അഥിതികൾക്കെല്ലാം പച്ചക്കറിവിത്ത്: മകളുടെ വിവാഹം മാതൃകയാക്കി മയ്യേരി അബ്ദുൽ ജലീൽ

രാധാകൃഷ്ണൻ സി.പി

2784
അബ്ദുൽ ജലീൽ (വലത്ത് നിന്ന് ഒന്നാമത്) വിവാഹ മണ്ഡപത്തിൽ ഒരുക്കിയ വിത്ത് വിതരണ കൗണ്ടറിൽ സുഹൃത്തുക്കളോടൊപ്പം

കുറുക്കോൾകുന്ന്: വിവാഹ സൽക്കാരത്തി നെത്തിയവർക്കെല്ലാം ഭക്ഷണത്തോടൊപ്പം പച്ചക്കറിവിത്തുകളും നൽകി സമൂഹത്തിൽ വേറിട്ട മാതൃകയായിരിക്കുകയാണ് വളവന്നൂർ വരമ്പനാല സ്വദേശി മയ്യേരി അബ്ദുൽ ജലീൽ. തന്റെ മകളുടെ വിവാഹസുദിനത്തിലാണ് വ്യത്യസ്ഥമായ രീതിയിൽ അഥിതികളെ സ്വീകരിച്ചത്. മത്തൻ, കൈപ്പ, ചീര, ചിരങ്ങ, കുമ്പളം, വെണ്ട, പയർ എന്നിവയുടെ വിത്തുകൾക്കൊപ്പം നവ വധൂവരൻമാരുടെ ചിത്രവും പതിച്ച ചെറിയ പാക്കറ്റുകളാണ് അഥിതികൾക്ക് നൽകിയത്. വളവന്നൂർ ജി.സി.സി ക്ലോസ് ഫ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു വിത്തുകൾ വിതരണം.

ജീവകാരുണ്യ സന്നദ്ധ സംഘടനയായ ജി.സി.സി ക്ലോസ് ഫ്രണ്ട്സ് സഖാക്കൾ, കുറുക്കോൾ കുന്ന് എന്ന സംഘടനയുടെ സെക്രട്ടറിയാണ് ജലീൽ മയ്യേരി. തവനൂരിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് വിത്തുകൾ വാങ്ങി 3000 ത്തിൽ പരം അതിഥികൾക്ക് വിതരണം ചെയ്തത്. വധൂവരൻമാർക്ക് നൽകിയ വിവാഹസമ്മാനവും ശ്രദ്ധേയമായി. ഒരു മാവിൻതൈ ആണ് വധൂവരൻമാർക്ക് നൽകിയ സമ്മാനം. ജലീൽ -ഖദീജ ദമ്പതികളുടെ മകൾ ജസ്ലയും കരിപ്പോൾ സ്വദേശി കൊല്ലംപറമ്പിൽ അബ്ദുറസാക്കിന്റെ മകൻ സലാഹുദ്ദീനും തമ്മിലാണ് ഈ മാതൃകാ വിവാഹം നടന്നത്.