ആയിരങ്ങൾക്ക് ഉപയോഗപ്രദമായ അല്ലോട്ട് കുളം മണ്ണെടുത്ത് ശുചീകരിച്ചു

2451

തയ്യിൽ പീടിക: വളവന്നൂർ പാടത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന അല്ലോട്ട് കുളം വളവന്നൂരിലെ വിവിധ സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തോടെ മണ്ണെടുത്തു വൃത്തിയാക്കി. കനത്ത ചൂടും ജലക്ഷാമവും നേരിടുന്ന ഈ അവസരത്തിൽ ‘വളവന്നൂർ പരസ്പര സഹായ നിധി’യുടെ ആഭിമുഖ്യത്തിൽ ‘ദിശ ക്ലബ്ബ് വളവന്നൂർ’, ‘ഓർബിറ്റ്’ ക്ലബ്ബ്, തുടങ്ങിയ കൂട്ടായ്മകളുടെയും സമീപവാസികളുടെയും അകമഴിഞ്ഞ സഹായത്തോടെ ജലാശയങ്ങളും തണ്ണീർ തടങ്ങളും സംരക്ഷിക്കുക എന്നതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് ആയിരങ്ങൾക്ക് ഉപയോഗപ്രദമായ അല്ലോട്ട് കുളം എന്ന അമ്പലക്കുളം വൃത്തിയാക്കുവാൻ തീരുമാനിച്ചത്.

ഒരുപാടാളുകൾ ഈ ശുചീകരണ പ്രക്രിയയിൽ ലാഭേച്ചയില്ലാതെ പങ്കാളികളായി. ആവശ്യമായ കുടിവെള്ളവും ഭക്ഷണവും മറ്റു എല്ലാവിധ സഹായങ്ങളുമായി വളരെ ആത്മാർത്ഥതയോടെ പ്രവർത്തിച്ച പരിസരവാസികളായ ചിലരുടെ പ്രവർത്തനം വളരെയേറെ പ്രശംസനീയമായതും ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുമാണ്.  അടുത്ത മഴക്കാലം കുളത്തിൽ കൂടുതൽ വെള്ളം സംഭരിക്കുവാനും അതുവഴി ജലക്ഷാമം ഒരു പരിധിവരെ ഈ പ്രദേശത്ത് കുറക്കാൻ കഴിയുമെന്നും പ്രത്യാശിക്കാം.