കഴിഞ്ഞ ദിവസം നാട്ടിലേക്ക് രണ്ട്മൂന്ന് തവണ വിളിച്ചിട്ടാണ് അവൾ ഫോൺ എടുത്തത്. എന്താ ഫോൺ എടുക്കാത്തത് ന്ന് ചോദിച്ചപ്പോ അവൾ പറഞ്ഞു.
“അടുപ്പത്ത് ചെമ്മീൻ ഉണ്ടായിരുന്നു. ഫോൺ എടുക്കാൻ വന്നാൽ അത് കരിഞ്ഞു പോകുന്ന് വിചാരിച്ചിട്ടാണ്.”
ഞാനവളോട് തമാശയായി ചോദിച്ചു.
“പൈസക്ക് ക്ഷാമം ഉള്ള ഈ വറുതി കാലത്ത് നിങ്ങൾക്ക് ചെമ്മീൻ തന്നെ വാങ്ങി കഴിക്കണോ.. വല്ല ഉണക്ക മീനും വാങ്ങി കഴിച്ചാൽ പോരേ..”??
അപ്പോഴവള് ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇന്നലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോ ഞാൻ ഉപ്പയോട് വെറുതെ ഒരു പൂതി പറഞ്ഞതാണ് ‘ചെമ്മീൻ കൂട്ടാൻ പൂതിയാവുന്നു’ ന്ന്. പാവം , ഇന്ന് രാവിലെ മീൻവണ്ടിയും വരുന്നത് നോക്കി കാത്തിരുന്ന് വാങ്ങി കൊണ്ട് തന്നതാണ് ഈ ചെമ്മീൻ”.!!
പൂതി വെച്ച ചെമ്മീൻ കിട്ടിയതിനേക്കാളും അവൾക്ക് സന്തോഷമായത് മരുമകളായ അവൾ വെറുതെ പറഞ്ഞ ഒരു കുഞ്ഞു ആഗ്രഹം അടുത്ത ദിവസം തന്നെ നിറവേറ്റി കൊടുത്ത ഉപ്പയുടെ ആ സ്നേഹവും കരുതലും കണ്ടത് കൊണ്ടായിരുന്നു. അവളുടെ മുഖത്തെയും, ഖൽബിലേയും സന്തോഷം വാക്കുകളിലൂടെ കടലിനിക്കരെ നിന്ന് പോലും എനിക്ക് കാണാമായിരുന്നു.
ഒരുപാട് സന്തോഷത്തോടെയാവും അവൾ ആ ചെമ്മീൻ കഴിച്ചിട്ടുണ്ടാവുക. ഒരുപക്ഷെ ഇനി ചെമ്മീൻ കൂട്ടുമ്പോഴൊക്കെ ഉപ്പയുടെ ഈ സ്നേഹം അവൾ ഓർക്കുമായിരിക്കും.!
ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നറിയാം. പക്ഷെ നമ്മൾ നിസ്സാരമെന്ന് കരുതുന്ന ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും നമ്മുടെ കുടുംബത്തിൽ ഉണ്ടാക്കുന്ന സ്നേഹവും സന്തോഷവും എത്രമാത്രം വലുതാണെന്ന് നമ്മളിൽ പലരും തിരിച്ചറിയാറില്ല. ചില കാര്യങ്ങൾ കൂടി പറയാം..
ഈ അവധിക്ക് ഞാൻ നാട്ടിൽ പോയപ്പോൾ ഉപ്പയുടെ താടിയും, മീശയും ഡ്രിമ്മർ കൊണ്ട് ശരിയാക്കി കൊടുത്തിരുന്നത് ഞാനായിരുന്നു. വീടിന്റെ പിറക് വശത്ത് ഒരു കസേരയിൽ അനുസരണയുള്ള കുട്ടിയെ പോലെ ഉപ്പ എനിക്ക് മുമ്പിൽ വന്നിരിക്കും. ഞാൻ ഉപ്പയുടെ താടിയും മീശയും ശരിയാക്കുമ്പോൾ ഉമ്മയും ബീവിയും വന്ന് ഓരോ തമാശകൾ പറഞ്ഞ് ചിരിക്കും.
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷത്തോടെയും സംതൃപ്ത്തിയോടെയും ചെയ്ത ഒരു കാര്യമായിരുന്നു അത്. സംഗതി നിസ്സാരമാണെങ്കിലും ഉപ്പാക്ക് സന്തോഷം, എനിക്ക് സന്തോഷം, കാണുന്ന ഉമ്മാക്കും ബീവിക്കും സന്തോഷം.
മറ്റൊരു ദിവസം ഉമ്മ മോനൂസിന് ചോറ് വാരിക്കൊടുക്കുമ്പോൾ ഞാനും അടുത്ത് പോയിരുന്നു. കൊതിയോടെ നോക്കി നിന്ന എനിക്കും ഉമ്മ ചോറ് വാരിത്തന്നു. അത് കണ്ട ബീവിയും വന്നു . അവൾക്കും കിട്ടി ഉമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ചോറുരുള. അന്ന് രാത്രി കിടക്കുമ്പോൾ അവൾ എന്നോട് പറഞ്ഞു.
“ഇന്നത്തെ ദിവസം മനസ്സിന് വല്ലാത്തൊരു സന്തോഷമായിരുന്നു ഇക്കാ” എന്ന്.!!
നോക്കൂ.. ഇതൊക്കെ എത്ര ചെറിയ കാര്യങ്ങളാണ്. എന്നിട്ടും ബന്ധങ്ങൾ ദൃഢമാക്കാനും മനസ്സുകൾ തമ്മിൽ കൂടുതൽ അടുക്കാനും ഈ കുഞ്ഞു കാര്യങ്ങൾ കൊണ്ട് സാധിക്കുന്നു.!!
ഉമ്മയോ, ഉപ്പയോ കാല് വേദനിക്കുന്നു എന്ന് പറയുമ്പോൾ ബാമോ, തൈലമോ പുരട്ടി ആ കാലൊന്ന് തടവിക്കൊടുത്തു നോക്കൂ..
ഉമ്മ കാലും നീട്ടി ഇരിക്കുമ്പോൾ കൊച്ചുകുട്ടിയെപോലെ ആ മടിയിൽ തല വെച്ചൊന്നു കിടന്ന് നോക്കൂ..
ഒരു വലിയ തളികയിലോ, ഇലയിലോ ചോറുവിളമ്പി എല്ലാവരും കൂടി ഒരുമിച്ചിരുന്ന് കഴിച്ചു നോക്കൂ.. നമ്മുടെ വീട്, ഒരു സ്വർഗ്ഗമായി മാറുന്നത് നമുക്ക് കാണാൻ കഴിയും.!!
വർഷങ്ങൾ അധ്വാനിച്ച് ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കുന്ന നമ്മുടെ വീട് ഒരു ‘വീടായി’ മാറുന്നത് അതിൽ താമസിക്കുന്നവർ സന്തോഷത്തിലും, സ്നേഹത്തിലും കഴിയുമ്പോൾ മാത്രമാണ്. സന്തോഷവും, സ്നേഹവും ഉണ്ടാവുന്നതാവട്ടേ നമ്മൾ നിസ്സാരമായി കരുതുന്ന ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെയാണ് എന്ന് തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നമ്മൾ മറക്കാതിരിക്കുക.