മീസാൻകല്ല്

രാത്രിയെന്നും പകലെന്നും രാമുവിനില്ല.അതുകൊണ്ടുതന്നെ പകൽസമയത്തും രാത്രിയുടെ ഏതുയാമങ്ങളിലും രാമുവിനെ കണ്ടാൽ ആർക്കും പരാതിയുമില്ല.

കുട്ടികൾക്ക്‌ രാമു ഭ്രാന്തനാണ്..!എങ്കിലും ഇന്നുവരെ രാമുവിന്റെ മുഖത്തുനോക്കി ആരും ഭ്രാന്താ എന്നുവിളിച്ചിട്ടുമില്ല.

വേലായുധന്റെയും ചിന്നമ്മയുടെയും ആറുമക്കളിൽ നാലാമനായിരുന്നു രാമു.മൂത്തത്‌ പെണ്ണായിരുന്നു. അളുടെ കല്യാണം കഴിഞ്ഞു രണ്ടുകുട്ടികളായി.

രണ്ടുവർഷങ്ങൾക്കുമുമ്പായിരുന്നു ഇളയവന്റെ വിവാഹം കഴിഞ്ഞത്‌.

രാമു അപ്പോഴും പുരനിറഞ്ഞു നിൽക്കുകയായിരുന്നു.

ജാതകദോഷത്തിലേറെ , മുഖത്തിന്റെ വികൃതരൂപമായിരുന്നു അവനെ പുരനിറഞ്ഞുനിർത്തിയത്‌.

വർഷങ്ങളുടെ കിതയ്പ്പിനിടയിൽ അവനിൽ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങി.ചുണ്ടിൽ വിടരുന്ന ചെറുചിരിയിൽ വലിയ ഏകാന്തത ഒളിപ്പിച്ചുവച്ചിരുന്നു.വൃത്തിയിൽ നിന്നും വൃത്തിഹീനതയിലേക്കു വളരുന്ന ശരീരവും മനസ്സും..

പിന്നീടു വീടുതന്നെ ഒരുഭാരമായിത്തീരുകയായിരുന്നു.വീടിന്റെ അകത്തളങ്ങളിൽ മുറുമുറുപ്പും കെട്ടിയിട്ടൊരുതരം മൂകതയും പരയ്ക്കുകയായിരുന്നു.എന്തിനെന്നറിയാതെ പലപ്പോഴും അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറയുന്നതുകണ്ടു.

” ന്നാലും ന്റെ കുട്ട്യേ…” 

വീടിന്റെ സുരക്ഷിതത്തിൽ നിന്നും പതുക്കെ വിശാലമായ സ്വാതന്ത്ര്യത്തിലേയ്ക്കു ഉൾവലിയുകയായിരുന്നു.

രാത്രി..! 

രാമു മുന്നോട്ടുനടന്നു.ചിന്തകൾ അസ്തമിച്ച മനസ്സിൽ നിലാവുപെയ്തിറങ്ങുകയാണ്.ആ നിലാവിൽ രാമു ,പള്ളിപ്പറമ്പിലെ മീസാൻകല്ലുകൾ വ്യക്തമായികണ്ടു.പടർന്നുപന്തലിച്ച മൈലാഞ്ചിച്ചെടികളുടെ നിഴലുകൾ മീസാൻകല്ലുകൾക്കുമീതെ പരന്നുകിടയ്ക്കുന്നു.

” രാമൂ..!” ഒരുവിളികേട്ടു.

സ്മശാനത്തിന്റെ പടിഞ്ഞാറേവശത്തുനിന്നാണ് ആ വിളികേട്ടത്‌.രാമു തിരിഞ്ഞുനോക്കി.

വെള്ളവസ്ത്രത്തിൽ പൊതിഞ്ഞൊരു രൂപം, നീട്ടിക്കുത്തിയ വലിയ മീസാൻകല്ലിനു മുകളിലിരിക്കുന്നു.ആ കണ്ണുകളിൽ വല്ലാത്തൊരു നിസ്സംഗത രാമുവിനു കാണാൻ കഴിഞ്ഞു.

” രാമുവിനു എന്നെ മനസ്സിലായില്ലേ ? “

” മനസ്സിലായി..മാപ്പിളേ..” 

വർഷങ്ങൾക്കുമുമ്പ്‌ മരണപ്പെട്ടുപോയ കോയമുസ്ലിയാർ..! മുസ്ലിയാർ എങ്ങനെ മരിച്ചുവെന്ന് ആർക്കും അറിയില്ല.ഒരുപരദേശിയായിരുന്നു.അല്ലറചില്ലറ പൊടിക്കൈകളും മുസ്ലിയാർക്കു വശമുണ്ടായിരുന്നു.പലരും മുസ്ലിയാർക്കു ജിന്നുബാധിച്ചതാണന്നു പറഞ്ഞു.മറ്റുചിലർ മുസ്ലിയാർക്കു മുഴുഭ്രാന്താണെന്നും പറഞ്ഞു.

മുസ്ലിയാരുടെ മയ്യത്തു തറവാടിന്റെ പൂമുഖത്തേക്കു കൊണ്ടുവരുമ്പോൾ ,മുണ്ടിലും ഷർട്ടിലും രക്തത്തിന്റെ അംശമുണ്ടായിരുന്നു.മുഖത്ത്‌ കരുവാളിച്ച പാടുകളും. നാട്ടുകാർക്കിടയിൽ ഒരധികപ്പറ്റായതിനാൽ ,സ്വാഭാവിക മരണത്തിൽ കവിഞ്ഞു അതിനുവലിയ അർത്ഥമൊന്നും ഉണ്ടായില്ല.

എങ്കിലും രാമുവിന്റെ കണ്ണുകൾ നിറഞ്ഞു.എന്തിനെന്നറിയാതെ മനസ്സിന്റെയുള്ളിൽ ഒരു തേങ്ങൽ..

” ജീവനോടെയാണ് അവരെന്നെ കുഴിച്ചുമൂടിയത്‌..കരഞ്ഞു ഞാൻ പറഞ്ഞില്ലേ, എനിക്കു ജീവനുണ്ടെന്ന്..” മുസ്ലിയാർ രാമുവിനോട്‌ പറഞ്ഞു :

” എന്നിട്ടും അവരെന്നെ…” 

” മരണത്തോടെ അവസാനിക്കുന്നു എല്ലാ തെറ്റുകളും മാപ്പിളേ..” രാമു മുസ്ലിയാരോട്‌ പറഞ്ഞു :

” ജീവിച്ചിരിക്കുമ്പോൾ തന്നെ മരണപ്പെട്ടുപോയവരല്ലേ നമ്മൾ..”

രാമു നടന്നു..

നിലാവുവീണുടഞ്ഞ വീഥികളിൽ ഒരു നിഴലായി…രാത്രിയെന്നോ പകലെന്നോ ഇല്ലാതെ..

ബ്ലോഗർ എന്ന നിലയിൽ പ്രശസ്തനാണ് മയ്യേരിച്ചിറ സ്വദേശിയായ ഹമീദ്, ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും സാഹിത്യസംബന്ധിയായ രംഗത്ത് സജ്ജീവസാന്നിദ്ധ്യം. ഇപ്പോൾ സൗദി അറേബ്യയായിൽ ജിദ്ദയിൽ ജോലി ചെയ്യുന്നു