കല്പകഞ്ചേരി സോക്കർ അക്കാദമിയിൽ പരിശീലനം തുടങ്ങി

1263
സെലക്ഷൻ ക്യാന്പിൽ പങ്കെടുക്കാനെത്തിയ കുരുന്നു പ്രതിഭകൾ

കല്പകഞ്ചേരിക്ക് കാല്പന്ത് കളി വെറും ഒരു കളി മാത്രമല്ല, നാടിന്റെ വികാരമാണത്. കല്പകഞ്ചേരിയുടെ ചരിത്രത്തിന്റെ സഹയാത്രികനാണ് ഈ കായിക കലയും. രാജ്യ രാജ്യാന്തര തലങ്ങളിൽ ഈ കൊച്ചു നാടിന്റെ നാമം വാനിലുയർന്നതും കാല്പന്ത് കളിയുടെ ചിറകിലേറിയാണ്. ഫുട്ബോളിലൂടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും കണ്ണിലുണ്ണികളായവർ നിരവധിയുണ്ട് ഈ നാട്ടിൽ. നിരവധി ടൂർണമെന്റുകൾ, മിന്നുന്ന കിടിലം കിരീടങ്ങൾ, പൊന്നും വിലയുള്ള മിന്നും താരങ്ങൾ…നാടിന്റെ ഫുട്ബോൾ ചരിത്രം അത്ഭുതാവഹമാണ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഈ കലയെ കുറിച്ച് സംസാരിക്കുന്നത് വളരെയേറെ ആവേശത്തിലാണ്. അതെ കാല്പന്ത് കളി ഈ നാടിന്റെ ആവേശമാണ്.

കല്പകഞ്ചേരിയുടെ ഫുട്ബോൾ പാരമ്പര്യം പൊലിമ ചോരാതെ, തിളക്കം കുറക്കാതെ കാത്ത് സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത കുരുന്നുകളാണിവർ. നാടിന്റെ പ്രതീക്ഷകൾക്ക് കനക കിരീടം ചാർത്തുവാൻ കാലം കരുതിവെച്ച നിധികൾ. ഈ പൊന്നോമനകൾ ഒന്നിക്കുകയാണ്, നാടിന്റെ കാല്പന്ത് മേഖലക്ക് പുത്തൻ പ്രതീക്ഷകളുമായി കടന്നുവരുന്ന കല്പകഞ്ചേരി സോക്കർ ആക്കദമിയിൽ. നാട്ടിലെ ഫുട്ബോൾ പ്രതിഭകൾക്കൊപ്പം കാല്പന്ത് സ്നേഹികളും നാട്ടുകാരും ഒന്നിക്കുന്ന കൂട്ടായ്മയാണ് കല്പകഞ്ചേരി സോക്കർ അക്കാദമി. വളർന്നു വരുന്ന കുട്ടിക്കളിക്കാരെ കണ്ടെത്തി ചിട്ടയായ പരിശീലനം നൽകി മികച്ച പ്രതിഭകളാക്കി വളർത്തിയെടുക്കാൻ രൂപം നൽകിയ് സോക്കർ അക്കാദമിക്ക് തുടക്കം തന്നെ മികച്ച പിന്തുണയാണ് ലഭിച്ചത്.

കല്പകഞ്ചേരി എ.പി അസ്ലം ഫുട്ബോൾ മൈതാനിയിൽ നടന്ന അക്കാദമിയുടെ സെലക്ഷൻ ക്യാമ്പിൽ പ്രദേശത്തെ 200 ഓളം കുട്ടികളാണ് പങ്കെടുത്തത്. 8 വയസ് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായിരുന്നു സെലക്ഷൻ ക്യാമ്പ്. ക്യാമ്പിലെത്തിയ കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു. കാല്പന്ത് കൊണ്ട് കാമ്പുള്ള കവിത രചിക്കുന്ന പ്രതിഭകൾ നിരവധിയുണ്ടായിരുന്നു ക്യാമ്പിൽ. 8, 10, 12, 14 വയസുള്ളവരെ നാല് വിഭാഗമാക്കിയാണ് പരിശീലനം നൽകുക. ആഴ്ച്ചയിൽ മൂന്ന് ദിവസം രാവിലെയും വൈകുന്നേരവുമാണ് പരിശീലന ക്യാമ്പ്. ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കോച്ചിങ് ഡി ലൈസൻസുള്ള ശംസുദ്ധീൻ മുതുവാട്ടിൽ, ശംഷീർ. കെ, മുഹമ്മദ് അമീൻ വി.കെ തുടങ്ങിയവരാണ് പരിശീലകർ.

സെലക്ഷൻ ക്യാമ്പിന് കുട്ടികൾക്കൊപ്പമെത്തിയ അമ്മമാരടങ്ങിയ രക്ഷിതാക്കളുടെ ആവേശവും താല്പര്യവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കുട്ടികൾ ആഗ്രഹിക്കുന്ന പ്രഥമ പിന്തുണ രക്ഷിതാക്കളുടേതാണെന്ന തിരിച്ചറിവുള്ളവരാണ് ഇവരെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. ഇനി ഇവർക്ക് നമ്മുടെ പിന്തുണയാണാവശ്യം. നാടിന്റെ, നാട്ടുകാരുടെ നിറഞ്ഞ കൈയടി ഇവർക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. നമുക്കൊന്നായി അണിചേരാം, കല്പകഞ്ചേരിയുടെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനുള്ള ഈ ഉദ്യമത്തിന് എല്ലാ വിധ പ്രോത്സാഹനങ്ങളും സഹായങ്ങളും പ്രാർഥനകളും നൽകാം……

നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ ഫൈസൽ പറവന്നൂർ 'മാതൃഭൂമി' റിപ്പോർട്ടറാണ്.