കുഞ്ഞുവാവ കരയുന്നുവോ…?

വളവന്നൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (CHC) ലെ അസി. സർജനും പ്രശസ്ത ശിശുരോഗ വിദഗ്ധനുമായ ഡോ. ഫനീഫ ചെറുകര, വളവന്നൂർ.കോം -നു വേണ്ടി എഴുതുന്നു.

പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിൽ കൊണ്ട് അലോസരപ്പെടാത്തവരായി ആരും ഉണ്ടാവുകയില്ല.  സമാശ്വാസ പ്രയത്നങ്ങൾക്ക് വഴങ്ങാതെയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ പലപ്പോഴും മാതാക്കളുടെ മാനസിക സ്വസ്ത്യം കെടുത്തുന്നതിനും വിഷാദരോഗത്തിനും കാരണമാകുന്നു.

പലപ്പോഴും ശിശുരോഗ വിദഗ്ധരുടെ കൺസൾട്ടിംഗ് റൂമുകളിൽ എമർജൻസി വിസിറ്റിംഗിനുള്ള ഒരു കാരണം കുഞ്ഞുങ്ങളുടെ അസഹനീയമായ കരച്ചിലാണെന്ന് കാണാം.

അമ്മമാരുടെ ശബ്ദം മണം എന്നിവപോലും തിരിച്ചറിയാൻ കുഞ്ഞുങ്ങൾക്ക് കഴിയും

കരയുക എന്നത് കുഞ്ഞുങ്ങളുടെ പ്രധാനപ്പെട്ട ഒരു ആശയ വിനിമയ ഉപാധിയാണ്.  വ്യത്യസ്തങ്ങളായ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനും ആവലാതികൾ ബോധിപ്പിക്കാനും കുഞ്ഞുങ്ങൾ കരച്ചിലിനെയാണ് ആശ്രയിക്കുന്നത്.  ആവശ്യങ്ങളുടെ വൈവിധ്യമനുസരിച്ചും അകപ്പെട്ടിരിക്കുന്ന അവസ്ഥക്കനുസരിച്ചും വേദനകളുടെയും മറ്റും കാഠിന്യമനുസരിച്ചും കരച്ചിലിന്റെ രീതികളും അനുബന്ധ ശാരീരിക പ്രകടനങ്ങളും വ്യത്യസ്ഥമായിരിക്കും.  കുഞ്ഞുങ്ങളുടെ ആവശ്യങ്ങളെയും അവസ്ഥകളെയും രോഗലക്ഷണങ്ങളെയും ശരിയായ അർത്ഥത്തിൽ ഗ്രഹിക്കുന്നതിൽ ചിലപ്പോഴെങ്കിലു രക്ഷിതാക്കാൾ പരാജയപ്പെടാം.  ഇത് ഇത്തരം പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നതിലേക്ക് നയിക്കും.

നിലവിളിച്ച്കൊണ്ട് കുഞ്ഞുങ്ങൾ നമ്മോട് പറയുന്നതെന്ത്?

‘…മ്മച്ചീ വിശന്നിട്ടു വയ്യാതായേ…’
മുലപ്പാൽ കുടിക്കുന്നതിന് ധൃതികൂട്ടുക, ചുണ്ടുകൾ കൂട്ടിക്കടിക്കുക, വായിൽ വിരൽവെച്ച് കടിക്കുക, കുഞ്ഞുകവിളുകളിൽ കൈകൊണ്ട് തൊടുന്പോൾ തൊട്ട ഭാഗത്തേക്ക് തലതിരിക്കുക (rooting reflex), എന്നിവ വിശന്ന് കരയുന്ന കുട്ടികളുടെ ലക്ഷണങ്ങളാണ്.  ഇത്തരം ലക്ഷണങ്ങൾ മനസ്സിലാക്കുന്നതിൽ ഭൂരിപക്ഷം രക്ഷിക്കാളും പരാജയപ്പെടാറില്ല.

പക്ഷെ കുഞ്ഞ് കരയുന്പോഴെല്ലാം വിഷന്നിട്ടാകും എന്ന ഒരു തെറ്റിദ്ധാരണ പല രക്ഷിതാക്കൾക്കുമുണ്ടാകാം.  അതിന്റെ അടിസ്ഥാനത്തിൽ മുലപ്പാൽ തികയുന്നില്ല എന്ന തെറ്റായ നിഗമനത്തിൽ എത്തുകയും കൃത്രിമ പാലുകൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നു. 6 മാസത്തിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമാണ് അഭികാമ്യം.

‘…യ്യോ…!? നിക്ക് സ്വൈരമില്ലാതായേ…!’

രക്ഷിതാക്കളുടെ സമാശ്വാസ പ്രവർത്തനങ്ങൾ ഫലിക്കപ്പെടാതെ കുഞ്ഞുങ്ങൾ നിർത്താത കരയുന്നതിന് ഇടയാക്കുന്ന പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് infantile colic (വയറ് വേദന).  ജനിച്ച് രണ്ട് ആഴ്ച്ച മുതൽ നാല് മാസം വരെ പ്രായമാകുന്നത് വരെയാണ് ഇതിന്റെ ശരാശരി പ്രായം 6-8 ആഴ്ച്ച പ്രായമാകുന്പോൾ ഇത് മൂർദ്ധന്യാവസ്ഥയിലെത്തും.  ദിവസം ചുരുങ്ങിയത് മൂന്നുമണിക്കൂർ ഇങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസം ഇപ്രകാരം മൂന്നാഴ്ച്ച തുടർച്ചയായി ഉണ്ടാവുക എന്നതാണ് ഇതിന്റെ സവിശേഷത.

പെട്ടെന്ന് കരച്ചിൽ തുടങ്ങി പെട്ടെന്ന് അവസാനിപ്പിക്കുക, എത്ര ആശ്വസിപ്പിച്ചാലും നിർത്താകെ കരയുക, കയ്യിന്റെ മുഷ്ടി മുറുകെ പിടിക്കുക, കാലുകൾ പരസ്പരം തിരുമ്മുക, കരഞ്ഞു മുഖത്ത് ചുവന്ന നിറം വരുക, എന്നിവരയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.  പ്രത്യേകിച്ചും വൈകുന്നേര സമയങ്ങളിലാണ് ഇതുണ്ടാവുക. colic ന്റെ കാരണം സുനിശ്ചിതമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല.  എന്നാൽ ഇതു സംബന്ധമായി ധാരാളം നിഗമനങ്ങളും അഭിപ്രായങ്ങളും ഉണ്ട് എന്നതിനു പുറമെ ധാരാളം ഗവേഷണങ്ങളും പുറത്ത് വന്നിട്ടുണ്ട്.

എല്ലാ colic ഉം വയറിലെ ഗ്യാസ് കൊണ്ടല്ലങ്കിലും ഗ്യാസിനുള്ള മരുന്ന് പല സന്ദർഭങ്ങളിലും പ്രയോജന പ്രദമായി കാണാം.  കുട്ടികൾ നിർത്താതെ കരയുന്പോൾ ഗണ്യമായ അളവിൽ വായു വിഴുങ്ങുന്നത് വയറിൽ വായു നിറയുന്നതിന് കാരണമായേക്കാം.

Infantile colic എന്ന അവസ്ഥക്ക് migraine (ചെന്നിക്കുത്ത്) എന്ന പേരിലുള്ള തലവേദനയുമായുള്ള ബന്ധം അടുത്തകാലത്തായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഗവേഷണ പഠനങ്ങളുണ്ട്.

മുറുകിയ വസ്ത്രങ്ങളുടെ ഇലാസ്റ്റിക്കുകൾ, ശോധന കുറവ്, ഏന്പക്കം വരാതിരിക്കുന്ന അവസ്ഥ, മനുഷ്യേതരമായ പാലുകൊടുക്കുന്ന കുട്ടികൾക്കുണ്ടാവുന്ന അലർജി, പാൽ ധഹിപ്പിക്കാനാവാത്ത അവസ്ഥ, (Lactose Intolerance), മറ്റു സർജറി വേണ്ടതായ അത്യാസന്ന രോഗങ്ങൾ എന്നിവയിലെല്ലാം വയറുവേദന കണ്ടേക്കാം.

‘അമ്മേ… ഹാവു ദാ ഇവ്ടെ…!’

ചെവിവേദനയുള്ള കുഞ്ഞുങ്ങൾ കരയുന്പോൾ കുഞ്ഞ് കൈകൊണ്ട് ചെവി തട്ടുക, ചെവിക്കുന്നി പിടിച്ച് വലിക്കുക എന്നിവ ചെയ്തേക്കാം. ജലദോഷം, അലർജി, esophageal reflux തുടങ്ങിയ അവസ്ഥകളിലെല്ലാം ചെവിയിൽ പഴുപ്പ് വരാൻ സാധ്യതയുണ്ട്.  അപൂർവ്വമായി പ്രാണികൾ, പുഴുക്കൾ എന്നിവ ചെവിയിൽ കയറിയാലും കുഞ്ഞുങ്ങൾ കരയാം. 7 ദിവസം പ്രായമായ കുഞ്ഞിന്രെ ചെവിയിൽ നിന്ന് ഒരു ചെള്ളിനെ നീക്കം ചെയ്യാൻ അവസരമുണ്ടായത് എന്നും ഒരു നടുക്കുന്ന ഓർമ്മയാണ്.

‘അമ്മേ… അപ്പീ…’
മലമൂത്ര വിസർജനത്തിന് മുന്പും മലമൂത്ര വിസർജനത്തിനം നടക്കുന്ന സമയത്തും അതിന് ശേഷവും (നനവ് കാരണം) കുഞ്ഞുങ്ങൾ കരയാം.  കുഞ്ഞുങ്ങളുടെ പ്രകൃതമനുസരിച്ച് എന്ത് ആവശ്യവും ഉണർത്തുകയോ എല്ലാം ക്ഷമിച്ച് കഴിഞ്ഞ് കൂടുകയോ ചെയ്യാം.

‘മമ്മീ വാവാവു’
ക്ഷീണിച്ച കുഞ്ഞുങ്ങൾ എളുപ്പത്തിൽ ഉറങ്ങും പക്ഷെ വളരെയധികം ക്ഷീണിച്ച കുഞ്ഞുങ്ങൾ സംഭ്രമിക്കുകയും നിർത്താതെ കരയുകയും ചെയ്യും.  കുഞ്ഞ് കോട്ടുവാ ഇടാനും ഉറങ്ങാനു തുടങ്ങുന്ന അവസരത്തിൽ തന്നെ കുട്ടിയെ ഉറക്കാൻ ശ്രമിക്കണം.

ചില കുഞ്ഞുങ്ങൾ പുറം കാഴ്ചകളിലും ചുറ്റുപാടിലെ സംഭവങ്ങളുലും വളരെയധികം താത്പര്യം കാണിക്കും.  ഇത് ക്ഷീണമുണ്ടെങ്കിലും ഉറങ്ങാതിരിക്കാൻ കാരണമാകും.  ശേഷം വളരെ വേഗം മോഹഭംഗം വരുകയും നിർത്താതെ കരയാൻ ഇടയാക്കുകയും ചെയ്യുന്നു.  ഉറക്ക വന്നുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ കൂടുതൽ ശാന്തമായതും വെളുച്ചം കുറഞ്ഞതുമായ സ്ഥലങ്ങളിലേക്ക് മാറ്റി ഉറങ്ങാനുള്ള അവസരം ഉണ്ടാക്കേണ്ടതാണ്.

‘…യ്യോ ബോറഡിച്ചു മരിക്കാറായേ…’
അമ്മമാരുടെ ശബ്ദം മണം എന്നിവപോലും തിരിച്ചറിയാൻ കുഞ്ഞുങ്ങൾക്ക് കഴിയും.  കുഞ്ഞിനെ ആരും എടുക്കാതിരിക്കുക, കുഞ്ഞിനോട് ആരും സംസാരിക്കാതിരിക്കുക, പുറം കാണാതിരിക്കുക, ഒരേ കിടപ്പിൽ അനേകസമയം കിടക്കേണ്ടി വരിക എന്നീ അവസ്ഥകളിലെല്ലാം കുഞ്ഞുങ്ങൾക്ക് മടുപ്പ് വരാനും ന്യായമായ രീതിരയിലുള്ള പരിചരണം കിട്ടാതെ വരുന്പോൾ മോഹഭംഗത്തിനും കരയുന്നതിനും കാരണമാകും.

‘…ഒന്ന് പോയേ എല്ലാരും… നിക്ക് മതിയായി’
കുറെ ആളുകൾ മാറിമാറി കയ്യിലെടുത്തും കളിപ്പിച്ചും ചിരിപ്പിച്ചും അനേകമസയം കഴിഞ്ഞതിന് ശേഷം ഒരു ഇടവേള കുഞ്ഞിന് ആവശ്യമുണ്ട്.  ലഭ്യമായ വിവരങ്ങൾ ഒന്ന് process ചെയ്യാൻ അല്പം സാവകാശം ആവശ്യമുണ്ട്.  അതിനുപുറമെ അല്പം ക്ഷീണവും ഈ അവസ്ഥയിൽ അമിത ലാളനയും കളിപ്പിക്കലും കുട്ടിക്ക് വെറുപ്പുണ്ടാക്കുകയും കരയാൻ തുടങ്ങുകയും ചെയ്യും.

‘കുഞ്ഞുവാവയെ മറന്ന് കഴിക്കല്ലേ’
ഈ കുറിപ്പ് ഇതുവരെ എഴുതിയ സമയത്താണ് 57 ദിവസം പ്രായമുള്ള ഒരു കുഞ്ഞ് എന്റെ കൺസൾട്ടിംഗ് റൂമിൽ വന്നത്.  ഇപ്പോൾ വന്നത് കുഞ്ഞ് തലേദിവസം രാത്രി മുഴിവനായി കരഞത് കൊണ്ടാണ്.  ശോധനക്കുറവാണ് ഇപ്പോഴത്തെ പ്രശനം എന്ന് മനസ്സിലായി.  ഇവിടെ മറന്നുപോയൊരു സംഗതി മാതാവ് ഓർമ്മിപ്പിച്ചു.  ഒരാഴ്ച്ചമുന്പ് കുഞ്ഞ് ഇത്പോലെ കരഞ്ഞിരുന്നു എന്നും അന്നേദിവസം മാതാവ് ബീഫ് കഴിച്ചിരുന്നു എന്നതുമായിരുന്നു ആ കാരണം.  അമ്മമാർ കഴിക്കുന്ന ഭക്ഷണത്തിന്റ പല ഘടകങ്ങളും മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കും.  അവിൽ പല ഘടകങ്ങളോടും കുഞ്ഞുങ്ങൾക്ക് അലർജിയുണ്ടാകാം.

പഴുവിൻ പാൽ, സോയാബീൻ, ഗോതന്പ്, ചോളം, മുട്ട, കടല തുടങ്ങിയവ അമ്മ കഴിക്കുന്പോൾ കുഞ്ഞുങ്ങൾക്ക് അലർജിയുണ്ടാകുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.  പക്ഷെ ഇത് വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്നതാണ്.  വയറുവേദന, ചർദ്ദി, വയറിളക്കം, മലത്തിൽ രക്തം, മൂക്കൊലിപ്പ്, മൂക്കടപ്പ്, ചുമ, ശ്വാസം മുട്ടൽ, തൊലി പുറമെ ചൊറഞ്ഞു തടിക്കൽ എന്നിവയെല്ലാം അലർജിയുടെ ലക്ഷണങ്ങളാണ്.  കുഞ്ഞിന്റെ അലർജിയുടെ ഗാഢതയനുസരിച്ചും കഴിക്കുന്ന ഭക്ഷണത്തിന്രെ അളവനുസരിച്ചും രോഗലക്ഷണങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും.

വളരം അപൂർവ്വമായി മാത്രം കാണുന്ന അവസ്ഥയായതിനാലും എല്ലാ കുഞ്ഞുങ്ങൾക്കും ഏതെങ്കിലും പ്രത്യേക ഭക്ഷണത്തോട് അല്പം അലർജി ഉണ്ടാകുമെന്നതിനാലും അമ്മമാർ ഒഴിവാക്കേണ്ട ഭക്ഷണം തരം തിരിച്ച് പറയുക എളുപ്പമല്ല.  ഓരോരുത്തരുടെയും അനുഭവത്തിൽ നിന്നും ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിച്ചപ്പോൾ കുഞ്ഞിന് സാധാരണത്തേതിൽ ഭിന്നമായി ഏതെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ തുടർ നിരീക്ഷണങ്ങൾ നടത്തുകയും ഭക്ഷണത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യേണ്ടതാണ്.

‘ഞം. ഞം. ഞം…’
ആറ് മാസമായാൽ കുഞ്ഞുങ്ങൾക്ക് പല്ല് മുളച്ചുതുടങ്ങും.  പല്ലുകൾ മുളക്കുന്ന സമയത്ത് കുഞ്ഞ് കുഞ്ഞ് കൂടുതൽ അസ്വസ്ഥത പ്രകടിപ്പിക്കും.  വായിൽ നിന്നും അമിതമായി വെള്ളം ഒലിക്കുക, മോണവീങ്ങുക, ചവച്ചുകൊണ്ടിരിക്കുക, പാൽ കുടിക്കാൻ മടി കാണിക്കുക, ഉറങ്ങുന്നതിന് പ്രയാസം, വയറിളക്കം എന്നിവയും കണ്ടുവരുന്നു.

‘ദോത്തർ മാമനെ കാണണം’
രോഗ ലക്ഷണങ്ങൾ പ്രത്യക്ഷമായി കാണുന്പോഴും സമാശ്വസ ശ്രമങ്ങൾ പരാജയപ്പെട്ട് കുഞ്ഞ് നിർത്താതെ കരയുന്പോഴും വിദഗ്ധ ഉപദേശം സ്വീകരിക്കുകയാണ് കരണീയം.

കാരണം കൂടാതെ കുഞ്ഞ് കരയന്പോൾ നമുക്ക് എന്തെല്ലാം ചെയ്യാം.

  • മുലപ്പാൽ കുടിപ്പിച്ചു നോക്കണം
  • കുട്ടിയെ എടുക്കാം, ചേർത്തു പിടിക്കാം
  • പാട്ടു പാടുകയോ സംഗീതം കേൾപ്പിക്കുകയോ ചെയ്യാം
  • ബഹളങ്ങൾ കേൾക്കാത്ത വിധം ഫാൻ പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം
  • ശുദ്ധവായു ഉള്ളേടത്തേക്ക് മാറ്റാം
  • ചെറിയ ചുടുവെള്ളത്തിൽ കുളിപ്പിക്കാം
  • കുഞ്ഞിനെ തൊട്ടിലിൽ ആട്ടാം
  • കുട്ടിയെ തടവുകയോ ഉഴിയുകയോ ചെയ്യാം
  • കിടത്തത്തിന്റെ സ്ഥാനം മാറ്റാം
  • തുണികൾകൊണ്ട് പൊതിയാം
  • കുഞ്ഞിന്റെ കൈ വായിൽ വെച്ച് കൊടുക്കുക
  • കുഞ്ഞിനെ തോളിൽ കിടത്തി പുറം തടവുക
  • ലഘുവായ ചൂടുളള വെള്ളം കുപ്പിയിലൊഴിച്ച് തുണികൊണ്ട് പൊതിഞ്ഞ് കുഞ്ഞിന്റെ വയറ്റത്ത് തടവുക
  • അനുഭവസ്ഥരുടെ സഹായം തേടുക
  • മാതാവ് അല്പം വിശ്രമിക്കുക
  • വൈദ്യസഹായം തേടുക