കുറുക്കോൾ കുന്ന് മുതൽ കുറ്റിപ്പാല വരെ…

4045

ഇന്ന് നമ്മളീ കാണുന്ന ചെറുതും വലുതുമായ റോഡുകൾക്കെല്ലാം എത്രയെത്ര കഥകളാണ് പറയാനുണ്ടാവുക. കല്ലും മുള്ളും നിറഞ്ഞ എത്രയെത്ര ഇടവഴികൾ പിന്നീട് റോഡുകളായി മാറി…  40 -50 വർഷങ്ങൾ മുൻപ്‌ നമ്മുടെ നാട്ടിൽ അപൂർവം റോഡുകളായിരുന്നു ഉണ്ടായിരുന്നത്… കച്ചവടാവശ്യങ്ങൾക്കും മറ്റു കാര്യങ്ങൾക്കും ആളുകൾക്ക്‌ അന്ന് ഈ ഇടവഴികൾ തന്നെയായിരുന്നു ആശ്രയം.

നമ്മുടെ നാട്ടിൽ ഒരു കാലത്ത്‌ വളരെ പ്രസിദ്ധിമായ ഒരു ഇടവഴി ആയിരുന്നു നമ്മൾ ഇനി കാണുന്ന കുറുക്കോൾകുന്ന് – കുറ്റിപ്പാല റോഡ്. നെരാല, വീരാശ്ശേരിപ്പടി ഭാഗത്തെ കൃഷിക്കാരും, പാറോട്ടക്കൽ ഉണ്ടായിരുന്ന തേങ്ങാ ആട്ടുന്ന ചക്ക് കച്ചവടത്തിനും തുടങ്ങി ഈ പ്രദേശത്തെ ജനങ്ങൾക്ക്‌ എല്ലാം ഈ ഇടവഴി ആയിരുന്നു ആശ്രയം.

പൊന്മുണ്ടം, പാറക്കുട്‌, വളവന്നൂർ പാടം തുടങ്ങിയ ഭാഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അന്ന് ഏറ്റവുമധികം ഉപയോഗം. നേരാലയിൽ ഇപ്പോഴും തലയുയർത്തി നിൽക്കുന്ന അത്താണി അന്നത്തെ കാലത്തെ ചന്തയിൽ പോകുന്പോഴും മറ്റും ചുമട് ഇറക്കി വെയ്ക്കാനുള്ള ആശ്രയമായിരുന്നു,..,

ഇന്നിപ്പോൾ നമ്മുടെ പ്രദേശത്തു തന്നെ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു റോഡായി ഇത് മാറിയിരിക്കുന്നു. കുറുക്കോൾകുന്ന് നിന്നും തുടങ്ങി, പാറോട്ടക്കൽ, സമതനഗർ, നെരാല, വീരാശ്ശേരിപ്പടി, ചെനപ്പുറം എന്നീ സ്ഥലങ്ങൾ കടന്നു കുറ്റിപ്പാലയിൽ എത്തുന്നു.

മൂന്നു പഞ്ചായത്തുകൾ കൂടിച്ചേരുന്ന കുറുക്കോൾ കുന്ന് നിന്നും റോഡ് ആരംഭിക്കുന്ന സ്ഥലം

മൂന്നുപഞ്ചായത്തകളുടെ സംഗമ ഭൂമിയായ കുറുക്കോൾകുന്ന് നിന്നാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ റോഡിന്റെ ആരംഭം. പൊന്മുണ്ടം – ചെറിയമുണ്ടം – വളവന്നൂർ എന്നീ പഞ്ചായത്തുകൾ ചേരുന്ന ഭാഗത്ത് നിന്നും തുടങ്ങുന്ന റോഡിന്റെ മറ്റേ അറ്റം അവസാനിക്കുന്ന കുറ്റിപ്പാലയിൽ പെരുമണ്ണ ക്ലാരി പഞ്ചായത്തുമാണ്. അതിനിടയിൽ റോഡിന്റെ ഇരുവശത്തുമായി വളവന്നൂർ പഞ്ചായത്തും പൊന്മുണ്ടം പഞ്ചായത്തും കൂടി ഉൾപ്പെടുന്നു. പൊന്മുണ്ടം, വളവന്നൂർ ബ്ലോക്ക്‌ ഡിവിഷനുകളും ഇതിലൂടെ കടന്നുപോകുന്നു. അതുപോലെ തന്നെ തിരൂർ, താനൂർ, തിരുരങ്ങാടി എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളും ഈ റോഡിന്റെ ഭാഗമാകുന്നു.

ഈ റോഡിന്റെ ഏറ്റവും വലിയ ഗുണം ഇത് കടുങ്ങാത്തുകുണ്ട് – മച്ചിങ്ങാപ്പാറ പ്രദേശങ്ങൾക്കിടയിലുള്ളവർക്ക് വിമാനത്താവളത്തിലേക്കുള്ള ഏറ്റവും എളുപ്പമുള്ള ഒരു മിനി ബൈപാസ് ആണ് എന്നുള്ളതാണ്.