ആതവനാട് വെള്ളച്ചാട്ടം വിസ്മയിപ്പിക്കുന്നു

3018

ചെറിയ പെരുന്നാൾ ആഘോഷിക്കാനായി അയ്യപ്പനോവിലെത്തിയവർ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയാൽ വിസ്മയിച്ചപ്പോൾ സന്ദർശനത്തിനെത്തിയവരുടെ ബാഹുല്യത്താൽ ആതവനാട് ദേശം അതിലേറെ വിസ്മയിച്ചു. ജില്ലയുടെ ആതിരപ്പള്ളി എന്ന് സന്ദർശകർ വിശേഷണം നൽകിയ ഈ വെള്ളച്ചാട്ടം അക്ഷരാർത്ഥത്തിൽ ആതിരപ്പള്ളിയാവുകയായിരുന്നു. നിറഞ്ഞുകവിഞ്ഞ സന്ദർശകരാൽ വീർപ്പുമുട്ടിയ അയ്യപ്പനോവ് ജില്ലാ ടൂറിസം മേഖലയിലേക്ക് പുതിയൊരദ്ധ്യായം കൂടി എഴുതിചേർത്തു.

ആതവനാട് കാട്ടിലങ്ങാടി-വെട്ടിച്ചിറ റോഡിൽ അയ്യപ്പനോവിലാണ് ഈ മനം മയക്കുന്ന കാഴ്ച്ചയുള്ളത്. കനത്ത കാലവർഷ പെയ്ത്തിൽ നിറഞ്ഞു കവിയുന്ന മാട്ടുമ്മൽ പാടത്ത് നിന്ന് ഒഴുകി വരുന്ന വെള്ളം റോഡിനു കുറുകെയുള്ള ഓവുപാലത്തിനടിയിലൂടെ വന്ന് മീറ്ററുകളോളം താഴ്ച്ചയിലേക്ക് പതിക്കുന്ന മനോഹര കാഴ്ച്ച ആരുടേയും ഹൃദയം കവരുന്നതാണ്.

കരിങ്കൽ പാളികളോട് കിന്നാരം പറഞ്ഞ് വെള്ളിക്കൊലുസിട്ട നാരിയെപോൽ പൊട്ടിച്ചിരിച്ച്, വെള്ളി മുത്തുപോലെ പൊട്ടിച്ചിതറി നേർത്ത വെള്ളിനൂലായി താഴേക്ക് പതിച്ച് ഹൃദയങ്ങളെ കുളിരായി കുളിപ്പിച്ച് നാണം കുണുങ്ങി മന്ദം മന്ദം കാവുങ്ങൽ തോട്ടിലലിഞ്ഞു ചേരുന്ന ഈ വെള്ളച്ചാട്ടം സന്ദർശകർക്ക് നിറക്കാഴ്ച്ച സമ്മാനിക്കുകയാണ്.

ഒരുപാട് വർഷങ്ങൾക്കു മുമ്പ് തന്നെ ഈ വെള്ളച്ചാട്ടമുണ്ടെങ്കിലും ഇത്രയധികം ജനശ്രദ്ധ പതിഞ്ഞതും സന്ദർശകരുടെ ഒഴുക്ക് തുടങ്ങിയതും ഈ അടുത്ത കാലത്താണ്. കാലവർഷം തുടങ്ങി നാലഞ്ച് മാസക്കാലം വരെ നീണ്ടുനിൽക്കുന്ന ഈ വെള്ളച്ചാട്ടം ഇപ്പോൾ സന്ദർശകരെ മാടിവിളിക്കുകയാണ്.

വെള്ളച്ചാട്ടം കാണുവാനായി അതിർത്തികൾ കടക്കുന്ന പ്രകൃതി സൗന്ദര്യാസ്വാദകരേ …വരൂ, അയ്യപ്പനോവിലെ കാഴ്ച്ചകളുടെ പറുദീസയിലേക്ക്…നാടൻ ചാട്ടത്തിന്റെ കുളിരിലേക്….

നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ ഫൈസൽ പറവന്നൂർ 'മാതൃഭൂമി' റിപ്പോർട്ടറാണ്.