മൗനത്തിന് കണ്ണുണ്ടായിരുന്നു
പീലിക്കണ്ണുകള്‍ കണ്ടതിലേറെ
പുലിക്കണ്ണുകള്‍ കണ്ടിട്ടും
കണ്ണു ചിമ്മിയ മൗനം
മൗനത്തിന് ചെവിയുണ്ടായിരുന്നു
സ്വരനാദങ്ങള്‍ കേട്ടു തഴമ്പിച്ച
കര്‍ണ്ണപുടം ആര്‍ത്ത നാദങ്ങള്‍ക്കായ് ചെവി കൊടുക്കാത്ത മൗനം
മൗനത്തിന് നാവുമുണ്ടായിരുന്നു
ദിവ്യസൂക്തങ്ങള്‍ ചൊല്ലി തേഞ്ഞ
മാംസ പിണ്ഡം പ്രതികരിച്ചില്ല
പൂട്ടു വീണ മൗനം
മൗനത്തിന് കയ്യുണ്ടായിരുന്നു
നിത്യാഭ്യാസത്താല്‍ ഉരുട്ടിയെടുത്ത
ഭുജങ്ങള്‍ തടഞ്ഞില്ല ഒന്നും
വിലങ്ങിട്ട മൗനം
മൗനത്തിനു മൗനമായിരുന്നു
നാക്കു പിഴുതെടുത്ത നേരവും
കണ്ണ് ചൂഴ്ന്നത് നിലം പറ്റിയിട്ടും
ചെവിക്കല്ലു തകര്‍ന്നു വീണിട്ടും
പിന്നെയും മൗനം തുടര്‍ന്നു
കയ്യും വെട്ടിയെടുത്തിരിക്കുന്നു
ഇനിയുണ്ടിട നെഞ്ചില്‍ വെട്ടിയെടുക്കാന്‍
ഒരു മാംസ പിണ്ഡം കൂടി ബാക്കി
ആഴ്ത്തിയിറക്കാന്‍ നോക്കിയ നേരത്ത് മൗനം ഒന്നു
നിവര്‍ന്നു നിന്നു
സഹിച്ച് സഹിച്ചൊടുക്കം
മൗനത്തിന് തീപിടിച്ചിരിക്കുന്നു