മലയാളം മറക്കുന്ന കുട്ടികൾ

3405

ഭാഷ ഒരു സംസ്കാരമാണ്. അത് ആശയ വിനിമയത്തിനുള്ള ഉപാധി എന്ന പോലെ തന്നെ സംസ്കാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ തലമുറകളിലേക്ക് കൈമാറുന്ന വഴി കൂടിയാണ് ഭാഷ. നാം മലയാളികളാണ്, പിറന്നു വീണ നാള്‍ തൊട്ട് കേട്ടും കണ്ടും വളര്‍ന്ന അമ്മ മലയാളം.
എസ്എസ്.എല്‍.സി ഫലത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ഫലം വന്നപ്പോള്‍ നിരവധി കുട്ടികളാണ് വളവന്നൂരിലും പരിസരങ്ങളിലുമായി മലയാളത്തില്‍ തോറ്റിരിക്കുന്നത്!

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കേള്‍ക്കുന്ന ഭാഷ പത്ത് വര്‍ഷമായി എഴുതുന്ന ഭാഷ, എവിടെയാണ് നമുക്ക് പിഴക്കുന്നത്?.
കുറച്ചു മുമ്പ് നാം കേട്ടിരുന്ന വചനമാണ് വായന മരിക്കുന്നു എന്നത്. സാങ്കേതിക വിദ്യയുടെയും നവമാധ്യമങ്ങളുടേയും കാലത്ത് വായന മരിക്കുന്നില്ല വളരുകയാണെന്ന നഗ്ന സത്യം നാം തിരിച്ചറിയാതെ പോകരുത്. എന്നിട്ടും എങ്ങനെ ഇത്ര പേര്‍ തോല്‍ക്കുന്നു?

ഇവിടെയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ചില ഉടച്ചു വാര്‍ക്കലുകള്‍ക്ക് വിധേയമാകണം എന്ന മുറവിളി സമൂഹത്തില്‍ ഉയരുന്നതിന് പ്രധാന കാരണം.വായിക്കാനും എഴുതാനും അറിയാത്ത കുട്ടികളെ ജയിപ്പിച്ചു വിട്ട് പത്താം ക്ലാസ്സെന്ന കുഴിയിലെത്തിച്ച് വീഴിക്കുന്നു.

എന്തിനിങ്ങനെ ഒരു കൂട്ടത്തെ സൃഷ്ടിക്കണം? നാലാം ക്ലാസ്സു പോലും തികച്ചു പോകാത്ത തന്‍റെ അമ്മൂമ്മ എഴുതുന്നത് പോലെ എഴുതാന്‍ പോലും അറിയാത്ത ഒരു കൂട്ടം ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്.
ഭാഷയെ സ്നേഹിക്കുന്നുണ്ടെങ്കില്‍ മാതൃ ഭാഷ മലയാളം തന്നെ ആയി നിലനില്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സമൂഹം ഈ കുട്ടികളില് കൂടുതല്‍‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്കാരണം അവരാണ് നാളത്തെ മലയാളികള്‍.