ബജറ്റിനൊതുങ്ങുന്ന വീട്

2628

വീടിനോട് വല്ലാത്തൊരു ആത്മബന്ധം പുലര്‍ത്തുന്നവരായതിനാല്‍ വീടു നിര്‍മാണത്തില്‍ മറ്റാരും കാണിക്കാത്ത താല്‍പര്യവും ശ്രദ്ധയും മലയാളികള്‍ കാണിക്കാറുണ്ട്. തന്റെ ആയുഷ്‌കാല സമ്പാദ്യ മത്രയും വീട് നിര്‍മിക്കാനുപയോഗിക്കുന്ന മലയാളിക്ക് വീടെന്നത് ആഡംബരത്തിന്റെയും പ്രദര്‍ശനത്തിന്റെയും ചിഹ്നമായി മാറിയിരിക്കുന്നു. ഇതിനായി സാമ്പത്തിക സ്ഥിതിയും ആവശ്യങ്ങളും പരിഗണിക്കാതെ കിട്ടാവുന്നിടത്തെല്ലാം കടം വാങ്ങിയാണ് പലരും വീട് നിര്‍മിക്കുന്നത്. കേന്ദ്ര സംസ്ഥാന സാമഗ്രികളുടെ നികുതി കുത്തനെ വര്‍ധിപ്പിച്ചതും ബാങ്കുകളുടെ ഭവന വായ്പാ നിരക്ക് ഉയര്‍ന്നതും സാധാരണക്കാരന്റെ ഭവന സ്വപ്നങ്ങള്‍ക്ക് മങ്ങല്‍ സൃഷ്ടിച്ചിരിക്കുന്നു. ഇവിടെയാണ് ചെലവ് ചുരുക്കിയുള്ള വീട് നിര്‍മാണം എന്ന ആശയത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. 1980-കളിലാണ് ബജറ്റ് ഹോംസ് (പോക്കറ്റിനിണങ്ങിയ വീടുകള്‍) എന്ന ചെലവുകുറഞ്ഞ വീടു നിര്‍മാണ ആശയം കേരളത്തില്‍ രൂപം കൊള്ളുന്നത്. ഇതിന് നാന്ദി കുറിച്ചത് അന്തരിച്ച ആര്‍കിടെക്റ്റ് ലാറി ബേക്കറാണ്. ഗുണമേന്മക്കും സൗന്ദര്യത്തിനും കോട്ടം തട്ടാതെ ഓരോ പ്രദേശത്തിനും യോജിച്ച നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത്. ചെലവു കുറക്കുമ്പോള്‍ തന്നെ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ചാണ് വീട് നിര്‍മിക്കുന്നത്. ചെറിയ കുടുംബത്തിന് ചെറിയ വീട് എന്ന ആശയത്തിന്റെ പ്രചാരണം കൂടിയാണ് ചെലവ് ചുരുക്കിയുള്ള വീടുകള്‍.
ശരിയായ പ്ലാനിംഗ് നിര്‍മാണ ചെലവില്‍ ഗണ്യമായ കുറവ് വരുത്തും. ആവശ്യങ്ങള്‍, സാമ്പത്തിക സ്ഥിതി എന്നിവ പ്ലാനിംഗിന്റെ മുഖ്യ ഘടകങ്ങളാണ്. മുറികളുടെ വലിപ്പം, വാതില്‍, ജനല്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ സ്ഥാനം ഇലക്ട്രിക്കല്‍, പ്ലംബിംഗ് എന്നിവയും പ്ലാനിംഗിന്റെ അവസരത്തില്‍ തന്നെ പരിഗണിക്കണം. വീടുപണി ആരംഭിച്ച ശേഷം പ്ലാനിംഗില്‍ വ്യത്യാസം വരുത്തുന്നത് ആദ്യം വകയിരുത്തിയ നിര്‍മാണ ചെലവില്‍ വലിയ അന്തരമുണ്ടാകാന്‍ ഇടയാക്കും. പിന്നീടെപ്പോഴെങ്കിലും ഉണ്ടാകാന്‍ ഇടയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍മാണങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം. പിന്നീട് മുറികള്‍ കൂട്ടിച്ചേര്‍ക്കാവുന്ന രീതിയിലാവണം പ്ലാന്‍. കൂടുതല്‍ സ്ഥല സൗകര്യം ആവശ്യമുള്ള അവസരത്തില്‍ മുകളിലേക്ക് കെട്ടുകയോ മുറികള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. മണ്ണിന്റെ ഉറപ്പ് പരിഗണിച്ച ശേഷമായിരിക്കണം ഫൗണ്ടേഷന്‍ ചെയ്യുന്നത്.
ബജറ്റ് വീടുകളെ സ്വാധീനിക്കുന്ന
ഘടകങ്ങള്‍
1. സ്ഥലത്തിന്റെ ആവശ്യം
2. വസ്തുവിന്റെ പരിമിതി
3. ബജറ്റ്
4. വ്യക്തിപരമായ ആവശ്യങ്ങള്‍

സ്ഥലത്തിന്റെ ആവശ്യം
ആന്ത്രപ്പോ മെട്രിക്‌സ് എന്ന ആര്‍കിടെക്ചര്‍ നിയമത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലം എത്രയാണെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഇരിക്കാനും ഇരുന്നുകൊണ്ട് കാലുകള്‍ നിവര്‍ത്താനും കിടക്കാനുമൊക്കെ എത്രമാത്രം സ്ഥലം വേണമെന്ന് അതില്‍ പറയുന്നു. ഇതനുസരിച്ച് വീടുകള്‍ക്കുള്ളിലെ സ്ഥല സൗകര്യം ആസൂത്രണം ചെയ്താല്‍ അനാവശ്യ ചെലവുകളും സ്ഥലനഷ്ടവും ഒഴിവാക്കാം. ബജറ്റ് വീടുകളില്‍ മുറികളുടെ ധര്‍മങ്ങള്‍ തിരിച്ചറിഞ്ഞാണ് ഓരോ മുറിയും പണിയുക. മുറികളുടെയും ഫര്‍ണിച്ചറിന്റെയും അളവുകള്‍ സ്ഥലം ആവശ്യമില്ലാതെ പാഴാക്കില്ലെന്ന് ഉറപ്പു വരുത്തണം. അളവുകള്‍ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും വിട്ടുവീഴ്ച ചെയ്യാത്തതാവണം.
വരാന്ത
പണ്ടുകാലത്ത് വരാന്തകളിലാണ് കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് കൂടുതല്‍ സമയം വരാന്തയില്‍ ചെലവഴിക്കാനൊന്നും കുടുംബാംഗങ്ങള്‍ ശ്രമിക്കാറില്ല. ഇരുന്നു സംസാരിക്കേണ്ട സന്ദര്‍ശകര്‍ മാത്രമേ വരാന്തയിലേക്ക് പ്രവേശിക്കാറുള്ളൂ. അതുകൊണ്ടു തന്നെ വീടുകള്‍ക്ക് വിശാലമായ വരാന്തകള്‍ ആവശ്യമില്ല. 180 സെ.മി X 150 സെ.മി അളവിലുള്ള വരാന്തയാണ് ബജറ്റു ഹോമുകള്‍ക്ക് ഉത്തമം.
സ്വീകരണ മുറി
സ്വീകരണ മുറിയുടെ വലിപ്പവും നിര്‍മാണവും കുടുംബം ആ മുറിയെ എത്രമാത്രം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഫര്‍ണിച്ചറിന്റെയും കാബിനറ്റുകളുടെയും ഉചിതമായ സജ്ജീകരണം സ്വീകരണ മുറിയുടെ ഭംഗി ഇരട്ടിപ്പിക്കും. 360 സെ.മി X 330 സെ.മി അല്ലെങ്കില്‍ 390 സെ.മി X 330 സെ.മി വിസ്തീര്‍ണം ലിവിംഗ് റൂമിന് മതിയാകും. മുറിയുടെ വലിപ്പത്തിന് ആനുപാതികമായി കാറ്റും വെളിച്ചവും കടക്കാനുള്ള സംവിധാനമൊരുക്കണം.
കിടപ്പുമുറി
കിടപ്പുമുറിയുടെ ദൗത്യം സുഖശീതളമായ ഉറക്കം പ്രദാനം ചെയ്യുക എന്നതാണ്. ടി.വി കാണാനും പഠിക്കാനുമുള്ള മുറിയായി കിടപ്പുമുറി മാറരുത്. 90 സ്‌ക്വയര്‍ ഫീറ്റോ 110 സ്‌ക്വയര്‍ ഫീറ്റോ ഉള്ള കിടപ്പു മുറിയില്‍ ഒരു ഡബിള്‍ കോട്ട് വാര്‍ഡ്‌റോബ് ഒരുക്കാന്‍ സാധിക്കും.
ഡൈനിംഗ് റൂം
അടുക്കളയോട് ചേര്‍ന്നായിരിക്കും പലപ്പോഴും ഡൈനിംഗ് റൂം. ഭക്ഷണ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമായിരിക്കണം ഇത്. 360 സെ.മി മുതല്‍ 300 സെ.മി വരെ വലിപ്പം മതിയാകും ഡൈനിംഗ് റൂമിന്. ഇതില്‍ ആറു കസേരകളുള്ള ഡൈനിംഗ് ടേബിള്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ സജ്ജീകരിക്കാനാവും. ഷോക്കേസുകള്‍ക്ക് ചുമരില്‍ സ്ഥാനം കാണാവുന്നതാണ്.
അടുക്കള
വീടിന്റെ ഹൃദയമാണ് അടുക്കള. ഒതുക്കമില്ലാത്ത അടുക്കളയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാകും. കാബിനുകളും ഷെല്‍ഫുകളും സജ്ജീകരണങ്ങളും ഒരുക്കേണ്ടതിനാല്‍ വളരെയധികം ശ്രദ്ധ അടുക്കള ഡിസൈനിംഗിന് വേണം. ‘C,’ ‘U’ ഷേപ്പുകളാണ് അടുക്കളക്ക് ഏറ്റവും അനുയോജ്യം. 300 സെ.മി X 270 െസ.മി, 330 സെ.മി X 300 സെ.മി വരെ വിസ്തീര്‍ണമുള്ള അടുക്കളകള്‍ ഒതുക്കം നല്‍കുമെന്ന് മാത്രമല്ല കാര്യക്ഷമമായി ജോലി ചെയ്യാനും ഉപകാരപ്രദമാകും.
ബാത്ത്‌റൂം
ദിവസേന 30 മിനുട്ടില്‍ കൂടുതല്‍ നേരം ആരും തന്നെ ബാത്ത്‌റൂമില്‍ ചെലവഴിക്കാറില്ല. ബാത്ത്‌റൂമിനു വേണ്ടി ബജറ്റ് ഹോമുകളില്‍ അധികം പണം ചെലവഴിക്കാത്തതിന്റെ കാരണം അതാണ്. 210 സെ.മി X 150 സെ.മി വരെ അളവിലുള്ളതാവണം ഒരു സ്റ്റാന്‍ഡേര്‍ഡ് ബാത്ത്‌റൂം. ശരിയായ ആസൂത്രണം ഉണ്ടെങ്കില്‍ ഒരു ഡ്രൈ ഏരിയയും വെറ്റ് ഏരിയയും ഈ വിസ്തീര്‍ണത്തിനത്ത് സെറ്റ് ചെയ്യാം.
വസ്തുവിന്റെ പരിമിതികള്‍
സ്ഥലം എന്നത് സൃഷ്ടിക്കുവാനോ എടുത്തു മാറ്റുവാനോ പറ്റാത്ത ഒന്നാണ്. വീട് വെക്കുന്നവര്‍ വസ്തുവിന്റെ പരിമിതികള്‍ കൂടി കണക്കിലെടുത്ത് വേണം നിര്‍മാണമാരംഭിക്കാന്‍. സ്ഥലവില കുതിച്ചുയരുകയാണ്. നഗരങ്ങള്‍ വളരുന്നതോടൊപ്പം ചെറു പട്ടണങ്ങളുടെ മുഖഛായ മാറുന്നു. മൂന്ന്-അഞ്ച് സെന്റ് സ്ഥലം വാങ്ങുമ്പോഴേക്കും സാധാരണക്കാരന്റെ പോക്കറ്റ് കാലിയായിട്ടുണ്ടാവും. കെട്ടിടങ്ങളുടെ കാര്യത്തില്‍ സമാന്തരമായിട്ടുള്ള വളര്‍ച്ച വരും കാലത്ത് ദുഷ്‌കരമായിരിക്കും. കുത്തനെയുള്ള വളര്‍ച്ചയേ സാധ്യമാവൂ. അതുകൊണ്ട് വീടു നിര്‍മാണത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പ്രകൃതി കണക്കിലെടുത്ത് പ്ലാന്‍ തയ്യാറാക്കിയാണ് നിര്‍മാണം ആരംഭിക്കേണ്ടത്.
ബജറ്റ്
അടിത്തറ നിര്‍മാണം ഫ്‌ളോറിംഗ്, മരപ്പണികള്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് വര്‍ക്കുകള്‍ എന്നിവയാണ് ബജറ്റിനെ സ്വാധീനിക്കുന്നപ്രധാന ഘടകങ്ങള്‍. ഉടമസ്ഥന്റെ താല്‍പര്യങ്ങളാണ് ഇവിടെ പരിഗണിക്കപ്പെടുക.
വ്യക്തിപരമായ ആവശ്യങ്ങള്‍
വ്യക്തിപരമായ ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അത് ആവശ്യമാണോ അനാവശ്യമാണോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കാന്‍ ഇത് സഹായകമാകും.