വെറ്റില കൃഷി വളവന്നൂർ മാതൃക

3112

പൂർവ്വികമായിട്ടു തന്നെ കാർഷിക ഗ്രാമമായി അറിയപ്പെടുന്ന വളവന്നൂരിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും നമുക്ക് കാണാൻ കഴിയുന്ന ഒരു പ്രധാന കൃഷിയാണ് വെറ്റിലകൃഷി. നാടിന്റെ വിവിധ ഭാഗങ്ങളിലായി പച്ച പുതച്ചു നിൽക്കുന്ന ഈ കൃഷി നല്ലൊരു കാർഷിക സംസ്കാരവും നമുക്കിടയിൽ വിളിച്ചോതുന്നു.

‘പൈപ്പര്‍ ബെറ്റില്‍’ എന്നതാണ് വെറ്റിലയുടെ ശാസ്ത്രനാമം. തുളസി, വെണ്മണി, അരിക്കൊടി, കല്‍ക്കൊടി, കരിലാഞ്ചി, കര്‍പ്പൂരം, ചീലാന്തി കര്‍പ്പൂരം, കുറ്റക്കൊടിനന്തന്‍, പെരുംകൊടി, അമരവിള പ്രമുട്ടന്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍

കൂട്ടക്കൊടി, കവുങ്ങുകൊടി എന്നിങ്ങനെ രണ്ടു രീതികളിലാണ് വെറ്റില കൃഷി ചെയ്യുന്നത്. ഇതിൽ കവുങ്ങ് മുറിച്ചെടുത്ത് അലക് രൂപത്തിൽ വേർതിരിച്ച് അടി ഭാഗം വൃത്താകൃതിയിൽ കുഴിച്ചുമൂടി മുകൾഭാഗം കൂട്ടിക്കെട്ടി അതിൽ തൈകൾ വെച്ചുപിടിപ്പിക്കുന്നതിനെ കൂട്ടക്കൊടിയെന്നും കവുങ്ങിൽമേൽ മാത്രമായി നട്ടുവളർത്തുന്ന വെറ്റിലയെ കവുങ്ങു കൊടിയെന്നും പറയുന്നു. ഇതിൽ ഏറെ ലാഭം കൂട്ടക്കൊടിക്കാണെങ്കിലും ഇതിന് അദ്ധ്വാനവും വളരെ കൂടുതലാണ്. ജൈവവളമാണ് കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. കാലാവസ്ഥക്കനുസരിച്ച്  ഇടവക്കൊടി, തുലാക്കൊടി എന്നീ വ്യത്യസ്ഥ രീതിയിൽ കൃഷിയിറിക്കുന്നു.

കൂട്ടക്കൊടി

ചന്തകൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വിൽപന. 40-50 ഇടയിലുള്ള വില വെറ്റിലക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് 20 വെറ്റിലകൾ ചേർത്തുവെച്ചതാണ് ഒരു അടുക്ക് ഇങ്ങനെ നാല് അടുക്കുകൾ ചേർത്തുവെച്ചതാണ് ഒരു കെട്ട്.

വെള്ളം ധാരാളമായി ലഭിക്കുന്ന സ്ഥലങ്ങളിലും പാടവക്കിൽ താമസിക്കുന്നവരും ഇപ്പോഴും വെറ്റിലകൃഷിയിൽ വ്യപൃതരാണ്. മുന്പ് വളവന്നൂരിൽ വെറ്റില കൃഷികൊണ്ടുമാത്രം ജീവിച്ചിരുന്ന ധാരാളം കുടുംബങ്ങളുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവരും ഒന്നിച്ചായിരുന്നു അന്ന് വെറ്റില കൃഷിയെ പരിപാലിച്ചിരുന്നത്.  ഇലക്ട്രിക് മോട്ടോർ വ്യാപകവാവുന്നതിന് മുന്പ് ഏത്തവും, കാളത്തേക്കും അതിനു ശേഷം മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഷീനുകളും ഉപയോഗിച്ച് കൃഷിത്തോട്ടത്തിലൂടെ വെള്ളം സുഗമമായി ഒഴുകുന്ന രൂപത്തിൽ തോട് തിരിച്ചായിരുന്നു അന്ന് വെള്ളമെത്തിച്ചിരുന്നത്.  വെള്ളത്തിന്റെ അപര്യാപ്തതയും, കൃഷിയോടുള്ള പുറം തിരിഞ്ഞുനിൽപും, ജോലി ആവശ്യാർത്ഥം ഗൾഫിലേക്കുള്ള കുടിയേറ്റവും,  മണ്ണിലിറങ്ങി ജോലി ചെയ്യാൻ ഇന്നത്തെ തലമുറക്കുള്ള വൈമുഖ്യവും ഇന്ന് വെറ്റിലകൃഷിയെ ബാധിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിലേക്കും വിവിധ രാജ്യങ്ങളിലേക്കും വെറ്റില ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ വലിയൊരു പങ്കും നമ്മുടെ ഈ വളവന്നൂരിൽ നിന്നുമാണ്.  അതു കൊണ്ട് തന്നെ ഇത്തരം കൃഷിരീതികളെ നമ്മൾ ഏറെ പ്രോൽസാഹിപ്പിക്കേണ്ടതുണ്ട്.

 

PHOTO(S)agriecom.in | manoramaonline.com
ദൃശ്യ മാധ്യമ രംഗത്ത് സ്വതശിദ്ധമായ ശൈലിയിലൂടെ ശ്രദ്ധ നേടിയ അനിൽ BIGHUNT NEWS പ്രധാന റിപ്പോർട്ടർ ആയി സേവനമനുഷ്ടിക്കുന്നു. വളവന്നൂരിലെ ജീവകാരുണ്യ കൂട്ടായ്മകളിലെ സജീവ പ്രവർത്തകനുമാണ്.