മുറ്റം സുന്ദരമാക്കാന്‍ ലാന്‍ഡ്സ്കേപിങ്

3840

വീടിനകം മാത്രമല്ല വീട്ടുമുറ്റവും സുന്ദരമായിരിക്കണം… നിറമുള്ള പെയ്ന്‍റൊക്കെ അടിച്ചും ആകര്‍ഷകമായ ഫര്‍ണിച്ചറുകളാല്‍ അകങ്ങള്‍ സുന്ദരമാക്കിയും വീടിനെ മോടിക്കൂട്ടുന്നവര്‍ വീട്ടുമുറ്റത്തിനെ കണ്ടില്ലെന്നു നടിക്കരുത്. വീടിന്‍റെ അലങ്കാരങ്ങള്‍ വീടിനുള്ളില്‍ മാത്രം പോരാ. വീടിനു പുറത്തു നിന്നു തന്നെ തുടങ്ങണം. വീട്ടിലേക്ക് വരുന്നവര്‍ ആദ്യം കാണുന്നത് മുറ്റവും പൂമുഖവും വരാന്തകളുമാണ്. പൂമുഖത്തെത്തുന്ന മാത്രയില്‍ തന്നെ ആഗതന് വീടിനെക്കുറിച്ചു മനസിലാക്കാന്‍ കഴിയുമെന്ന സത്യം ആരും ഓര്‍ക്കാറില്ല. വീട്ടുപുറങ്ങളെ ആകര്‍ഷകമാക്കുന്ന കലാവിദ്യയാണ് ലാന്‍ഡ്സ്കേപിങ്.

വീടിനെ പ്രകൃതിയുമായി കൂട്ടിയിണക്കി ലാന്‍ഡ്സ്കേപ്പ്
വീടിനെ പ്രകൃതിയുമായി കൂട്ടിയിണക്കുക എന്ന ദൗത്യമാണ് ലാന്‍ഡ്സ്കേപ്പ് നിര്‍വഹിക്കുന്നത്. ഔട്ട്ഡോര്‍ ലിവിങ് സ്പേസ് എന്നാണ് ലാന്‍ഡ് സ്കേപ്പ് ചെയ്ത മുറ്റം അറിയപ്പെടുന്നത്. ചുമ്മാ ഭംഗിയുള്ള ഒരിടമെന്ന മട്ടില്‍ മാത്രം ഇതിനെ കാണരുത്. പ്രകൃതിക്ക് ഭീഷണിയായ മണ്ണൊലിപ്പ് തടയുക എന്ന കര്‍ത്തവ്യം ലാന്‍ഡ്സ്കേപ്പിങ് വഴി സാധിക്കുന്നു. കൂടാതെ ഭൂമിക്കടിയിലേക്ക് വെള്ളം ഊര്‍ന്നിറങ്ങി ഭൂജലവിതാനം ഉയര്‍ത്താനും ഇത് സഹായിക്കുന്നു.
ലാന്‍ഡ്സ്കേപ്പിങ് എന്നാല്‍ വെറുതെ ചെടിവച്ചുപിടിപ്പിക്കലെന്നാണ് പൊതുധാരണ. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അകത്തളങ്ങള്‍ക്കൊപ്പം പുറവും മനസില്‍ കണ്ടുവേണം ലാന്‍ഡ്സ്കേപ്പിങ് ഡിസൈന്‍ ചെയ്യാന്‍. വീടിന്‍റെ അകത്തളങ്ങള്‍ക്ക് ചുമരുകള്‍ക്ക് പുറത്തുള്ള പ്രദേശവുമായി ഒരു സവിശേഷ ബന്ധമുണ്ട്. ഇതിനെ ഊട്ടി ഉറപ്പിക്കുന്നതാകണം ലാന്‍ഡ് സ്കേപ്പിങ്. വീടിന്‍റെ മുന്‍ഭാഗത്തെ മുറ്റവും പൂമുഖവും അടുക്കള14യുടെ പിന്‍ഭാഗം, വീടിന്‍റെ പാര്‍ശ്വഭാഗങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചുവേണം ലാന്‍ഡ് സ്കേപ്പിങ് നടത്താന്‍.
ലാന്‍ഡ് സ്കേപ്പിങ്ങിന് ചൈനീസ് ഗ്രാസ്, കൊറിയന്‍ ഗ്രാസ് എന്നിവ ഉപയോഗിക്കുന്നത് ഭംഗി നല്‍കുമെങ്കിലും ദോഷങ്ങളുണ്ട്. കുട്ടികളെ പരിചരിക്കുന്നതുപോലെയുള്ള പരിചരണവും കൂടുതല്‍ വെള്ളവും ഇത്തരം ഗ്രാസിന് ആവശ്യമാണ്. കറുക, നാടന്‍ പുല്ല്, തെറ്റി, ചെത്തി, മുക്കുറ്റി, തുളസി, ചെമ്പരത്തി, നന്ത്യാര്‍വട്ടം തുടങ്ങിയ തനതു ചെടികളും പുല്ലുകളും ഉപയോഗിച്ച് ലോണ്‍ തയാറാക്കിയാല്‍ പരിചരണം, വെള്ളം എന്നിവ കുറയ്ക്കുമെന്നതിന് പുറമേ പണച്ചെലവും കുറയ്ക്കാമെന്ന നേട്ടവുമുണ്ട്. പുല്ലുകള്‍ ഉപയോഗിച്ചുള്ള ലാന്‍ഡ് സ്കേപ്പിങ്ങിന് പുറമേ കല്ലും മണ്ണും മാത്രം ഉപയോഗിച്ചും ലാന്‍ഡ്സ്കേപ്പിങ് നടത്താം. ു്രെലാുഡ ലാന്‍ഡ്സ്കേപ്പിങ് എന്നാണ് ഇതിന്‍റെ പേര്. വെള്ളത്തിന് ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ ഇത്തരം രീതി പരീക്ഷിക്കുന്നതാണ് ഉചിതം.

കാലാവസ്ഥയ്ക്ക് അനുയോജ്യമായ ലാന്‍ഡ്സ്കേപിങ്
മുറ്റം ഏറെയില്ലാത്തവര്‍ക്കും ഉള്ള ഭൂമി സുന്ദരമാക്കാം. പുല്‍ത്തകിടി ഒരേ നിരപ്പിലാകാതെ കട്ടിങ്ങുകളും കുന്നുകളും വഴികളും തടാകങ്ങളും നല്‍കി നിര്‍മിച്ചുനോക്കൂ. ചെറിയ മുറ്റം പോലും വലുതായി തോന്നും. ലാന്‍ഡ്സ്കേപ്പിങ് തുടങ്ങും മുമ്പ് ആദ്യമായി ചെയ്യേണ്ടത് ഡിസൈന്‍ തീരുമാനിക്കലാണ്. നിലവിലുള്ള ഭൂദൃശ്യങ്ങള്‍ക്ക് അനുയോജ്യമായ ഡിസൈന്‍ സ്വീകരിക്കുക. നമ്മുടെ കാലാവസ്ഥ, ജീവിതശൈലി എന്നിവക്ക് ചേരുന്ന തരത്തിലുള്ള ലാന്‍ഡ് സ്കേപ്പിങ്ങിനേ ദീര്‍ഘകാലത്തെ ആയുസ് ഉണ്ടാകൂ. ഇംഗ്ലിഷ് ഗാര്‍ഡന്‍ ശൈലി, ജാപ്പനീസ് ശൈലി, പേര്‍ഷ്യന്‍ ശൈലി തുടങ്ങിയ രീതികളിലൊക്കെ ലാന്‍ഡ് സ്കേപ്പിങ് നടത്താമെങ്കിലും കേരളം പോലെ സമശീതോഷ്ണകാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഗാര്‍ഡനിങ്ങാണ് നല്ലത്. ഫാഷനുവേണ്ടി ജാപ്പനീസ്, ചൈനീസ് സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് നല്ല തീരുമാനമായിരിക്കില്ല. വീട്ടുമുറ്റത്തെ ലാന്‍ഡ് സ്കേപ് ഹോട്ടലിലും റിസോര്‍ട്ടിലുമൊക്കെ ഒരുക്കുന്ന പോലെയുള്ളതാകരുത്. വീട്ടുമുറ്റത്തെ ലാന്‍ഡ് സ്കേപ്പിന് ഒറിജിനാലിറ്റി തോന്നണം.
ഇന്‍റര്‍ലോക്കിങ് ഇഷ്ടികകള്‍, കോണ്‍ക്രീറ്റ്, സിമന്‍റ് ടൈല്‍സ് എന്നീ പ്രകൃതിദത്തമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് മുറ്റമൊരുക്കുന്നത് വീടിന് ചുറ്റും ചൂട് കൂട്ടും. മുറ്റത്ത് മരങ്ങള്‍ ഉണ്ടെങ്കില്‍ വെട്ടിമാറ്റാതെ തന്നെ ലാന്‍ഡ്സ്കേപ്പിങ് ചെയ്യാനാവുമെന്നതും ഗുണമാണ്. പുല്‍ത്തകിടിക്കിടയിലെ പൂന്തോട്ടനിര്‍മാണം മുറ്റം കൂടുതല്‍ ഭംഗിയുള്ളതാക്കും. കുട്ടികള്‍ക്ക് കളിക്കാനും കുടുംബയോഗങ്ങള്‍ക്കും വീട്ടുകാര്‍ ഒന്നിച്ചിരുന്ന് സംസാരിക്കാനും ഇത്തരം സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.

ആദ്യം വേണ്ടത് മണ്ണ് പരിശോധന
ലാന്‍ഡ്സ്കേപ്പിങ്ങിന് നിലം ഒരുക്കുംമുന്‍പ് മണ്ണ് എങ്ങനെയുള്ളതാണ് എന്ന് നോക്കണം. ഉപ്പിന്‍റെ അംശമുള്ള മണ്ണ്, ചെളിയുള്ള മണ്ണ്, വെള്ളാരങ്കല്ലിന്‍റെ മണ്ണ്, ഹാര്‍ഡ് ലാറ്ററേറ്റ് എന്നിവ ലാന്‍ഡ്സ്കേപ്പിന് നല്ലതല്ല. സോയില്‍ ടെസ്റ്റ് ലാബുകളില്‍ കൊടുത്താല്‍ മണ്ണിന്‍റെ ഘടന മനസിലാക്കാന്‍ സാധിക്കും. അരയടി വരെ ആഴത്തില്‍ മണ്ണുമാറ്റി അവിടെ കളയില്ലാത്ത മണ്ണ് നിറച്ച് 1പുല്ലുനടുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ നിലം കിളച്ച് അവയിലെ അനാവശ്യവസ്തുക്കള്‍ മാറ്റി നടീലിന് അനുയോജ്യമാക്കാം. മണ്ണും മണലും കാലിവളവും യോജിപ്പിച്ചാണ് നിലം ഒരുക്കേണ്ടത്. കളകള്‍ മുളയ്ക്കാന്‍ പാടില്ല. നിലം നിരപ്പാക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ വേണം നിരപ്പാക്കാന്‍. മണ്ണില്‍ അല്‍പം വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്താല്‍ ചിതല്‍ പിടിക്കുന്നത് ഒഴിവാക്കാം.
ലാന്‍ഡ്സ്കേപ്പിങ് രണ്ടു തരത്തിലുണ്ട്. ഹെവി ലാന്‍ഡ് സ്കേപിങ്, നോര്‍മല്‍ ലാന്‍ഡ് സ്കേപിങ്. പ്ലോട്ടുകളില്‍ വലിയ നടപ്പാതകളും നടവഴികളും തടാകങ്ങളും ജലധാരകളും താഴ്വരകളും നിര്‍മിച്ചുള്ള ലാന്‍ഡ്സ്കേപ്പിങ് രീതിയാണ് ഹെവി ലാന്‍ഡ്സ്കേപിങ്. കെട്ടിടാവശിഷ്ടങ്ങളും പാഴ്വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെറിയ ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതിയാണ് നോര്‍മല്‍ ലാന്‍ഡ് സ്കേപ്പിങ്. നമ്മുടെ നാട്ടില്‍ സുലഭമായ തെച്ചി, മന്ദാരം, ചെമ്പരത്തി തുടങ്ങിയ ചെടികള്‍ പുല്ലുകള്‍ക്കൊപ്പം അലങ്കാരത്തിന് വെച്ചുപിടിപ്പിക്കാം. ചെറിയ പാറക്കല്ലുകള്‍, പെബിള്‍സ്, കുളം എന്നിവയൊക്കെ ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമാക്കുന്നത് ഇതിന് കൂടുതല്‍ ഭംഗി നല്‍കും.

ചിട്ടയായ പരിചരണം ആവശ്യം
പുല്‍ത്തകിടി സ്വാഭാവിക ഭംഗിയോടെ കാലാകാലം നിലനില്‍ക്കണമെങ്കില്‍ ചിട്ടയായ പരിചരണം ആവശ്യമാണ്. ചിതല്‍, ഫംഗസ് ബാധ എന്നിവയില്‍ നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ കീടനാശിനി പ്രയോഗം ആവശ്യമാണ്. പുല്ലിന്‍റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. കളപറിക്കുമ്പോള്‍ വേരോടെ പറിക്കണം. സമയാസമയങ്ങളില്‍ വളപ്രയോഗം നടത്തുക. വളര്‍ച്ചയ്ക്കനുസൃതമായി കട്ടിങ് നിര്‍ബന്ധമാണ്. സ്പ്രിങല്‍ ഉപയോഗിച്ചുള്ള നനയാണ് നല്ലത്.