വളവന്നൂരിന്റെ ‘കുഞ്ഞാപ്പു’…  ഒമാനിന്റെ ‘കാഷ്യസ്…

ഗോൾ വല ലക്ഷ്യമാക്കി വരുന്ന തീ പാറും പന്തുകളെ അനായേസേന കയ്യിലൊതുക്കിയും കുത്തിയകറ്റിയും എതിരാളികളുടെ ഗോൾ മോഹങ്ങൾക്കു മുന്നിൽ എന്നും തടസ്സമായി നിൽക്കുന്ന ഗോൾകീപ്പർ കുഞ്ഞാപ്പു (റഫീഖ്‌) വളവന്നൂരിന്റ അഭിമാനതാരമാണ്‌. കൽപകഞ്ചേരി ഹൈസ്കൂൾ മൈതാനത്ത് കളിച്ച് വളർന്ന കുഞ്ഞാപ്പു വളരെ പെട്ടെന്ന് തന്നെ നാട്ടിലെ ടീമുകളുടെ ഗോൾ വല കാക്കുന്ന വിശ്വസ്തനായി മാറി.
നാട്ടിൻ പുറങ്ങളിലെ ടൂർണമെന്റുകളിൽ കളിപ്പ്രേമികളുടെ ആവേശമായിരുന്നു കുഞ്ഞാപ്പു. ഒരിക്കൽ സ്വന്തം ടീം തോൽക്കുമെന്ന് ഉറപ്പിച്ച അവസാന നിമിഷത്തിൽ എതിർ കളിക്കാരേയും ഗോളിയേയും കബളിപ്പിച്ച്‌ പന്ത് ലക്ഷ്യത്തിലെത്തിച്ച് ടീമിന്‌ വിജയം സമ്മാനിച്ച കുഞ്ഞാപ്പുവിന്റെ മിടുക്കിനെ പറ്റി നാട്ടുകാർ ഇപ്പോഴും ഓർക്കാറുണ്ട്.

നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ റഫീഖ് എന്ന കുഞ്ഞാപ്പു പ്രവാസത്തിനായ് തിരഞ്ഞെടുത്തത് ഒമാനായിരുന്നു. അവിടെയും ദോഫർ ഫുട്ബാൾ ക്ലബ്ബ് കുഞ്ഞാപ്പുവിനെ ഗോൾ വല കാക്കാൻ നിയോഗിച്ചു. ഒമാനിലെ മൈതാനങ്ങളേയും ത്രസിപ്പിച്ച കുഞ്ഞാപ്പു, അറബികളുടെ ആവേശമായി മാറുകയും “കാഷ്യസ്” എന്ന വിളിപ്പേര് സ്വന്തമാക്കുകയും ചെയ്തു.

വലുതായി കാണാൻ ക്ലിക്ക് ചെയ്യുക

ഈയിടെ നടന്ന ജോർഡൻ ക്ലബ്ബ് ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യൻ ടീം (ദോഫർ എഫ് സി ) ഈജിപ്തിനെ തോൽപിച്ചപ്പോൾ ഗോൾ വല കാത്തത് കരുത്തനായ ഗോൾ കീപ്പർ കുഞ്ഞാപ്പുവായിരുന്നു. പത്തു രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ ടീമുകൾ പങ്കെടുത്ത ഈ ടൂർണ്ണമെന്റിൽ ഇദ്ദേഹത്തിന്റെ പ്രകടനത്തെ പ്രവാസ മാധ്യമങ്ങളും മീഡിയകളും വാനോളം വാഴ്‌ത്തി. 2014 ൽ സലാല മല്ലി കോ എഫ് സിക്ക് കളിച്ച കുഞ്ഞാപ്പു 2015 മുതൽ ദോഫർ എഫ് സിയുടെ നെടുംതൂണാണ്.

നിരവധി അംഗീകാരങ്ങൾ കിട്ടിയ ഈ പ്രതിഭ വളവന്നൂർ ബാഫഖി ഹൈസ്കൂളിന് സമീപമാണ് താമസം. പിതാവ് കുന്നുമ്മൽ ബാവ. മാതാവ് ആമിന.