രാവിലെ ഓഫീസിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു.
“ഈ കമ്പനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്. ശവസംസ്കാര ശുശ്രൂഷയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നു.” തങ്ങളുടെ ഒരു സഹപ്രവർത്തകൻ മരിച്ചതിന്റെ ആഘാതം അവരിൽ ആദ്യം ഞെട്ടൽ ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി ആരെന്നറിയാൻ അവരെല്ലാം ആകാംഷഭരിതരായി.
“എന്റെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി മരിച്ചല്ലോ, ആശ്വാസം” അവരുടെ മനസ്സ് അറിയാതെ പറഞ്ഞു.
ജോലിക്കാർ ഓരോരുത്തരായി ശവമഞ്ചത്തെ സമീപിച്ചു, ശവമഞ്ചത്തിനുള്ളിലേക്ക് നോക്കിയ അവർ അത്ഭുതസ്തബ്ധരായി. ഞെട്ടി വിറച്ചുകൊണ്ട് അവർ ഓരോരുത്തരായി പിന്മാറി. അവർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു അവർ കണ്ടകാഴ്ച.ശവമഞ്ചത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിൽ ഓരോരുത്തരും തങ്ങളുടെ പ്രതിബിംബം ദർശിച്ചു. കണ്ണാടിക്കരികിലെ കുറിപ്പ് ഇപ്രകാരമായിരുന്നു …..
“നിങ്ങളുടെ വളർച്ചക്ക് തടസ്സം നിൽക്കാൻ ഒരാൾക്കേ കഴിയൂ…. ആ വ്യക്തി നീ തന്നെയാണ്. നിന്റെ സന്തോഷങ്ങളെയും, വിജയങ്ങളെയും, സ്വപ്നങ്ങളെയും, സ്വാധീനിക്കാൻ കഴിയുന്ന എക വ്യക്തി നീ തന്നെയാണ് ” നിങ്ങളുടെ ബോസ് മാറിയതുകൊണ്ടോ സുഹൃത്തക്കളോ, കമ്പനിയോ മാറിയതുകൊണ്ടോ നിന്റെ ജീവിതം മാറുന്നില്ല. നിന്റെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ നീ തന്നെ മാറണം…
അത് നിന്നിൽ തുടങ്ങണം… അത് ഇന്നു തന്നെ ആരംഭിക്കണം…. അതിർവരമ്പുകൾ നിശ്ചയിക്കുന്ന വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം. നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം… ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ ജീവിതത്തിൽ മാറ്റം വരുന്നില്ല…. നഷ്ടങ്ങൾ മാത്രമേ അതു സമ്മാനിക്കൂ.
ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ…. ജീവൻ അവിടെ പൊലിയുന്നു. നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത് ജീവന്റെ ആരംഭമാണ്…
മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്… മാറ്റം നിങ്ങളിൽ നിന്നാകട്ടെ…. അത് ഇന്നു തന്നെയാകട്ടെ….
…………………………………………………………………………………………………………………………………….
നല്ല കഥ അല്ലെ… ഞാനിന്നും ഓർക്കുന്നു…
മനോഹരവും, മൂല്യം ഉൾകൊള്ളുന്നതുമായ ഈ ചെറുകഥയായിരുന്നു മൾട്ടി നാഷണൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ഞങ്ങളുമായി പങ്കുവച്ചത്. മണിചെയിൻ മാർക്കറ്റിങ്ങിലൂടെ ബിസിനസ് ചെയ്യാനും എന്നെയും എൻ്റെ പ്രിയ സുഹൃത്തിനെയും കമ്പനിയിൽ അംഗങ്ങളാക്കാൻ വേണ്ടിയുമാണ് ഈ കഥ പറഞ്ഞുതന്നത്. ക്ലാസ്സ് തുടർന്നുകൊണ്ടിരുന്നു , അതിനിടയിൽ പതിനായിരങ്ങൾ സമ്പാദിച്ചവരും ലക്ഷങ്ങൾ സമ്പാദിച്ചവരും ഇടക്കിടക്ക് വേദിയിൽ എത്തിക്കൊണ്ടിരുന്നു കൂടെ കയ്യടിയും
ക്ലാസ് അവസാനിച്ച ശേഷം എക്സിക്യൂട്ടീവ് ഞങ്ങളോട് ചോദിച്ചു : ലക്ഷങ്ങൾ സമ്പാദിക്കാൻ റെഡി അല്ലെ , ഇന്നുതന്നെ അംഗമാകുകയല്ലേ ?
ഒരുനിമിഷം ഞാനും എന്റെ സുഹൃത്തും മുഖത്തോട്മുഖം നോക്കി , പിന്നീട് ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി ,” ഈ ബിസിനസ് നമുക്ക് വേണ്ട ”
ആ തീരുമാനം അവരെ അറിയിച്ചു ഞങ്ങൾ പുറത്തിറങ്ങി .
മാസങ്ങൾക്ക് ശേഷമായിരുന്നു മണിചെയിൻ തട്ടിപ്പ്പുകാരെ പോലീസ് പിടിച്ചതും ചെയിൻ മാർക്കറ്റിംഗ് നിരോധിക്കുകയും ചെയ്തത്
ഇന്നും എന്നും ഞാൻ ഓർക്കുന്നു എന്റെയാ നല്ലതീരുമാനത്തെ.