വീട് പുതുക്കുമ്പോള്‍

1057

നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇഷ്ടങ്ങളുമൊക്കെ മാറിക്കൊണ്ടിരിക്കുക സ്വാഭാവികം. വീടിന്റെ കാര്യത്തിലും ഇങ്ങനെത്തന്നെ. വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കാലഘട്ടത്തിനു അനുസരിച്ച് മാറും. പക്ഷേ ഓരോ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചു വീണ്ടും വീണ്ടും വീട് നിര്‍മ്മിക്കാനാകുമോ? ഇല്ല. അപ്പോഴാണ് വീട് പുതുക്കിപ്പണിയുന്നതിനെക്കുറിച്ചുള്ള ആലോചന വരിക.

വീട് പുതുക്കിപ്പണിയുന്നതിനെക്കുറിച്ചുള്ള ആലോചന സാധാരണ വരിക രണ്ടുമൂന്ന് രീതിയിലാണ് . ഒന്ന് തലമുറകളായി കിട്ടിയ വീട് ഇന്നത്തെ ആധുനിക രീതികളിലേക്ക് മാറ്റാനുള്ള പ്രേരണ. രണ്ട്, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുക. മൂന്ന്, കുടുംബത്തിലെ ആളുകളുടെ എണ്ണം കൂടുക. നാല്, ആവശ്യങ്ങള്‍ കൂടുക.

ഓരോ വീടും ആ കാലഘട്ടത്തിന്‍റെ ചിത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ നല്ലതും മോശമായിട്ടുമൊക്കെ ഉണ്ടായിട്ടുണ്ടാകും. അപ്പോള്‍ ഗുണകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഒരു സുവര്‍ണ്ണാവസരമാണ് വീട് പുതുക്കിപ്പണിയുക എന്നത്. നമ്മുടെ പുതിയ ആവശ്യങ്ങള്‍ക്ക് ഇപ്പോഴുള്ള വീടിന്റെ ഘടനയില്‍ മാറ്റം വേണമെന്നുണ്ടെങ്കില്‍ കുറച്ചു കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നാല്‍പ്പോലും അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. പുതുക്കിപ്പണിയുമ്പോള്‍ പഴയതിന്റെ ഘടനയെ പരിഗണിക്കേണ്ടി വരുമെങ്കിലും അതിന്റെ ഒരുപാട് പരിമിതികളെ മറികടക്കാന്‍ പറ്റും. ഉദാഹരണത്തിന് ചെറിയ മുറികളാണെങ്കില്‍ അതിന്റെ ഘടനാപരമായ കുഴപ്പങ്ങള്‍ മാറ്റി വലിയ മുറികളാക്കാന്‍ പറ്റും. സൌകര്യങ്ങളുണ്ടാക്കാന്‍ പറ്റും.

പ്രാഥമിക ഘട്ടം

ഉള്ള വീടിന്‍റെ ചിത്രം മനസ്സില്‍ നിന്നു മാറ്റി എന്തൊക്കെ വേണം എന്നുള്ളതിന്റെ വ്യക്തമായ ധാരണ ആദ്യമേ ഉണ്ടായിരിക്കണം. വളരെ വിശദമായിട്ടുള്ള പ്ലാന്‍ തന്നെ ഉണ്ടായിരിക്കണം. പിന്നീട്, നമ്മുടെ ആവശ്യങ്ങളിലേക്ക് ഇതിനെ എങ്ങനെ പരിവര്‍ത്തനം ചെയ്യാമെന്നത്. അതിന് സാധാരണഗതിയില്‍ ഒരു ആര്‍ക്കിടെക്റ്റിന്റെ സഹായം തേടുന്നതാണ് നല്ലത്.

ആര്‍ക്കിടെക്റ്റിന്റെ അടുത്തേയ്ക്ക് പോകുന്നതിനു മുമ്പേ നമ്മുടെ മനസ്സിലെ സങ്കല്‍പ്പത്തിന് വ്യക്തതയുണ്ടായിരിക്കണം. ഉദാഹരണത്തിന് മുപ്പത് വര്‍ഷം മുന്നേ ചെയ്ത വീടാണെന്നു വിചാരിച്ചോളൂ. അതിന് അതിന്റേതായിട്ട് ഒരു ശൈലിയുണ്ട്. കോണ്‍ക്രീറ്റ് ഒക്കെ നമ്മുടെ നാട്ടില്‍ പ്രചാരത്തിലായി തുടങ്ങുന്ന കാലത്ത്. പക്ഷേ ഇന്ന് അതില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങള്‍ വന്നുകഴിഞ്ഞു. ഒരു അഞ്ചെട്ടു കൊല്ലം മുമ്പേ കേരളീയ ശൈലി എന്നതു വ്യാപകമായിട്ടു വന്നിരുന്നു. ഇന്ന് കുറച്ചുകൂടി മോഡേണ്‍ ആര്‍ക്കിടെക്റ്റിലേക്ക് ആള്‍ക്കാര്‍ക്ക് താല്‍പ്പര്യം വന്നിട്ടുണ്ട്.

ചിലര്‍ മോഡേണായിട്ടുള്ള രീതിയും കേരളീയ രീതിയും ഫ്യൂഷന്‍ ചെയ്യുന്നുണ്ട്. അപ്പോള്‍ ഏതുരീതിയിലുള്ള വാസ്തുരീതിയാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കിയാല്‍ കൊള്ളാം. ഇതിനു ശേഷം ഒരു ആര്‍ക്കിടെക്റ്റിന്റെ സഹായം തേടുക. അപ്പോള്‍ നിലവിലുള്ളതില്‍ പുതിയതു ചെയ്യുമ്പോള്‍ അതിന്റെ ഘടന എന്തൊക്കെ അനുവദിക്കും എന്തൊക്കെ പരിമിതിയുണ്ടാകും എന്ന ചോദ്യം വരും. അപ്പോള്‍ ഇതിന്റെ ബജറ്റ് എത്രയാണെന്നാണ് അടുത്ത ഘടകം. ഇതിലും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

സുരക്ഷ

ഇത്രയും കാര്യങ്ങള്‍ ആയാല്‍ വീടു പുതുക്കിപ്പണിയുന്നതിന്റെ പ്രാഥമികഘട്ടം കഴിഞ്ഞു. ഇനി സുരക്ഷാപരമായും കാര്യങ്ങളും മറ്റുമാണ് നോക്കേണ്ടത്. നമ്മള്‍ ഒരു ഭിത്തി എടുത്തുമാറ്റുന്നുണ്ടെങ്കില്‍ ആ ഭാഗത്തിന് വേണ്ട ബലം കൊടുത്തതിനു ശേഷമേ ആ ഭിത്തി മാറ്റാന്‍ പറ്റുകയുള്ളൂ. രണ്ട് മുറി ഒന്നിപ്പിച്ച് വലുതാക്കുകയാണ് എങ്കില്‍ നമുക്ക് ഒരു ബീം വയ്ക്കാം. പക്ഷേ അതിനു മുന്നേ മുട്ടു കൊടുത്ത് ബലം ഉണ്ടാക്കണം. ആ കാര്യങ്ങളിലൊക്കെ ഒരു സ്ട്രക്ചറല്‍ എഞ്ചിനീയറുടെ സഹായം തേടുന്നത് നല്ലതാണ്. പലപ്പോഴും ഇത് ശ്രദ്ധിക്കാറില്ല. അതുകൊണ്ടാണ് വീട് പൊളിക്കുമ്പോഴൊക്കെ അപകടങ്ങള്‍ ഉണ്ടാകുന്നത്. അപ്പോള്‍ ഘടനാപരമായ കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കണം.

അതുപോലെ തന്നെ മുകളിലത്തെ നിലയില്‍ പുതിയ നിര്‍മ്മാണം നടത്തുന്നു. അപ്പോള്‍ നിലവിലുള്ളതിന് അത് താങ്ങാനുള്ള കഴിവ് ഉണ്ടോ ഇല്ലയോ എന്നത് വ്യക്തമായി മനസ്സിലാക്കണം. കഴിവില്ലെങ്കില്‍ കുഴപ്പമില്ല. അതിനുള്ള അഡീഷണല്‍ സപ്പോര്‍ട്ട് നമ്മള്‍ കൊടുത്താല്‍ മതി. മുകളിലെടുക്കുമ്പോള്‍ താഴത്തെ അതേ പ്ലാനില്‍ എടുക്കണമെന്നും നിര്‍ബന്ധവുമില്ല. അതില്‍ നമുക്ക് വ്യത്യാസങ്ങള്‍ വരുത്താം. ആകെപ്പാടെ അങ്ങനെ വരുത്തുന്നസമയത്ത് അതിനു വേണ്ട മുന്‍കരുതല്‍ എടുക്കണമെന്നു മാത്രം.

വയറിങ് പുതുക്കല്‍

വീട് പുതുക്കിപ്പണിയുമ്പോള്‍ മറ്റ് ഒരു വലിയ അവസരം കൂടി നമുക്ക് ലഭിക്കുന്നുണ്ട്. ഇലക്ട്രിക്കലിന്റേയും പ്ലംബിംഗിന്റേയും കാര്യമാണത്. പലപ്പോഴും ഇലക്ട്രിക്കലിലും പ്ലംബിംഗിലുമൊക്കെ പഴക്കമേറുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണ്. മുപ്പത് കൊല്ലമൊക്കെ കഴിയുമ്പോള്‍ വയറിംഗ് പുതുക്കിച്ചെയ്യണമെന്നാണ് പറയുന്നത്. പ്ലബിംഗും ഇങ്ങനെതന്നെ. അപ്പോള്‍ വീട് പുതുക്കിപ്പണിയുന്നതിനാല്‍ ഭംഗിക്ക് ഭംഗം വരാതെ തന്നെ ഇക്കാര്യങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനുള്ള അവസരമുണ്ടാകുന്നു.

വീട് പുതുക്കിപ്പണിയുമ്പോള്‍ ഒരുപാട് സാധ്യതകളാണ് നമുക്ക് ഇന്നുള്ളത്. അഞ്ചുകൊല്ലം മുന്നേ സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന ഫീച്ചേഴ്സ് ഓരോ കാര്യങ്ങളിലുമുണ്ട്. പെയിന്റ്സ്, ഭിത്തിയില്‍ ഒട്ടിക്കാവുന്ന കല്ലുകള്‍, ഫ്ളോറിംഗില്‍ ഉപയോഗിക്കുന്ന നിരവധി തരം ടൈലുകള്‍, ഗ്രാനൈറ്റുകള്‍, ലൈറ്റ്സ്, ബാത്ത്റൂം ഫിറ്റിംഗ്സ്, അതുപോലെ കിച്ചണ്‍ ആക്സസറീസ് അങ്ങനെ നിരവധി കാര്യങ്ങള്‍. ഫര്‍ണിച്ചറിലാണെങ്കിലും ഒരുപാട് സാധ്യത വന്നിട്ടുണ്ട്. അതുപോലെ വുഡ് വര്‍ക്സിലും എല്ലാം വളരെ മാറ്റങ്ങള്‍ ചെയ്യാന്‍ പറ്റും. അപ്പോള്‍ നമുക്ക് ഒരു പുതുപുത്തന്‍ വീട് തന്നെയുണ്ടാക്കാന്‍ പറ്റും.

ഭംഗി വര്‍ധിപ്പിക്കല്‍

വീടു പുതുക്കിപ്പണിയുന്നതില്‍ത്തന്നെ വരുന്നതാണ് അതിന്റെ ഭംഗി വര്‍ദ്ധിപ്പിക്കലും. ഭംഗികൂട്ടുമ്പോള്‍ ആര്‍ക്കിടെക്റ്റിന്റെ ക്രീയേറ്റീവിറ്റി ആണ് വേണ്ടത്. സാധാരണ രീതിയിലുള്ള കെട്ടിടമാണെങ്കില്‍ തന്നെ ചെറിയ മാറ്റംകൊണ്ട് അതിമനോഹരമാക്കാന്‍ പറ്റും. ശരിക്കും പറഞ്ഞാല്‍ വീട് ഒരു ശില്‍പ്പമാണല്ലോ. അപ്പോള്‍ ആ ശില്‍പ്പിയുടെ കരവിരുത് അനുസരിച്ച് ഇരിക്കും അത്. പക്ഷേ ഒരുപാട് ആള്‍ക്കാര്‍ ഇപ്പോള്‍ വീട് ഭംഗി കൂട്ടുന്നതിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ശൈലി മാറ്റം വരുത്തി കേരളീയരീതിയാലാക്കാം. വീട് ആധുനികരീതിയിലാകാകം. ജനലുകള്‍ മാറ്റാം, പെയിന്റുകള്‍ മാറ്റാം, അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇതില്‍ ചെയ്യാന്‍ പറ്റും.

വീട് പുതുക്കിപ്പണിയുമ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം പണച്ചെലവിനെക്കുറിച്ചാണ്. പുതിയ വീട് നിര്‍മ്മിക്കുന്നതല്ലേ ഇതിലും നല്ലത് എന്നും ചിലര്‍ ചോദിക്കും. സാങ്കേതികമായ പ്ലാനിംഗില്‍ ശ്രദ്ധിക്കാതിരുന്നാല്‍ ചെലവ് അധികമാകും. പക്ഷേ പ്ലാനിംഗിന് വേണ്ട സമയമെടുക്കുകയും വേണ്ട പ്രൊഫഷണല്‍ അഡ്വസും എടുത്താന്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കും.

ചെലവ് കുറയ്ക്കാവുന്ന ഒരുപാട് മെറ്റീരിയല്‍സ് ഉണ്ട്. വീനസ് ബര്‍ഗ്, ഓടിന്റെ ഇഷ്ടിക ഉണ്ട്. തട്ടുവാര്‍ക്കണമെങ്കില്‍ വളപട്ടണം. എന്‍വിയോണ്‍മെന്റ് ഫ്രണ്ട്ലിയാണ്. ഇപ്പോള്‍ ഒരുപാട് ഗ്രീന്‍ ഫീച്ചേഴ്സ് ഉണ്ട്. മഴവെള്ള സംഭരണി. ബയോഗ്യാസ് പ്ലാന്റ്, സോളാര്‍ പവര്‍, എല്‍ ഇ ഡി ലൈറ്റുകള്‍, ഇതൊക്കെ കഴിയുന്നതും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയാല്‍ നല്ലതാണ്.