ഇടിമൂപ്പത്തി…?

1165

നാലുംകൂട്ടി മുറുക്കിക്കൊണ്ടിരുന്ന മുത്തശ്ശിയുടെ പഴംകഥകള്‍ കേള്‍ക്കാന്‍ കുട്ടികള്‍ ചുറ്റും കൂടിയിരിക്കുകയാണ്.

“മുത്തശ്ശിയുടെ പഴയ അരിയിടിക്കഥ കേള്‍ക്കാനാ ഞങ്ങള്‍ വന്നത്” കുട്ടികള്‍ പറഞ്ഞു.

“പറയാം മക്കളെ….ആ കഥ ഞാന്‍ പറയാം. പണ്ട് പണ്ട്… മുത്തഛനുണ്ടായിരുന്ന കാലം. മുത്തഛന്‍ കൂലിപ്പണിക്കാരനായിരുന്നു. തുശ്ചമായ കൂലിയായിരുന്നു അന്ന് കിട്ടിയിരുന്നത്. ഞാന്‍ അടുത്ത വീടുകളില്‍ അരി ഇടിക്കാന്‍ പോകും. ഇന്നത്തെ പോലെ മിക്സിയോ ഗ്രൈന്‍ണ്ടറോ ഒന്നും അന്നുണ്ടായിരുന്നില്ല. എല്ലാം ഉരലില്‍ ഇടിച്ചെടുക്കണം. നെല്ലു കുത്ത്, അരി ഇടി, മുളക് ഇടി, അങ്ങനെ എല്ലാതരം ഇടികളും ചെയ്തുകൊടുക്കുമായിരുന്നു ഈ മുത്തശ്ശി. “ഇടിമൂപ്പത്തി” എന്നാ എന്നെ നാട്ടുകാര്‍ വിളിച്ചിരുന്നെ. ഇടിക്കാന്‍ നടക്കുന്ന സ്ത്രീകളുടെ മൂപ്പത്തി എന്നാ അര്‍ത്ഥം. നേരം വെളുത്താല്‍ വൈകുന്നതുവരെ “ഇടിയോടിടി” ആണ്.

അങ്ങനെ ഒരു ദിവസം അരി ഇടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഒരു സായിപ്പ് ആ വഴി വന്നു. “ഡും..ഡും……ഡും..ഡും,….” എന്ന ശബ്ദം താളലയത്തോടെ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. സായിപ്പ് അത്ഭുതത്തോടെ ആ ശബ്ദം കേട്ടുകൊണ്ട് അടുത്തുതന്നെ നില്‍പ്പുണ്ട്.

“എത്ര സുന്ദരമായ സംഗീതം!?” സായിപ്പ് പറഞ്ഞു.

“ഈ സംഗീതം ഞാന്‍ വിലക്കെടുത്തിരിക്കുന്നു…” സായിപ്പ് പ്രഖ്യാപിച്ചു.

അന്നുതന്നെ സായിപ്പ് ചില പേപ്പറുകള്‍ എന്നെകൊണ്ട്‌ ഒപ്പിടീച്ചു. പിന്നെ ഒരു കെട്ട് നോട്ട് എന്റെ കയ്യില്‍ വച്ചുതന്നു! അടുത്ത ആഴ്ച ഒരു റിക്കാര്‍ഡ് അയച്ചുതന്നു. മുത്തഛനും നാട്ടുകാരും പാട്ടു കേള്‍ക്കാന്‍ കൂടിയിട്ടുണ്ട്. ഒരു ഇംഗ്ലീഷ് പാട്ടായിരുന്നു അത്. അതില്‍ മുഴങ്ങികേട്ടത്‌ “ഡും…ഡും…..ഡും..ഡും…” എന്ന അരിയിടി സംഗീതമായിരുന്നു. ആ ശബ്ദമാണ് മക്കളെ ഇന്നും ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും മുഴങ്ങിക്കേള്‍ക്കുന്നത്. ഇപ്പൊ നമ്മുടെ മലയാളം സിനിമാപ്പാട്ടിലും ഈ അരിയിടി സംഗീതം കടന്നുകൂടീട്ടുണ്ട്. അന്നുമുതല്‍ മുത്തശശിക്ക് മാസാമാസം റോയല്‍റ്റി ആയിട്ട് നല്ലൊരു തുക കിട്ടുന്നുണ്ട്‌. ആ പണംകൊണ്ടാ മക്കളെ ഞാനെന്‍റെ മക്കളെയും ചെറുമക്കളെയുമെല്ലാം പഠിപ്പിച്ചു വലിയവരാക്കിയത്…”

“അപ്പൊ മുത്തശ്ശീ..ഈ സംഗീതത്തിന് “ഇടിസംഗീതം” എന്ന് പറയാം അല്ലെ?” കുട്ടികളില്‍ മുതിര്‍ന്നവന്‍ ചോദിച്ചു.

“അതെ…” മുത്തശശി അടുത്ത മുറുക്കിനുള്ള തയ്യാറെടുപ്പിലാണ്.

“മറ്റെന്തെങ്കിലും ഇടിസംഗീതം മുത്തശശിക്ക് ഓര്‍മ്മയുണ്ടോ?”

“ഉണ്ടല്ലോ. പണ്ട് ചില വീടുകളില്‍ ഭര്‍ത്താക്കന്മാര്‍ രാത്രിയില്‍ കള്ള് കുടിച്ചു പൂസ്സായി വന്നു ഭാര്യമാരെ എടുത്തിട്ടിടിക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ ഒരു സായിപ്പ് നടന്നുപോകുമ്പോള്‍ തൊട്ടടുത്ത വീടിനുമുന്നില്‍ ഒരാള്‍ ഭാര്യയെ ഇടിക്കുന്നു! ഇടിയുടെ ശബ്ദവും ഭാര്യയുടെ കരച്ചിലിന്റെ ശബ്ദവും കേട്ടപ്പോള്‍ സായിപ്പിന്റെ മനസ്സില്‍ ഒരു സംഗീതമുണ്ടായി. സായിപ്പ് ആ ശബ്ദം റിക്കാര്‍ഡ് ചെയ്തു. മടങ്ങിപ്പോകുമ്പോള്‍ സായിപ്പ് അവര്‍ക്ക് ഒരുകെട്ട്‌ നോട്ടു സമ്മാനമായി കൊടുക്കാന്‍ മറന്നില്ല. നോട്ടുകെട്ടു കിട്ടിയതും ആ കള്ളുകുടിയന്‍ നേരെ ഷാപ്പിലേക്ക് വച്ചുപിടിച്ചു.

“വേറെന്തെങ്കിലും സംഗീതം?” കുട്ടികള്‍ മുത്തശശിയെ വിടാന്‍ ഭാവമില്ല.
“ഉണ്ടല്ലോ. “പുളിവടി” സംഗീതം ..”

“പുളിവടി സംഗീതമോ? അതെന്തോന്നു സംഗീതം…?” കുട്ടികള്‍ വാ പൊളിച്ചു.

“കുരുത്തക്കേട്‌ കാട്ടുമ്പോള്‍ പണ്ട് പുളിവടി വെട്ടിയാണ് മുത്തഛന്‍ കുട്ടികളെ തല്ലിയിരുന്നത്. അടിയുടെ ശബ്ദവും കുട്ടികളുടെ കരച്ചിലിന്റെ ശബ്ദവും കൂടിക്കലര്‍ന്നു ഒരു സംഗീതമുണ്ടായി. അതാണ് മക്കളെ “പുളിവടി സംഗീതം”. അത് പറഞ്ഞു മുത്തശശി തന്റെ പല്ലില്ലാത്ത മോണ കാട്ടി ഊറി ഊറി ചിരിച്ചു.

“..ഇത് മുത്തശ്ശിയുടെ “പുളു”വടിയാ…”

കുട്ടികര്‍ ആര്‍ത്തു ചിരിച്ചു മടങ്ങിപ്പോയി.