സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ജേതാക്കള്‍ക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ ആദരം

കല്‍പകഞ്ചേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന ‘ഏകത 2018’ സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ ആദരം. കടുങ്ങാത്തുകുണ്ട് എം.എ. മൂപ്പന്‍ സ്‌കൂള്‍ ഫോര്‍ സ്‌പെഷല്‍ നീഡ്‌സിലെ 15 വിദ്യാര്‍ത്ഥികളാണ് മികച്ച നേട്ടം കൈവരിച്ചത്. അഞ്ച് ഒന്നാം സ്ഥാനവും 9 രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവുമാണ് സ്‌കൂളിന്റെ നേട്ടം. ജനുവരി 11 മുതല്‍ 14 വരെ നടന്ന ഭിന്നശേഷി കായികമേളയില്‍ പതിനയ്യായിരത്തിലധികം പേരാണ് പങ്കെടുത്തത്.

പ്രതിഭകളെ അനുമോദിച്ച് കൊണ്ട് കടുങ്ങാത്തുകുണ്ടില്‍ റാലി നടത്തി. ഡോ. ഓ. ജമാല്‍ മുഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിക്ക് സയ്യിദ് ഹസ്സന്‍ തങ്ങള്‍, ഇബ്രാഹിം കുട്ടി, പ്രാധാനധ്യാപിക എം. ജ്യോതി, പി. സബിത. പി. റാഹിയ, പി. റാഹില എന്നിവര്‍ നേതൃത്വം നല്‍കി, ട്രോമാ കെയര്‍ കല്‍പകഞ്ചേരി യൂണിറ്റിന്റെ ഉപഹാരം കല്‍പകഞ്ചേരി എ.എസ്.ഐ. ഷണ്‍മുഖന്‍ വിതരണം ചെയ്തു.

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. കുഞ്ഞാപ്പു സമ്മാനദാനം നിര്‍വഹിച്ചു. ഡോ. ഓ. ജമാല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി. മുജീബ്, സി.പി. രാധാകൃഷ്ണന്‍, എ.പി. ഫൈസല്‍. കെ. ശമീം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.ടി.എ. പ്രസിഡന്റ് എ.കെ.എ. മജീദ് സ്വാഗതവും എന്‍. കെ. ആഷിക് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.