നല്ലവളായ പരുന്തമ്മ

2514

പൂഞ്ചോലക്കാട്ടിലെ ഒരു വലിയ ആല്‍മരത്തിന്റെ മുകളിലായിരുന്നു ചങ്ങാലിപ്പരുന്തമ്മ കൂടുകെട്ടി താമസിച്ചിരുന്നത്‌. പരുന്തമ്മയ്ക്ക്‌ രണ്ടു കൂട്ടുകാരുണ്ടായിരുന്നു – ചിണ്ടനെലിയും ചിന്നുക്കുരുവിയും, . പരുന്തും എലിയും കുരുവിയും കൂട്ടുകൂടുമോ എന്ന് കൂട്ടുകാര്‍ വിചാരിക്കുന്നുണ്ടാവും. സാധാരണ അങ്ങനെയില്ല. എന്നാല്‍ ഇവര്‍ മൂന്നുപേരും കൂട്ടുകാരാവാന്‍ ഒരു കാരണമുണ്ട്‌. അതു കേള്‍ക്കേണ്ടേ?

പണ്ടൊരുദിവസം ഒരു വേടന്‍ കാട്ടില്‍ പക്ഷികളെ പിടിക്കാന്‍ ഒരു വലവിരിച്ചു. അറിയാതെ നമ്മുടെ ചങ്ങാലിപ്പരുന്തമ്മ അതില്‍ കുടുങ്ങി. അവളുടെ കരച്ചില്‍കേട്ട്‌ ചിന്നുക്കുരുവി അവിടേക്ക് വന്നു. പരുന്തമ്മ സങ്കടത്തോടെ ചിന്നുവിനെ വിളിച്ച്‌, തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണേ എന്നു കരഞ്ഞു പറഞ്ഞു. ആദ്യം പരുന്തിന്റെ അടുത്ത്‌ പോകാന്‍ പേടിയായെങ്കിലും ചിന്നു പതുക്കെപ്പതുക്കെ വലയുടെ അടുത്തെത്തി. പരുന്തമ്മയുടെ കിടപ്പില്‍ കഷ്ടംതോന്നിയ അവള്‍ പോയി ചിണ്ടനെലിയെ വിളിച്ചുകൊണ്ടുവന്നു. ചിണ്ടനും പരുന്തമ്മയെ പേടിയായിരുന്നു.

പരുന്തമ്മ പറഞ്ഞു ” ചിന്നൂ, ചിണ്ടാ, പണ്ടൊക്കെ ഞാന്‍ നിങ്ങളെ ഒരു പാടു പേടിപ്പിച്ചിട്ടുണ്ട്‌. ഇനിയങ്ങനെ ഉണ്ടാവില്ല. എന്നെ ഇവിടെനിന്നു രക്ഷിച്ചാല്‍ നമ്മള്‍ക്കെന്നും കൂട്ടുകാരായി ഇരിക്കാം. നിങ്ങളെ ഞാനൊന്നും ചെയ്യില്ല.” ചിന്നുവും ചിണ്ടനും കൂടിയാലോചിച്ചു. അവസാനം വലകടിച്ചുമുറിച്ച്‌ ചിണ്ടന്‍ പരുന്തിനെ അവിടെനിന്നും രക്ഷിച്ചു. അന്നുമുതലാണ്‌ അവര്‍ കൂട്ടുകാരയത്‌.

അങ്ങനെയിരിക്കെ ചിന്നുക്കുരുവിയുടെ കല്യാണമായി. പൂഞ്ചോലക്കാട്ടില്‍ത്തന്നെയുള്ള കുട്ടുക്കുരുവിയായിരുന്നു ചെക്കന്‍. കല്യാണമൊക്കെക്കഴിഞ്ഞ്‌ ചിന്നുവും കുട്ടുവും അടുത്തുള്ള നെല്ലിമരത്തില്‍ ഒരു കൂടുകെട്ടി. നാരുകളും, ഉങ്ങങ്ങിയ ഇലകളുമൊക്കെ വച്ച നല്ലൊരു കൂടായിരുന്നു അവരുടേത്. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ചിന്നു മൂന്നു മുട്ടയിട്ടു. “ഹായ്‌…. മുട്ടവിരിഞ്ഞ്‌ കുഞ്ഞിക്കുരുവികള്‍ വരുമല്ലോ“. അതോര്‍ത്ത്‌ കുട്ടുവും ചിന്നുവും വളരെ സന്തോഷിച്ചു.

ചിന്നു മുട്ടയ്കുമേലെ അടയിരുന്ന് അവയ്ക്ക്‌ ചൂടുകൊടുത്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുട്ടവിരിഞ്ഞ്‌ നല്ല സുന്ദരന്മാരായ മൂന്നു കുരുവിക്കുഞ്ഞുങ്ങള്‍ പുറത്തെത്തി. കുഞ്ഞുങ്ങളെയും നോക്കി അങ്ങനെയിരിക്കുന്നത്‌ കുട്ടുവിനും ചിന്നുവിനും വലിയ സന്തോഷമായിരുന്നു. കുഞ്ഞുങ്ങളാണെങ്കിലോ, എപ്പോഴും കീ..കീ.. എന്നു കരച്ചിലും. അച്ഛനും അമ്മയും മാറിമാറി കാട്ടില്‍ പോയി അവര്‍ക്ക്‌ തീറ്റ കൊണ്ടുവന്നു നല്‍കി. അങ്ങനെ കുഞ്ഞുങ്ങള്‍ വളര്‍ന്നുവന്നു.

പക്ഷേ ഒരു അപകടം അവിടെ ഉണ്ടായിരുന്നു. താഴെയുള്ള ഒരു മാളത്തില്‍ കോരന്‍ എന്നൊരു പാമ്പ്‌ എവിടെനിന്നോ വന്ന് താമസമായി. കുഞ്ഞുങ്ങളുടെ കരച്ചില്‍ അവന്‍ കേട്ടു. അവയെ തിന്നാനായി അവന്‌ കൊതിയായി. ചിന്നുവും കുട്ടുവും ഇതറിഞ്ഞില്ല. ഒരു ദിവസം അവര്‍ തീറ്റതേടിപ്പോയ സമയം കോരന്‍ പാമ്പ് നെല്ലിമരത്തിലേക്ക്‌ കയറി. മണം പിടിച്ചുകൊണ്ട്‌ അവന്‍ കുരുവിക്കൂടിന്റെ അടുത്തേക്ക്‌ എത്തി. പാവം കുരുവിക്കുഞ്ഞുങ്ങള്‍. ഇതാരാണ്‌ വരുന്നതെന്നറിയാതെ അവര്‍ കീ..കീ.. എന്നു കരഞ്ഞു. പാമ്പ്‌ വാപിളര്‍ന്നുകൊണ്ട്‌ അവരുടെ അടുത്തേക്ക് ഇഴഞ്ഞുവന്നു.

“അയ്യോ.. നമ്മുടെ കുഞ്ഞുങ്ങളെ പാമ്പ്‌ പിടിക്കുന്നേ..” തീറ്റയുമായി തിരിച്ചെത്തിയ കുട്ടുവും ചിന്നുവും ഉറക്കെ കരഞ്ഞു.. “അയ്യോ….അയ്യോ… ” പാമ്പ്‌ കുഞ്ഞുങ്ങളെ തിന്നാനായി പോവുകയാണ്‌. എന്തുചെയ്യണമെന്നറിയാതെ അവര്‍ വിഷമിച്ചു. പെട്ടന്ന് ചങ്ങാലിപ്പരുന്തമ്മ എവിടെനിന്നോ പറന്നെത്തി. തന്റെ കാലിലെ കൂര്‍ത്ത നഖങ്ങള്‍ പാമ്പിന്റെ വയറ്റിലേക്ക്‌ കുത്തിയിറക്കി. കോരന്‍ വേദന കൊണ്ട്‌ പുളഞ്ഞു. മരത്തിലെ പിടിവിട്ട്‌ അവന്‍ മരത്തില്‍നിന്നും താഴെവീണു. പരുന്തമ്മ വിട്ടില്ല. വീണ്ടും താഴേക്ക്‌ പറന്നു ചെന്ന് അവള്‍ കോരനെ കൊത്തി. പാമ്പ് പൂഞ്ചോലക്കാട്ടില്‍ നിന്നും ജീവനും കൊണ്ടോടി. കുട്ടുവും ചിന്നുവും പരുന്തമ്മയ്ക്ക്‌ നന്ദി പറഞ്ഞു.