ദൈനം ദിന ജീവിതത്തിലെ അലച്ചിലും സ്‌ട്രെസുമെല്ലാം അവതാളത്തിലാക്കുന്നത് ആരോഗ്യമുള്ള ശരീരത്തെയാണ്. ചര്‍മ്മവും തലമുടിയുമാണ് ബാധിക്കപ്പെടുന്നതിലേറെയും. ഇതിനൊപ്പം മുടി സൂക്ഷിക്കാതിരിക്കുകയും കൂടി ചെയ്താല്‍ പിന്നെ പറയുകയും വേണ്ട. മുറിയിലും കുളിമുറിയിലും ചീപ്പിലുമെല്ലാം മുടിക്കെട്ടുകള്‍ കണ്ട് അന്ധാളിക്കുന്നവര്‍ പരസ്യത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് പിന്നാലെ പരക്കം പായുകയാണ് പതിവ്. എന്നാല്‍ മുടി സംരക്ഷണ കാര്യത്തില്‍ ഒരല്‍പം ശ്രദ്ധവെച്ചാല്‍ കരുത്തുറ്റ തലമുടി ഒരിക്കലും നഷ്ടമാകാതെ കാത്തുസൂക്ഷിക്കാം.
തിളക്കമുള്ള കരുത്തുറ്റ ആരോഗ്യമുള്ള തലമുടിക്കായി കുറച്ച് സമയം നീക്കിവെയ്ക്കണം. പ്രതിദിനം ശ്രദ്ധിക്കാന്‍ സാധിച്ചില്ലെങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും മുടിയുടെ കാര്യം ശ്രദ്ധിച്ചാല്‍ തന്നെ പല പ്രശ്‌നങ്ങളും ഒഴിവാക്കാം. ശ്രദ്ധിക്കേണ്ട കാര്യം

1.ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും നന്നായി വെളിച്ചെണ്ണ തലമുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കണം. നന്നായി മസാജ് ചെയ്യുന്നതും മുടി കറുത്ത നിറത്തില്‍ കരുത്തുറ്റ് വളരാന്‍ സഹായിക്കും.

2.താരന്‍ അലട്ടുന്നവര്‍ ആന്‍ഡ് ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കണം.

3.മുടി വല്ലാതെ ഒട്ടിപ്പിടിക്കുന്നതായും അഴുക്ക് പുരളുന്നതായും തോന്നിയാല്‍ കെട്ടിയിടുന്നതാണ് നല്ലത്

4.യാത്രകളില്‍ മുടി വിടര്‍ത്തിയിടാതിരിക്കുക, ഇത് തലമുടി പൊട്ടി പോകാന്‍ കാരണമാകും.

5.മുട്ടയുടെ വെള്ള തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുന്നത് തലമുടി നന്നായി വളരാന്‍ സഹായിക്കും.

6.കറിവേപ്പില അരച്ച് തലയില്‍ പുരട്ടുന്നതും, വറുത്ത് എണ്ണയായി ഉപയോഗിക്കുന്നതും മുടിക്ക് ബലം പകരാന്‍ സഹായിക്കും.

7.പച്ചക്കറികളും ഇലക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മുടിയുടെ കരുത്തും വളര്‍ച്ചയും മികച്ചതാക്കും