ഹബീബിന്റെ മാന്ത്രികലോകം

ഹബീബ് എന്ന നമ്മുടെ സ്വന്തം മാന്ത്രികന്റെ കൂടെ അല്പ നിമിഷം.

3941

മായാജാലത്തിന്റെ മാസ്മരികതയിൽ നമ്മൾ എന്നും കണ്ണും മിഴിച്ച് നോക്കി നിന്നിട്ടേയുള്ളൂ… മുതുകാട് മാരും സാമ്രാജ് മാരും അടക്കി വാഴുന്ന ആ മാജിക് ലോകത്ത്‌ നമ്മുടെ നാടിന്റെ സജീവ സാന്നിദ്ധ്യമാണ്‌ വി. ഹബീബ് റഹ്‌മാൻ.

നാട്ടിലും വിദേശത്തുമായി ഒട്ടനവധി മാജിക് ഷോകൾ നടത്തി ശ്രദ്ധേയനായ ചെറിയമുണ്ടം കുറുക്കോൾ സ്വദേശി മജീഷ്യൻ ഹബീബ് റഹ്‌മാനെ പരിചയപ്പെടാം, വളവന്നൂർ.കോം ലൂടെ…

എന്നാണ് മാജിക് പഠിച്ചു തുടങ്ങുന്നത്?

പതിനാലാം വയസ്സിൽ.

ആദ്യമായി മാജിക് അഭ്യസിച്ചത്?
മജീഷ്യൻ ഷരീഫ് മായികയിൽ നിന്ന്.

മാജിക്കിലേക് വരാനുള്ള പ്രചോദനം?
മാജിക് ഒരു കലാരൂപമാണെന്നും അത് പഠിക്കണമെന്നുള്ള ആഗ്രഹം വളരെ ചെറുപ്പത്തിലേ ഉണ്ടായിരുന്നു. എന്നാൽ പതിനാലാം വയസ്സിൽ തിരൂർ വാഗൺ ട്രാജഡി ഹാളിൽ മജീഷ്യൻ മുതുകാടിന്റെ ‘മാസ്മരം’ എന്ന മാജിക് പ്രദർശനമുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് ഉറക്കം തരാത്ത ഒരു സ്വപ്നമായി മാജിക് മാറിയത്.

മാജിക് പഠനം എങ്ങിനെ ആയിരുന്നു ?

ആദ്യം ആശ്രയിച്ചത് പുസ്തകങ്ങളെ ആയിരുന്നു. കാണുന്ന പുസ്തകശാലകൾ എല്ലാം കയറിയിറങ്ങി മാജിക്കിനെ കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങിക്കൂട്ടി. പിന്നീട് പതിനഞ്ചാം വയസ്സിൽ ആദ്യ മാജിക് ഷോ വളാഞ്ചേരിയിൽ ഒരു എൽ പി സ്കൂളിൽ നടന്നു. അതിനു ശേഷമാണ് പ്രശസ്ത മാന്ത്രികൻ ഷരീഫ് മായികയിൽ നിന്ന് മാജിക് അഭ്യസിച്ചു തുടങ്ങുന്നത്. പിന്നീട് എണ്ണമറ്റ മാന്ത്രികരിൽ നിന്ന് അമൂല്യമായ നിരവധി മാജിക്കുകൾ പഠിച്ചു. മാജിക്കിനെ കുറിച്ച്‌ നിരവധി പുസ്തകങ്ങളുടെയും സിഡികളുടെയും ശേഖരമുണ്ട്. ഇന്നും മാജിക് പരിശീലിച്ചു കൊണ്ടിരിക്കുന്നു.

എവിടെയൊക്കെ മാജിക് അവതരിപ്പിച്ചു?

കേരളം തമിഴ്നാട് എന്നിവിടങ്ങളിലായി അഞ്ഞൂറിൽ അധികം ഷോകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ നാലര വർഷമായി ഖത്തറിൽ മാജിക് രംഗത്ത് സജീവമാണ്. ബനാന ഐലന്റ്‌, കത്താറ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലും പ്രമുഖ ആഡംബര ഹോട്ടലുകളിലും ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.

എന്താണ് താങ്കളുടെ മാജിക്കിലെ സവിശേഷത?

മാജിക്കിൽ കൺജ്യൂറിംഗ്‌ രീതിയിലുള്ള ഷോകളാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം ക്ലോസപ്, മെൻഡലിസം ഷോകളുമുണ്ട്.

സ്വതസിദ്ധ ശൈലിയിൽ ലോകത്തെ വിസ്മയിപ്പിച്ച അമേരിക്കൻ മജീഷ്യൻ ലാൻസ് ബർട്ടനെ വളരെയധികം ഇഷ്ടപെടുന്ന ഹബീബ് മാജിക്കിന്റെ മാസ്മരിക ലോകത്ത് പുതുമകൾ തേടുകയാണ്… ജനസഞ്ചയങ്ങളെ വിസ്മയത്തിന്റെ മൂർദ്ധന്യത്തിലെത്തിക്കുന്ന മായാജാലങ്ങൾ സ്വായത്തമാക്കാൻ സമർപ്പണബോധത്തോടെ മുന്നേറുകയാണ് …

കുറുക്കോൾ വലിയകത്ത് കുഞ്ഞാലന്കുട്ടിയുടെയും ബിയ്യുമ്മക്കുട്ടിയുടെയും മകനാണ് .
ഖത്തറിൽ HSE ഓഫീസർ ആയി ജോലി ചെയ്യുന്ന ഈ ബിരുദധാരിക്ക് ഭാര്യ സുഫിയാനത്തും കുടുംബാംഗങ്ങളും നിറഞ്ഞ പിന്തുണ നൽകുന്നു. ഇഹ്‌സാൻ, ഇസ്സ എന്നിവർ മക്കളാണ്.

ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യൂ.