പണ്ടൊരു സ്കൂൾ ഓർമ്മയിൽ എഴുതിയതാണ്. ഭാഷയും ലിപികളും ഗണിതവും ശാസ്ത്രവും ആരംഭം കുറിച്ചത് ഇവിടെയാണ്. ഇന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നുണ്ടാകാലമത്രയും… പ്രിയപ്പെട്ട അധ്യാപകർ, സഹപാഠികൾ, ഉപ്പുമാവ്, അന്നുപെയ്തമഴയും കരഞ്ഞകാക്കകൾ പോലും…
ഒന്നാം ക്ളാസ്സ്
കുറ്റിപെൻസിൽ
പൊട്ടിയ സ്ലേറ്റ്,
ഒന്നാം ബെഞ്ചിൽ
അഹമ്മദലി
അരവിന്ദാക്ഷൻ…
പെങ്കുട്ട്യോൾ
ബുഷറ, സന്ധ്യ…
ഒരുവൾ, പേടിച്ചൊരുനാൾ
ക്ളാസ്സിൽ മൂത്രമൊഴിച്ചോൾ
എന്നോടിഷ്ടം ഉണ്ടായോൾ
കഷ്ടം! ഇന്നാ പേരോർമ്മയിലില്ല.
ഒന്നാം പാഠം
തറ, ത – റ
മുട്ടൻ വടി
വട്ട കണ്ണട
ആൻഡ്രൂസ് മാഷ്
ഓർക്കാനിന്നും
ഇഞ്ചികടിച്ച രസമുണ്ട്.
അലിഫ് ബാഹ് താഹ്
താളത്തിൽ തഴുകിയ
തങ്ങൾമാഷ്
ഹരണം ഗുണനം
കഴിയുന്പോൾ
ശിഷ്ടം – രണ്ടടിയിൽ
ബേബിമാഷ്…
ഉച്ചക്കുപ്പുമാവിനു
കാലമായാൽ,
കലപിലകൂട്ടും
കാക്കയെ ആട്ടാൻ
കവണയുമായി
മമ്മുകുട്ടി ഹെഡ്മാസ്റ്റർ.
വെയിലാറിവരുന്പോൾ
മഴമൂടിവരും,
അപ്പോൾ, ഉമ്മ മാനം നോക്കി
പ്രാർത്ഥിക്കുന്നുണ്ടാകും,
‘പെയ്യല്ലേ, പടച്ചോനെ
കുട്ടികളെത്തീലാ…’