം. കുളത്തിനു മീതെ ഉണ്ടാക്കിയ പള്ളി.. അത് ഇന്നും ഒരു അതിശയം ആയിത്തന്നെ തുടരുന്നു. “മൂസഹാജിപ്പടി” എന്ന് വിളിക്കുന്നതിനു പകരം പലരും “കുളത്തിലെ പള്ളി” എന്ന് ഞങ്ങളുടെ നാടിനെ വിളിക്കുന്നത് പലപ്പോഴായി കേട്ടിട്ടുണ്ട്. ആ പള്ളിക്കുളം അന്നും പലർക്കും അത്ഭുതമായിരുന്നു… “കുളത്തില്‍ ഒരു പള്ളി”.

പിന്നെ ഉണ്ടായിരുന്ന ഒരു കുളമായിരുന്നു വല്യകുളം. പേര് സൂചിപ്പിക്കുന്നപോലെ തന്നെ ആ നാട്ടിലെ ഏറ്റവും ആഴവും നീളവും ഉള്ള കുളം. അതുകൊണ്ട് തന്നെ നീന്തല്‍ അറിയുന്നതിന് മുന്നേ കുട്ടികളെ അങ്ങോട്ട്‌ വിടാന്‍ വീട്ടുകാരും ഭയപ്പെട്ടിരുന്നു. മാത്രമല്ല എല്ലാ നാട്ടിലെയും പോലെ ആ കുളത്തെ പറ്റിയും പേടിപ്പിക്കുന്ന പല കഥകളും പ്രചരിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു നീർഭൂതം ആഴത്തില്‍ ഊളി ഇട്ടാല്‍, അല്ലെങ്കിൽ വളരെ മുകളിൽ നിന്നു ചാടിയാല്‍ നീരഭൂതം കൊണ്ടുപോവുമെന്നും പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നും മറ്റും ഉള്ള സാങ്കല്പിക കഥകള്‍.

കുട്ടികള്‍ അധിക സമയം കുളത്തില്‍ ചിലവഴിക്കുന്നത് കുറയ്ക്കാനും ഉയരത്തില്‍ നിന്ന് ചാടി ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി കാരണവന്മാര്‍ മെനെഞ്ഞെടുത്ത കഥകള്‍ ആയിരുന്നെന്ന് മനസ്സിലാക്കാന്‍ കാലങ്ങള്‍ വീണ്ടും വേണ്ടി വന്നു. അതിനിടയില്‍ നീർഭൂതത്തെ നേരില്‍ കണ്ടു സായൂജ്യം അടിഞ്ഞവരും അനുഗ്രഹം വാങ്ങിയ കൂട്ടുകാരും ഒട്ടനവധി ആയിരുന്നു. മഴക്കാലം ആവുമ്പോ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന കുളങ്ങള്‍ കാണാന്‍ തന്നെ എന്തൊരു ഭംഗി ആയിരുന്നു! അന്ന് സ്കൂള്‍ വിട്ടു വന്നിട്ട് പിന്നെ മഗ്‌രിബ് ബാങ്ക് വിളിക്കുവോളം അതില്‍ നീരാടല്‍ തന്നെ ആണ് പതിവ്.

വേനലിലെ ജലക്ഷാമം ഒരു പരിധി വരെ മറികടക്കുവാന്‍ ഇത്തരം ജലാശയങ്ങള്‍ വഹിച്ചിരുന്ന പങ്ക് ചെറുതൊന്നും ആയിരുന്നില്ല. കുളിക്കാനും അലക്കാനും അത്യാവശ്യ വീട്ടാവശ്യങ്ങള്ക്കും ഉപയോഗപ്രദം ആയിരുന്നു അത്.

എന്നാല്‍ ഇന്ന് അവസ്ഥ പാടെ മാറിപോയി. കടുത്ത വേനല്‍ചൂടും കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുന്നു. അന്നുണ്ടായിരുന്ന വറ്റാത്ത പല ജലസ്രോതസ്സുകളും വറ്റി വരണ്ടു. നമ്മുടെ കുളങ്ങള്‍ വരെ ഇപ്പോ മരണശയ്യയിൽ ആണു. ഇതിനു മുന്നേ ഇത്ര രൂക്ഷമായി കുടിവെള്ള ക്ഷാമം അനുഭവിച്ചിട്ടില്ലാത്തത്‌ കൊണ്ടും ആവാം. എങ്കിലും കുളങ്ങളും കായലുകളും സാമൂഹിക ജീവിതത്തെ, അല്ലങ്കില്‍ നമ്മുടെ സംസ്കാരത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന് മനസിലാക്കാന്‍ പുതു തലമുറക്ക്‌ സാധിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍.

ഉദാഹരണത്തിന് ഇപ്പോ വെള്ളത്തില്‍ ഇറങ്ങി നീന്താന്‍ അറിയുന്നവരുടെ കണക്ക്‌ എടുത്താല്‍ മാത്രം മതി. 1995 നു ശേഷം ജനിച്ച എത്ര പേർക്ക്‌ നീന്തല്‍ അറിയും? പണ്ടൊക്കെ നീന്തല്‍ പഠിക്കുക എന്നത് വളരെ പ്രധാനപെട്ട ഒരു കാര്യം ആയിരുന്നു. ഒരുപക്ഷെ അടുത്ത് ഇത്രയും കുളങ്ങള്‍ ഉള്ളത് കൊണ്ടാവാം. മാത്രമല്ല വീട്ടുകാരും സുഹൃത്തുക്കളും‍ ഇക്കാര്യത്തിൽ വളരെ ബോധവാന്മാര്‍ ആയിരുന്നു. നീന്തല്‍ അറിയാം എന്നുള്ളത് തരുന്ന ആത്മവിശ്വാസം ചെറുതൊന്നും അല്ല താനും. വെള്ളം കൊണ്ടുണ്ടാകുന്ന ഏത്‌ പ്രതിസന്ധികളും, ഉദാഹരണത്തിനു വെള്ളപ്പൊക്കം തുടങ്ങിയ അപകടങ്ങള്‍ നേരിടാനുള്ള ഊർജജം നാം അറിയാതെ ലഭിക്കുന്നുണ്ട്.

അതുകൊണ്ട് ഒക്കെ തന്നെ ഇത്തരം ജലസംഭരണികള്‍ സംരക്ഷിക്കേണ്ടത് അന്നാട്ടിലെ ഓരോ വ്യക്തികളുടെയും കർത്തവ്യമാണ്. അതുകൊണ്ട് തന്നെ കുടിവെള്ളക്ഷാമം ഒരു സാമൂഹിക പ്രശ്നമായി എടുത്തു അത് പരിഹരിച്ചു കൊടുക്കേണ്ടത് ആ നാട്ടുകാര്‍ വോട്ട് നല്കി വിജയിപ്പിച്ച ഭരണാധികാരികളുടെ കടമയാണ്.

ജിദ്ദയിൽ ഇന്റീരിയർ ഡിസൈനർ ആയി ജോലി ചെയ്യുന്നു. തന്റെ ചെറുപ്പകാലം മൂസാഹാജിപ്പടിയിൽ ചെലവിട്ട സഫ്‌വാൻ ഇപ്പോൾ കുറുക്കോളിലാണ് താമസം.