‘മാലിന്യമില്ലാത്ത പഞ്ചായത്ത്, ആരോഗ്യമുള്ള ജനത’ എന്ന ശീർഷകത്തിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക എന്ന ആശയം മുൻനിർത്തി 2017-2018 സാന്പത്തിക വർഷത്തിലുൾപെടുത്തിയ പുതിയ പദ്ധതിയായ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പുന:ചംക്രമണം ചെയ്യൽ എന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്തിലെ പത്തൊന്പത് വാർഡുകളിലും ഗ്രഹ സന്ദർശനം നടത്തി മുഴുവൻ പഞ്ചായത്ത് നിവാസികളെയും ബോധവത്കരിച്ചതിന്റെ ഫലമായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മണ്ണിൽ ലയിച്ച് ചേരാത്ത എല്ലാ മാലിന്യങ്ങളും സംഭരിക്കാനായതായി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്രിംഗ് കമ്മിറ്റി ചെയർമാൻ കുന്നത്ത് ശറഫുദ്ധീൻ വളവന്നൂർ.കോം നായി പ്രത്യേകം തയ്യാറാക്കിയ കുറിപ്പിൽ വിശദമാക്കി.

നമ്മുടെ പഞ്ചായത്തിനെ മാലിന്യമുക്തമാക്കേണ്ട ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് ഫെബ്രുവരി 5 മുതൽ വിവിധ പരിപാടികൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കപ്പെട്ടിരുന്നതിന്റെ അവസാന ഘട്ടം എന്ന നിലയിൽ ഫെബ്രുവരി 18, 19, 20, 21 തിയ്യതികളിലായി പഞ്ചായത്തിനെ രണ്ട് മേഖലകളായി തിരിച്ചുകൊണ്ട് മാലിന്യങ്ങൾ സംഭരിക്കുകയും എല്ലാ വാർഡുകളിൾ നിന്നുമായി ഏകദേശം ഇരുപത് ലോഡ് കയറ്റി അയക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

പദ്ധതിയോടനുബന്ധിച്ച് വളവന്നൂരിലെ വ്യാപാരികളും വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക-സാമൂഹിക സംഘടനകളിലെയും പ്രവർത്തകരും ഒന്നിച്ചണിനിരന്ന് വിവിധ പ്രദേശങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കുകയും ചെയ്തിരുന്നു. ഇതിൽ ഭാഗവാക്കായ എല്ലാവരെയും നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം ഏവരെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നതായി ശറഫുദ്ദീൻ അറിയിച്ചു.
ഇതൊരു ഒരു തുടർപ്രവർത്തനമാക്കി മാറ്റുകയും വളവന്നൂർ പഞ്ചായത്തിനെ പ്ലാസ്റ്റിക് രഹിത-മാലിന്യമുക്ത പഞ്ചായത്താക്കി നിലനിർത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അതിനായി മുഴുവൻ നാട്ടുകാരുടെ സഹായ സഹകരണങ്ങൾ ഇതുപോലെ ഇനിയും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മാർച്ച് 1-ന് നടക്കുന്ന പരിപാടിയായ മാലിന്യരഹിത പഞ്ചായത്താക്കി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന് അദ്ദേഹം പറയുകയും ചെയ്തു.

ക്ലീൻ വളവന്നൂർ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ലഘുലേഘയിൽ പൊതുജനങ്ങൾക്കായുള്ള ചില നിർദ്ദേശങ്ങൾ.
- പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതിരിക്കുക. പ്രകൃതിയെ സംരക്ഷിക്കുക.
- പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും 50 മൈക്രോൺ താഴെയുള് പ്ലാസ്റ്റിക് കവറുകൾ വിൽക്കുന്നതും ശിക്ഷാർഹമാണ്.
- കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്പോൾ തുണിസഞ്ചിയോ പ്ലാസ്റ്റിക് അല്ലാത്ത ക്യാരി ബാഗുകളോ ശീലമാക്കുക.
പദ്ധതിയുടെ നാൾ വഴികൾ:-
ഫെബ്രുവരി 5:
കുടുംബശ്രീ യോഗം.
ഫെബ്രുവരി 6-13:
ജനപ്രതിനിധികളുടെ ഗ്രഹസന്ദർശനം.
ഫെബ്രുവരി 14-18:
ബോധവത്കരണം, ബൈക്ക് റാലി, കൂട്ടയോട്ടം, പെനാൽട്ടി ഷൂട്ടൗട്ട്, പാട്ട് വണ്ടി.
ഫെബ്രുവരി 18:
വ്യാപാരികളുടെ ആഭിമുഖ്യത്തിൽ പൊതു സ്ഥലം ശുചീകരണം, ശുചിത്വ ഹർത്താൽ, പൊതുകുളം-തോട് ശുചീകരണം, സ്കൂളികളിൽ പ്രത്യേക ശുചിത്വ അസംബ്ലി.
ഫെബ്രുവരി 18-21:
വീടുകളിലെ മാലിന്യ ശേഖരണം.
ഫെബ്രുവരി 18:
ഫ്ലാഗ് ഓഫ്.
ഫെബ്രുവരി 18-25:
മാലിന്യങ്ങൾ കയറ്റി അയക്കൽ.
മാർച്ച് 1:
മാലിന്യരഹിത പഞ്ചായത്ത് പ്രഖ്യാപനം
ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യാനായി താഴെ ക്ലിക്ക് ചെയ്യുക